|    Jan 20 Fri, 2017 1:03 am
FLASH NEWS

ജനമനസ്സുകളിലെ പാണ്ഡിത്യ ശോഭയ്ക്കു യാത്രാമൊഴി;  ഇനി അക്ഷരമുറ്റത്ത് അന്ത്യവിശ്രമം

Published : 19th February 2016 | Posted By: SMR

മുജീബ് പുള്ളിച്ചോല

മലപ്പുറം: സുന്നീ ജനമനസ്സുകളിലെ സൂര്യ തേജസ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ക്ക് യാത്രമൊഴി. പതിനായരിക്കണക്കിനു വരുന്ന ജനക്കൂട്ടങ്ങളുടെ തഹ്‌ലീല്‍ മന്ത്രണങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഇരുപത്തിരണ്ടു വര്‍ഷക്കാലം അധ്യാപനം നടത്തിയ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ മണ്ണില്‍ ഇനി അന്ത്യവിശ്രമം.
പതിനായിരങ്ങളാണ് പ്രിയ നേതാവിനെ ഒരുനോക്കു കാണാന്‍ ചെമ്മാട് ദാറുല്‍ ഹുദാ കാംപസിലേക്ക് ഒഴുകിയത്. എന്നാല്‍, പകുതിയലധികം വരുന്നവരും സൈനുല്‍ ഉലമയെ ഒരുനോക്ക് കാണാന്‍ കഴിയാതെ ഘട്ടംഘട്ടമായി നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു മടങ്ങി. വിപുലമായ സൗകര്യങ്ങള്‍ കാംപസില്‍ ഒരുക്കിയിരുന്നെങ്കിലും എല്ലാ കണക്കുകൂട്ടലുകളും പിഴച്ചുള്ള ഒഴുക്കായിരുന്നു ചെമ്മാട്ടേക്ക്.
ഇന്നലെ രാവിലെ 8.45ഓടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വീട്ടുകാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമായിരുന്നു ഇവിടെ അന്ത്യനോക്കുകാണാന്‍ അവസരം ഒരുക്കിയത്. ബന്ധുക്കളും നേതാക്കളും കണ്ടതിന്‌ശേഷം 10.30ഓടെ ചെറുശ്ശേരി ഖത്തീബും ഖാസിയുമായി ജോലി ചെയ്ത കൊണ്ടോട്ടി ഖാസിയാരകം ജുമുഅത്ത് പള്ളിയിലെത്തിച്ചു. ജനപ്രവാഹം ഇവിടെയും ഒരുനോക്ക് കാണാന്‍ തടിച്ചുകൂടി. വന്‍ജനാവലി കാരണം തവണകളായി ഇവിടെ മയ്യിത്ത് നമസ്‌കാരം നടന്നു. ജനം ഇങ്ങോട്ട് ഒഴുകിയെത്തിയതോടെ കൂടുതല്‍ സൗകര്യം പരിഗണിച്ച് മൃതദേഹം ഒരുമണിയോടെ അദ്ദേഹം പ്രോ വൈസ് ചാന്‍സിലറായി സേവനം ചെയ്യുന്ന ചെമ്മാട് ദാറുല്‍ഹുദയിലേക്ക് എത്തിക്കുകയായിരുന്നു.
ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച പൊതുദര്‍ശനം വൈകുന്നേരം വരെ നീണ്ടു. നാലരയോടെ ഖബറടക്കത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുമ്പോഴും നിരവധി പേരാണ് വരിയില്‍ ഉണ്ടായിരുന്നത്. രാവിലെതന്നെ ചെറുശ്ശേരിയുടെ മയ്യിത്ത് കാണാന്‍ ചെമ്മാട് ദാറുല്‍ഹുദാ കാംപസിലേക്ക് ഒഴുക്കായിരുന്നു. ഇവിടങ്ങളിലേക്കുള്ള എല്ലാവഴികളും ഉച്ചയോടെ തന്നെ ജനപ്രവാഹത്താല്‍ വീര്‍പ്പുമുട്ടി. വിശ്വാസികളുടെ നിലയ്ക്കാതെ തുടരുന്ന പ്രവാഹം കണക്കിലെടുത്ത് കൂടുതല്‍ നേരം പൊതുദര്‍ശനത്തിനു വയ്ക്കാതെ ഖബറടക്കുകയായിരുന്നു.
തന്റെ കര്‍മമണ്ഡലമായ ദാറുല്‍ ഹുദാ അങ്കണത്തില്‍ തന്നെ ഖബറടക്കണമെന്ന മോഹം മരണശയ്യയില്‍ കിടക്കേ മക്കളോട് ചെറുശ്ശേരി ഉണര്‍ത്തിയിരുന്നു. ചെറുശ്ശേരിയുടെ ഈ ആഗ്രഹത്തിന്റെ പുറത്താണു ഖബറക്കം ദാറുല്‍ ഹുദാ അങ്കണത്തിലേക്ക് മാറ്റിയത്. കാംപസിലെ വിശാലമായ മുറ്റത്താണ് തവണകളായി മയ്യിത്ത് നമസ്‌കാരം നടന്നത്. എന്നാല്‍, ജനക്കൂട്ടത്തിനു മുറ്റത്തേക്ക് പ്രവേശിക്കാന്‍ കഴിയാതെ വന്നതോടെ റോഡില്‍ വച്ചും നമസ്‌കാരത്തില്‍ പങ്കുചേര്‍ന്നു.
വിവിധ മത, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ പ്രതിനിധികളും ജനാസ സന്ദര്‍ശനത്തിനും മയ്യിത്ത് നമസ്‌കാരത്തിനുമായി ദാറുല്‍ഹുദയിലെത്തി.
പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, കോട്ടുമല ടി എം ബാപ്പുമുസ്‌ല്യാര്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം എ യൂസുഫലി, എം ഐ ഷാനവാസ് എം പി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ വീരാന്‍ കുട്ടി. ഡോ. എന്‍ എ എം അബ്ദുല്‍ അസീസ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, പി കുഞ്ഞാണി മുസ്‌ല്യാര്‍, എം സി മായിന്‍ ഹാജി, പി കെ കെ ബാവ, എ പി അബ്ദു ല്‍ വഹാബ്, പി കുഞ്ഞാണി മുസ്‌ല്യാര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, നജീബ് മൗലവി, അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍, സി പി ഉമര്‍ സുല്ലമി, ഡോ. ഇ കെ അഹമ്മദ് കുട്ടി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, അഹ്മദ് അബ്ദുല്ല ഹുറൂബ് അജ്മാന്‍, ശൈഖ് മഹ്മൂദ് റാസല്‍ ഖൈമ, സി പി സൈതലവി, കെ എം സൈതലവി ഹാജി, പി കെ ഫിറോസ്, തോടൂ ര്‍ കുഞ്ഞിമുഹമ്മദ്, മുസ്തഫ മുണ്ടുപാറ, നവാസ് പൂനൂര്‍, പി കെ ഫിറോസ്, ടി പി അഷ്‌റഫ് അലി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 77 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക