|    Nov 19 Mon, 2018 8:19 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ജനമുന്നേറ്റത്തില്‍ കാവിക്കോട്ടകള്‍ തകരുന്നു

Published : 9th November 2018 | Posted By: kasim kzm

മധ്യമാര്‍ഗം – പരമു

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപി മുക്ത ഇന്ത്യക്കായി ജനവികാരം ഉണരുന്നു. കാവിക്കോട്ടകള്‍ ഓരോന്നായി തകരുന്ന കാഴ്ചകളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ചൂടേറിയ വര്‍ത്തമാനങ്ങള്‍. ഒരു സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഉപതിരഞ്ഞെടുപ്പുകള്‍ വളരെ നിര്‍ണായകമാണ്. ഉപതിരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങള്‍ ഭരണത്തെ കാര്യമായി ബാധിക്കാറില്ലെങ്കിലും ജനവികാരത്തിന്റെ തെളിവായി അതു ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് അടുക്കുന്ന അവസരങ്ങളില്‍ ഓരോ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കും വമ്പിച്ച രാഷ്ട്രീയപ്രാധാന്യം ഉണ്ടാവുന്നത്. സമീപകാലത്തുണ്ടായ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഭരണത്തുടര്‍ച്ചയ്ക്കു വേണ്ടിയുള്ള ബിജെപിയുടെ ആഗ്രഹങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ ജനകീയ പ്രശ്‌നങ്ങള്‍ക്കു നേരെ മുഖംതിരിഞ്ഞു നില്‍ക്കുകയും വമ്പന്‍ മുതലാളിമാര്‍ക്ക് വാരിക്കോരി കൊടുക്കുകയും ചെയ്യുന്ന യാഥാര്‍ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്നുവേണം മനസ്സിലാക്കാന്‍.
രാജ്യത്ത് ബിജെപിയുടെ ഉരുക്കുകോട്ടയായിരുന്നു ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ലോക്‌സഭാ മണ്ഡലം. എതിരാളികള്‍ക്കു കടക്കാന്‍പറ്റാത്ത കോട്ട. സംഘപരിവാര വേഷക്കാരെ മാത്രം വിജയിപ്പിച്ച ചരിത്രം ഉണ്ടായിരുന്ന അവിടെ ഉപതിരഞ്ഞെടുപ്പില്‍ വമ്പന്‍ അട്ടിമറി നടന്നു. ലക്ഷക്കണക്കിനു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി അവിടെ തകര്‍ന്നടിഞ്ഞു. യുപിയില്‍ രൂപംകൊണ്ട കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി സഖ്യം ഭരണക്കാര്‍ക്ക് പേടിസ്വപ്‌നവുമായി. വിജയം നേടിയ സഖ്യമാതൃക തുടര്‍ന്നങ്ങോട്ടുള്ള തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷത്തിനു ശക്തിപകര്‍ന്നു. ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസ് പരമാവധി വിട്ടുവീഴ്ചകള്‍ ഇക്കാര്യത്തില്‍ കാണിക്കുന്നത് പ്രതിപക്ഷ മുന്നേറ്റത്തിന് ആക്കം വര്‍ധിപ്പിച്ചു. ഏറ്റവുമൊടുവില്‍ കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പുകളിലാണ് ബിജെപിക്ക് കനത്ത പ്രഹരം ഏല്‍ക്കേണ്ടിവന്നത്. കര്‍ണാടകയില്‍ മൂന്നു ലോക്‌സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ നാലിടത്തും കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം വിജയക്കൊടി നാട്ടിയത് ബിജെപിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. കനത്ത തോല്‍വിയേക്കാള്‍ അവരെ സങ്കടത്തിലാക്കിയത് ഭൂരിപക്ഷമാണ്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രധാന ശക്തികേന്ദ്രം എന്നറിയപ്പെടുന്ന മണ്ഡലമാണ് കര്‍ണാടകയിലെ ബെല്ലാരി.
കോടീശ്വരന്‍മാരും നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതികളുമായ റെഡ്ഡി സഹോദരന്‍മാരുടെ സിരാകേന്ദ്രം. കഴിഞ്ഞ കുറേക്കാലമായി ബെല്ലാരിയില്‍ ബിജെപി പറഞ്ഞാലേ ഒരു ഇല അനങ്ങുകയുള്ളു. ദലിത് സംവരണ മണ്ഡലമായ ഇവിടെ റെഡ്ഡി സഹോദരന്‍മാര്‍ എന്തും പണംകൊടുത്ത് കൈക്കലാക്കും. സാധാരണ ജനങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തും. കേന്ദ്രഭരണത്തിന്റെ സ്വാധീനത്താല്‍ ബെല്ലാരി കാവിപുതച്ചു കിടന്നു. ഒരിക്കലും പ്രതീക്ഷിക്കാത്തവിധം 2.43 ലക്ഷം വോട്ടിനാണ് ബിജെപി ഇവിടെ തകര്‍ന്നത്.
ഇതൊരു വ്യക്തമായ സൂചനയാണു നല്‍കുന്നത്. മോദി സര്‍ക്കാരിന്റെയും അവരുടെ പാര്‍ട്ടിയുടെയും ജനപിന്തുണ കുത്തനെ താഴ്ന്നുവരുന്നു എന്നതാണത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഉപതിരഞ്ഞെടുപ്പു നടന്ന ഒമ്പത് സിറ്റിങ് സീറ്റുകളാണ് ബിജെപിക്കു നഷ്ടപ്പെട്ടത്. അധികാരത്തില്‍ കയറുമ്പോള്‍ പാര്‍ട്ടിയുടെ അംഗബലം 282 സീറ്റായിരുന്നു. അതിപ്പോള്‍ 273 ആയി ചുരുങ്ങി. ജനങ്ങള്‍ക്ക് ഭരണത്തോടുള്ള സമീപനമാണ് ഇതു കാണിക്കുന്നത്. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങള്‍ അനുസരിച്ചുള്ള പ്രാദേശിക പാര്‍ട്ടികളുടെ സഖ്യങ്ങള്‍ക്കു പ്രതിപക്ഷ കക്ഷികള്‍ രൂപംകൊടുക്കുമ്പോള്‍ ബിജെപിയുടെ സ്വപ്‌നം പൊലിയും. ദക്ഷിണേന്ത്യയില്‍ അവരുടെ നില അത്യന്തം പരുങ്ങലിലാണ്. കര്‍ണാടകയില്‍ 28ല്‍ 17 സീറ്റും കഴിഞ്ഞ തവണ ബിജെപി കരസ്ഥമാക്കിയിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റില്‍ കൂടുതല്‍ കിട്ടാനുള്ള സാധ്യത കാണുന്നില്ല. കേരളത്തില്‍ ഇത്തവണയും പൂജ്യം തന്നെ. തമിഴ്‌നാട്ടില്‍ കന്യാകുമാരി മണ്ഡലത്തില്‍ നേരിയ പ്രതീക്ഷ വച്ചുപുലര്‍ത്താന്‍ കഴിയും. മറ്റൊരു മണ്ഡലത്തിലും അവിടെ ബിജെപിയുടെ പൊടിപോലും ഉണ്ടാവില്ല.
ആന്ധ്രയിലും തെലങ്കാനയിലും സീറ്റുകള്‍ കരസ്ഥമാക്കാന്‍ കഴിയില്ല. ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയായ ടിഡിപി ബന്ധം വിച്ഛേദിച്ചത് ആന്ധ്രയില്‍ ബിജെപിക്ക് വലിയ ക്ഷീണമായി. ദക്ഷിണേന്ത്യയില്‍ ചുളുവില്‍ സീറ്റുകള്‍ കരസ്ഥമാക്കാനുള്ള വഴികളൊക്കെ അടഞ്ഞു.
ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള പ്രതീക്ഷകളും അസ്ഥാനത്താവുന്ന മട്ടാണ്. തിരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയുടെ പരാജയമാണ് എല്ലാ സര്‍വേകളും വിളിച്ചോതുന്നത്. രണ്ടു സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരം അലയടിച്ചുയരുകയാണ്. ഛത്തീസ്ഗഡിലും ബിജെപിക്ക് വിജയപ്രതീക്ഷയില്ല. തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലും കനത്ത പരാജയം ഏറ്റുവാങ്ങിയാല്‍ ബിജെപിയുടെ കഥ കഴിഞ്ഞു.
വരാനിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒരു സെമിഫൈനല്‍ മല്‍സരമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ തിരഞ്ഞെടുപ്പുകളെ വിലയിരുത്തുന്നത്. അഴിമതിയും വിലക്കയറ്റവും ധൂര്‍ത്തും പിടിപ്പുകേടും വര്‍ഗീയതയുമാണ് കേന്ദ്രഭരണത്തിന്റെ മുഖമുദ്ര എന്ന തരത്തിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്. ഭരണഘടനാസ്ഥാപനങ്ങളെ വരുതിയില്‍ നിര്‍ത്താനുള്ള അവരുടെ വഴിവിട്ട ശ്രമങ്ങള്‍ പാളുകയാണ്. പതുക്കെയാണെങ്കിലും ദേശവ്യാപകമായി മോദി-ബിജെപി വിരുദ്ധ തരംഗമാണ് അലയടിക്കുന്നത്. കേന്ദ്രഭരണത്തിനെതിരേ നാനാഭാഗങ്ങളിലും ജനകീയ മുന്നേറ്റം ശക്തിപ്പെടുകയാണ്. നാട്ടിലെ സകലതും നഷ്ടപ്പെട്ട കൃഷിക്കാരാണ് ഈ മുന്നേറ്റത്തിനു മുമ്പില്‍ നിലകൊള്ളുന്നത്. ജീവിതാനുഭവങ്ങളാണ് അവരുടെ മുതല്‍ക്കൂട്ട്.
ജനകീയ മുന്നേറ്റത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നു തിരിച്ചറിഞ്ഞ ബിജെപി നേതൃത്വം വര്‍ഗീയത ആളിക്കത്തിച്ച് വോട്ടുവേട്ടയ്ക്ക് ഒരുമ്പെടുകയാണ്. അതിന്റെ തുടക്കമാണ് രാമക്ഷേത്രത്തിനായുള്ള പുതിയ ഒച്ചപ്പാടുകള്‍. ി

ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss