|    Apr 25 Wed, 2018 2:30 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ജനമഹാസമ്മേളനത്തെ കാണാതെ പോയവര്‍

Published : 26th October 2016 | Posted By: SMR

വാര്‍ത്തയെഴുത്തിലെ ശീലങ്ങള്‍- 2

ഹാരിസ്

ഒക്‌ടോബര്‍ 1ന് കോഴിക്കോട് കടപ്പുറത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ജനമഹാസമ്മേളനം നഗരത്തെ കൈയിലെടുത്തു. സാധാരണഗതിയില്‍ അവഗണിക്കാറുള്ള പത്രങ്ങള്‍ പലതും സമ്മേളനത്തെക്കുറിച്ച് നല്ല വാര്‍ത്ത നല്‍കി. സ്വാതന്ത്ര്യസമരകാലം മുതലേ ആഢ്യത്വം സ്വയം എടുത്തണിയുന്ന, ദേശീയ മതേതര പാരമ്പര്യത്തെക്കുറിച്ച് ഊറ്റംകൊള്ളാറുള്ള മാതൃഭൂമിക്കാരന്‍ എത്ര സമ്മേളനം കണ്ടിരിക്കുന്നു, 1967ലെ ഭാരതീയ ജനസംഘം സമ്മേളനം മുതല്‍ 2016ലെ ബിജെപി ദേശീയ സമ്മേളനം വരെ. അതിനിടയ്ക്ക് ഇതെന്ത് മഹാസമ്മേളനം. രണ്ടു ലക്ഷം പ്രഖ്യാപിച്ച് അതിന്റെ പത്തിലൊന്നുപോലും ആളില്ലാതിരുന്ന ഹിന്ദു മഹാസംഗമത്തിന് ഒന്നാംപുറവും അതിലപ്പുറവും കനിഞ്ഞുനല്‍കിയ മാതൃഭൂമിയുടെ കണ്ണില്‍ പോപുലര്‍ ഫ്രണ്ട് റാലിയും സമ്മേളനവും പെട്ടില്ല. 20,000ഓളം വനിതകള്‍ ഉള്‍പ്പെടെ ഒരുലക്ഷത്തിലേറെപേര്‍ അണിനിരന്ന റാലിക്കും മഹാസമ്മേളനത്തിനുമായി ഒരു കോളം 10 സെന്റിമീറ്ററില്‍ കൂടാത്ത സ്ഥലമാണ് കോഴിക്കോടന്‍ മുത്തശ്ശി കനിഞ്ഞുനല്‍കിയത്.
അതല്ല തമാശ. പ്രകടനം മൂലം വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതായി അതേദിവസം മൂന്നു കോളം വാര്‍ത്ത മാതൃഭൂമി പൊലിപ്പിച്ചു. മഹാന്മാര്‍ ഒരേപോലെ ചിന്തിക്കുന്നുവെന്നല്ലേ. ദേശാഭിമാനി, വീക്ഷണം, ചന്ദ്രിക തുടങ്ങിയ പത്രങ്ങളിലെല്ലാം ഇതേ വാര്‍ത്ത. കുറ്റംപറയരുതല്ലോ, സമുദായജിഹ്വ ഒരടികൂടി മുന്നോട്ടുചാടി, എട്ട് ആംബുലന്‍സുകള്‍ ആശുപത്രിയിലെത്താനാവാതെ കുടുങ്ങി എന്ന് കൂടി മേമ്പൊടി ചേര്‍ത്തു. റാലിക്കിടയില്‍ ഓടിയെത്തുന്ന ആംബുലന്‍സിന് കാഡറ്റുമാര്‍ ഉള്‍പ്പെടെ മാറിനിന്ന് വഴിയൊരുക്കുന്ന വീഡിയോദൃശ്യങ്ങളുമായി സോഷ്യല്‍ മീഡിയ ഈ ദുരാരോപണം പൊളിച്ചടുക്കി.
തീര്‍ന്നില്ല, നഗരത്തെ നന്നാക്കിയേ അടങ്ങൂ എന്ന് പ്രതിജ്ഞയെടുത്ത ഒരു മഹാസാഹിത്യകാരന്‍ അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയതിന്റെ ദുരിതം അരപ്പേജില്‍ ലേഖനമായി മാതൃഭൂമി (ഒക്ടോ. 6) നഗരം പേജില്‍ നല്‍കി. ആ വിരേചനത്തിന്റെ മാഹാത്മ്യം വീണ്ടും 17ന് അരപ്പേജില്‍ കത്തുകളായി വിളമ്പി. ഒരു മാസമായി നടക്കുന്ന കാംപയിനിന്റെ സംസ്ഥാനതല സമാപന സമ്മേളനം സംബന്ധിച്ച് ആഴ്ചകള്‍ക്കു മുമ്പു തന്നെ പ്രചാരണം ആരംഭിച്ചതാണ്. അതുമായി ബന്ധപ്പെട്ട പ്രകടനം നടക്കുന്ന മണിക്കൂറിനുള്ളില്‍ തന്നെ അമ്മയ്ക്ക് അടുത്ത ദിവസത്തേക്കുള്ള (അന്നത്തേക്കല്ല) മരുന്ന് വാങ്ങാന്‍ പുറപ്പെട്ട സാംസ്‌കാരികനായകനെ സമ്മതിക്കണം. പോപുലര്‍ ഫ്രണ്ടിനെക്കുറിച്ച് കക്ഷി കേട്ടിട്ടുപോലുമില്ലത്രെ. പാവം, പിന്നെ ജനമഹാസമ്മേളനത്തിന്റെ പ്രചാരണത്തെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലല്ലോ. കണ്ണടച്ചാല്‍ ഇരുട്ടാവുമെന്ന് കരുതുന്നവരില്‍ വെറും വിവരം കെട്ടവര്‍ മാത്രമല്ല, സാംസ്‌കാരിക ചിന്തകരും പെടുമെന്നര്‍ഥം. എന്നാലും ഒരു സംശയം മാത്രം ബാക്കി. ഒരു കോളം 10 സെ.മീറ്റര്‍ തികയാത്ത വാര്‍ത്തയില്‍ ഒതുക്കാന്‍ മാത്രം ചെറിയ ഒരു സംഘത്തിന്റെ ഇത്ര ചെറിയൊരു പരിപാടിക്ക് ഇത്ര വലിയ ഗതാഗതക്കുരുക്ക്. സമ്മേളനം കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും പെയ്തുതോരാതെ ഒരു പേജോളം വരുന്ന ആസ്വാദനവും!
ഈ ചൊറിച്ചില്‍ പുതിയതല്ല. 10 കൊല്ലം മുമ്പ് ഒരു പ്രകടനത്തിന്റെ പിറകെ ആക്ഷേപവും അഭിപ്രായവുമായി വന്നപ്പോള്‍ അന്നത്തെ എന്‍ഡിഎഫ് ചെയര്‍മാന്‍ എ സഈദ് കൊടുത്ത മറുപടിയുണ്ട്. പ്രകടനം ഇന്ത്യയില്‍ എല്ലാ സംഘടനകളും സ്വീകരിക്കുന്ന ജനാധിപത്യരീതികളിലൊന്നാണ്. അതു വേണ്ടെന്നോ രീതികള്‍ മാറണമെന്നോ പൊതുവെ സംഘടനകള്‍ തീരുമാനമെടുത്ത് മുന്നോട്ടുവന്നാല്‍ തങ്ങളും ഒട്ടും മടിച്ചുനില്‍ക്കില്ലെന്ന്. അന്നത്തെ മാതൃഭൂമിയിലുണ്ട്, മറിച്ചുനോക്കിയാല്‍ കാണാം.
ഇന്നലെകള്‍ മാതൃഭൂമി മറക്കാതിരുന്നാല്‍ നല്ലത്. പഴയ അബൂ ജാഹിലിന്റെ മഹ്ശറ സമ്മേളനവാര്‍ത്ത മറക്കരുത്. പ്രവാചകതിരുമേനിയെ അധിക്ഷേപിക്കുന്ന അപഹാസ്യമായ പോസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ പത്രത്തിനെതിരേ തിളച്ചുപൊങ്ങിയ ജനരോഷം പരിധിവിടാതെ വ്യവസ്ഥാപിതമായി നിയന്ത്രിച്ചതില്‍ വലിയ പങ്ക് ഈ സംഘത്തിന്റെ നേതൃത്വത്തിനായിരുന്നുവെന്നു മറക്കരുത്. അന്ന് സംസ്ഥാന പ്രസിഡന്റിന്റെ ബൈറ്റിന് വേണ്ടി ഓടിനടന്നതും പേര് മാറി പ്രസിദ്ധീകരിച്ച് വിവരക്കേട് വീണ്ടും തെളിയിച്ചതും മറക്കാറായിട്ടില്ല. പത്രം മാതൃഭൂമിയാണെങ്കില്‍ അതിനൊപ്പം ഇന്ന് പ്രചരിപ്പിക്കുന്ന സംസ്‌കാരം നല്‍കുന്ന സൂചന തന്നെ വ്യക്തമാണ്, ഡെസ്‌ക്കില്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തീണ്ടാപ്പാടകലെ നിര്‍ത്തി, അറബി തിരിയുന്ന ഒരു ഇന്‍സിനും ഇരിപ്പിടം നല്‍കാതെ, കൂടുതല്‍ അബദ്ധങ്ങളിലേക്കാണ് പോക്ക്. അബദ്ധപഞ്ചാംഗങ്ങള്‍ ഇന്ന് സാധാരണക്കാരനുമറിയുന്ന കാലമാണ്. ഇനിയും മുങ്ങിത്താഴുമ്പോള്‍ കൈയും നീട്ടി വന്നേക്കണം. ഇവിടെയൊക്കെ തന്നെ കാണും.

(അവസാനിച്ചു.)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss