|    Jan 23 Mon, 2017 3:50 am
FLASH NEWS

ജനറല്‍ ആശുപത്രിക്കും ‘ചികില്‍സ’ വേണം: വൈദ്യുതിയും വെള്ളവുമില്ലാതെ ജീവനക്കാരും രോഗികളും ദുരിതത്തില്‍

Published : 31st May 2016 | Posted By: SMR

കാസര്‍കോട്: ജില്ലയിലെ പ്രധാന ആതുരാലയമായ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ദുരിതം. പലപ്പോഴും വൈദ്യുതിയും വെള്ളവുമില്ലാതെ ജീവനക്കാരും രോഗികളും ദുരിതമനുഭവിക്കുന്നു. ദാഹിച്ചാല്‍ കുടിക്കണമെങ്കില്‍ ഉപ്പുവെള്ളമാണ് ലഭിക്കുന്നത്. മാലിന്യങ്ങള്‍ ആശുപത്രി പരിസരത്ത് കൂട്ടിയിട്ടിരിക്കുകയാണ്.
മഴ പെയ്യുന്നതോടെ കൊതുകളുടെ ശല്യം വര്‍ധിക്കാനും ഡെങ്കിപ്പനി പോലെയുള്ള പകര്‍ച്ചവ്യാധികള്‍ പടരാനും സാധ്യതയേറെയാണ്. തുടര്‍ച്ചയായ വൈദ്യുതി മുടക്കം ശസ്ത്രക്രിയ മുടങ്ങുന്നതിന് കാരണമാവുന്നു. നവജാത ശിശുക്കളടക്കമുള്ളവര്‍ക്ക് ഇത് ദുരിതം വിതയ്ക്കുന്നു. ജനറേറ്റര്‍ മിക്കപ്പോഴും പണിമുടക്കിലാണ്.
എക്‌സ്‌റേ യൂനിറ്റ് അടച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. പുതിയ മെഷിന്‍ എത്തിയിരുന്നുവെങ്കിലും സ്ഥാപിക്കാനുള്ള തുടര്‍ നടപടിയായില്ല. ഇതുമൂലം മെഷിന്‍ തുരുമ്പെടുത്ത് നശിക്കുന്നുണ്ട്. ഇവിടെ എത്തുന്ന രോഗികള്‍ ഇപ്പോഴും സ്വകാര്യ എക്‌സറേ യൂനിറ്റുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അത്യാവശ്യ മരുന്നുകള്‍ പോലും ആശുപത്രിയില്‍ ലഭിക്കുന്നില്ല.
ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ഇപ്പോഴും താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമേ ഇവിടെയുള്ളു. ജനറല്‍ വിഭാഗത്തില്‍ നഴ്‌സ്മാരുടെ കുറവ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
ഇപ്പോഴുള്ള നഴ്‌സുമാര്‍ അധിക ജോലി ചെയ്താണ് ആശുപത്രിയിലെ പ്രവര്‍ത്തനത്തെ മുടക്കമില്ലാതെ നടത്തികൊണ്ടു പോകുന്നത്. ഫിസിയോ തെറാപ്പിയില്‍ ഡോക്ടറുടെ ഒഴിവ് വന്നിട്ട് ഒരു വര്‍ഷമായി. ഇതും നികത്തിയിട്ടില്ല. ആശുപത്രിയിലെ ശുചീകരണ പ്രവര്‍ത്തനം ജീവനക്കാരില്ലാത്തത് താളം തെറ്റുന്നു. ശസ്ത്രക്രിയ മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ആശുപത്രി മാലിന്യങ്ങള്‍ ഐഎംഎയുടെ നേതൃത്വത്തിലാണ് നീക്കിയിരുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി ഇത് നിലച്ചതോടെ ആശുപത്രി പരിസരത്ത് പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി. മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. മോര്‍ച്ചറി റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ആശുപത്രിയില്‍ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് സ്ട്രച്ചറില്‍ കൊണ്ടു പോകു ന്നതിനിടയില്‍ പലപ്പോഴും താഴെ വീണ സംഭവം ഉണ്ടായിരുന്നു.
ഫ്രീസര്‍ തകരാറാലാവുന്നത് കാരണം മൃതദേഹങ്ങള്‍ അഴുകാറുണ്ട്. റാംപ് സൗകര്യം ഇല്ലാത്ത സംസ്ഥാനത്തെ ഏക ജനറല്‍ ആശുപത്രിയാണ് ഇത്. ലിഫ്റ്റ് പണിമുടക്കിയാല്‍ രോഗികളെ ചുമന്നാണ് ശസ്ത്രക്രിയ വിഭാഗങ്ങളില്‍ എത്തിക്കുന്നത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായുള്ള ആശുപത്രി വികസന സമിതി യോഗം ചേരാറില്ല. ആശുപത്രി സൂപ്രണ്ട് സ്ഥലം മാറി പോയെങ്കിലും പകരക്കാരനെ നിയമിച്ചിട്ടില്ല.
എആര്‍ടി സെന്ററും അടച്ചുപൂട്ടുന്നു
കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ എആര്‍ടി സെന്റര്‍ അടച്ചുപൂട്ടുന്നു. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്ററാണ് അടച്ചുപൂട്ടുന്നത്. ആയിരത്തോളം രോഗികള്‍ ഇവിടെ ചികില്‍സ തേടി എത്തുന്നുണ്ട്.
എന്നാല്‍, സെന്ററിലെ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങിയിരിക്കുകയാണ്. ഇവിടുത്തെ ഡോ. സി എച്ച് ജനാര്‍ദ്ദന നായകിനെ ഒഴിവാക്കിയിട്ടുണ്ട്. ഡെപ്യൂട്ടേഷന്‍ നിയമനം നേടിയ ഡോക്ടറെ ഒരുമാസം മുമ്പാണ് നീക്കിയത്. പകരം നിയമനവും നല്‍കിയിട്ടില്ല. സംസ്ഥാനത്ത് 600ഓളം ജീവനക്കാര്‍ ഐസിടിസി സെന്ററുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 44 എണ്ണം പൂട്ടാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
എച്ച്‌ഐവി ജ്യോതിഷ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതോടെ ഈ വിഭാഗത്തില്‍ ചികില്‍സ തേടുന്ന രോഗികള്‍ ദുരിതത്തിലാകും. ഫണ്ടിന്റെ അഭാവമാണ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതെന്നാണ് ഔദ്യോഗിക അറിയിപ്പ്. കേന്ദ്രസര്‍ക്കാറിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇതരസംസ്ഥാനങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. 500 രോഗികള്‍ഉണ്ടെങ്കില്‍ രണ്ട് മെഡിക്കല്‍ ഓഫിസര്‍ വേണമെന്നാണ് ചട്ടം.
എന്നാല്‍, കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഈ സെന്ററില്‍ ആയിരത്തിലധികം രോഗികള്‍ ചികില്‍സ തേടി എത്തുന്നുണ്ട്. ഇവര്‍ക്ക് ഒരു ഡോക്ടര്‍മാത്രമാണുണ്ടായിരുന്നത്. ഡോക്ടറെ ഒഴിവാക്കിയതോടെ രോഗികള്‍ ദുരിതത്തിലായി. ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞു. തിരുവനന്തപുരത്തെ എആര്‍ടി ആസ്ഥാനത്തുള്ള ചിലരുടെ നീക്കങ്ങളാണ് ശമ്പളം മുടങ്ങാനും എആര്‍ടി സെന്ററുകള്‍ അടച്ചൂപൂട്ടാനും കാരണമാകുന്നതെന്ന് ജീവനക്കാര്‍ പരാതിപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക