|    Dec 18 Mon, 2017 10:19 pm
FLASH NEWS

ജനറല്‍ ആശുപത്രിയിലെ വിവാദ നിയമനം; ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു

Published : 1st November 2016 | Posted By: SMR

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ യോഗ്യതയില്ലാത്ത ഉദ്യോഗാര്‍ഥിയെ ലാബ് ടെക്‌നീഷ്യനായി നിയമിച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ഊര്‍ജിതമാക്കി. വിജിലന്‍സ് സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ ജനറല്‍ ആശുപത്രിയില്‍ എത്തി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും റിക്കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞമാസം 29നാണ് ആശുപത്രിയിലേക്ക് രണ്ട് ലാബ് ടെക്‌നീഷ്യന്‍മാരെ നിയമിക്കാന്‍ ഇന്റര്‍വ്യൂ നടത്തിയത്. ആറ് പേരാണ് ഇന്റര്‍വ്യൂവിന് എത്തിയത്. പയ്യന്നൂരില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ ബന്ധുവായ യുവാവിനും കോഴിക്കോട് സ്വദേശിയുമായ മറ്റൊരാള്‍ക്കുമാണ് നിയമനം നല്‍കിയത്. നേരത്തെ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന യുവാവിനെ ഒഴിവാക്കിയിരുന്നു.സംഭവം തേജസ് റിപോര്‍ട്ട് ചെയ്തതോടെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തി ലേ സെക്രട്ടറിയെ ഘരാവോ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കലക്്ടര്‍ ഇടപെട്ട് നിയമനം റദ്ദാക്കി. വിഎച്ച്എസ്ഇ പഠിച്ച പയ്യന്നൂര്‍ സ്വദേശിയായ യുവാവിനാണ് നിയമനം നല്‍കിയിരുന്നത്. മതിയായ യോഗ്യതയില്ലാതെ നിയമനം നല്‍കിയത് വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാളെ  പിരിച്ചുവിട്ടിരുന്നു. ഇന്റര്‍വ്യൂവിന് നേതൃത്വം നല്‍കിയ ജനറല്‍ ആശുപത്രി സൂപ്രണ്ട്, ആര്‍എംഒ, ക്ലര്‍ക്ക് എന്നിവരെയാണ് ഇന്നലെ ചോദ്യം ചെയ്തത്. എന്‍ജിഒ യൂനിയന്‍ യൂനിറ്റ് സെക്രട്ടറിയാണ് യുവാവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചിരുന്നത്. വിവാദ നിയമനത്തില്‍ പ്രഥമദൃഷ്ട്യാ അഴിമതി നടന്നതായി കണ്ടെത്തിയതായി സിഐ സുനില്‍കുമാര്‍ പറഞ്ഞു. ഇവര്‍ക്ക് മൂന്നുപേര്‍ക്കെതിരേയും വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും സിഐ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss