|    Aug 18 Sat, 2018 11:49 am
Home   >  Editpage  >  Article  >  

ജനപ്രിയതയുടെ മറവില്‍ നടക്കുന്നത്

Published : 2nd March 2018 | Posted By: kasim kzm

പ്രഫ. കെ അരവിന്ദാക്ഷന്‍
2019ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഇന്ത്യന്‍ ജനതയുടെ 60 ശതമാനത്തോളം ദരിദ്ര ഗ്രാമീണ-നഗര ജനവിഭാഗങ്ങള്‍ക്കായി ബൃഹത്തായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഇത്തവണ ബജറ്റില്‍ രൂപം നല്‍കിയിരിക്കുന്നു. ഇതിലൂടെ 10 കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഓരോ കുടുംബത്തിലും അഞ്ച് അംഗങ്ങള്‍ എന്ന കണക്കനുസരിച്ച് മൊത്തം 50 കോടി ആളുകള്‍ക്ക് ആശ്വാസം ലഭിക്കുമത്രേ! കേള്‍ക്കാന്‍ ഇമ്പമുള്ളൊരു നിര്‍ദേശം തന്നെ. 2017-18ലെ ബജറ്റില്‍ ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വീതം ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കാനുദ്ദേശിച്ചുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന്റെ ആനുകൂല്യം എത്ര വ്യക്തികള്‍ക്കു കിട്ടിയെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുമില്ല.
പുതിയ പദ്ധതി സംബന്ധമായ വിചിത്രമായ മറ്റൊരു കാര്യം, ലോകത്ത് ഇതുവരെ നടപ്പാക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ വലുപ്പവും സമഗ്രതയുമുള്ളൊരു പദ്ധതിയാണ് ‘2018-19ലെ നാഷനല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സ്‌കീം’ എന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവകാശപ്പെടുമ്പോഴും ഇതിന്റെ നടത്തിപ്പിന് ആവശ്യമായ ബജറ്റ് വിഹിതം ബജറ്റ് രേഖയില്‍ കാണാന്‍ കഴിഞ്ഞില്ലെന്നതാണ്. ഈ വസ്തുത ചൂണ്ടിക്കാണിച്ചത് സെന്റര്‍ ഫോര്‍ ബജറ്റ് ആന്റ് ഗവേണന്‍സ് അക്കൗണ്ടബിലിറ്റി എന്ന സ്ഥാപനമാണ്. അതേയവസരത്തില്‍ തന്നെ ആരോഗ്യമേഖലയ്ക്കായുള്ള മൊത്തം വിഹിതത്തില്‍ ധനകാര്യവര്‍ഷം 2017-18നും 2018-19നും ഇടയ്ക്ക് 47,352 കോടിയില്‍ നിന്ന് 52,800 കോടി രൂപയിലേക്ക് 12 ശതമാനം വര്‍ധന വരുത്തിയിട്ടുമുണ്ട്. മാത്രമല്ല, ആര്‍എസ്ബിവൈ പദ്ധതി വിഹിതം ഇതേ കാലയളവില്‍ 470 കോടിയില്‍ നിന്ന് 2,050 കോടി രൂപയിലേക്ക് ഉയര്‍ത്തിയിരിക്കുന്നതായും കാണുന്നു.
കാര്‍ഷികമേഖലാ വികസനം, വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍, ആരോഗ്യ സുരക്ഷ തുടങ്ങിയവയ്ക്കു ബജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കിക്കാണുന്നുണ്ടെങ്കിലും ആന്തരഘടന മേഖലാ വികസനത്തോട് ചായ്‌വു പ്രകടമാക്കുന്നതില്‍, പ്രത്യേകിച്ച് ഭാരതമാലാ പദ്ധതിയുടെ കാര്യത്തില്‍ അവ്യക്തതകള്‍ പ്രകടമായി തോന്നുന്നു. ആരോഗ്യ സുരക്ഷ, വിദ്യാഭ്യാസ സൗകര്യ വര്‍ധന എന്നിവയുടെ നടത്തിപ്പിന് ആവശ്യമായ പണത്തിന് ഒരു ശതമാനം സെസ്സ് മാത്രമാണ് ആശ്രയിക്കേണ്ടിവരുക എന്നൊരു അനിശ്ചിതത്വവും ആശങ്കയും അവശേഷിക്കുന്നുമുണ്ട്.
കോര്‍പറേറ്റ് നിക്ഷേപ മേഖലയുടെ കാഴ്ചപ്പാടനുസരിച്ച്, ബജറ്റ് പ്രതീക്ഷിച്ച നിലയില്‍ തന്നെയാണെങ്കിലും ദീര്‍ഘകാല കാപിറ്റല്‍ ഗെയിന്‍സ് നികുതിയില്‍ ഏര്‍പ്പെടുത്തിയ നേരിയ മാറ്റങ്ങള്‍ പോലും ഓഹരിവിപണികളെ അസ്വസ്ഥമാക്കിയിരിക്കുന്നു. പ്രതിവര്‍ഷം ഒരു ലക്ഷത്തിലേറെ വരുന്ന കാപിറ്റല്‍ ഗെയിന്‍സിനു മാത്രമേ നികുതിബാധ്യത വരുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്. അമേരിക്കയിലെ വാള്‍സ്ട്രീറ്റിലുണ്ടായ ചലനങ്ങളും ഇന്ത്യന്‍ ഓഹരിവിപണികളെ മാത്രമല്ല, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കിനെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു.
വ്യക്തിഗത വരുമാന നികുതിനിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും മെഡിക്കല്‍ സൗജന്യങ്ങള്‍, യാത്രാ സൗകര്യങ്ങള്‍ തുടങ്ങിയവ നിര്‍ത്തലാക്കിയതിനു പകരം 40,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഇളവുകള്‍ എല്ലാ നികുതിദായകര്‍ക്കും ബാധകമാക്കിയിരിക്കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 50,000 രൂപ വരെയുമായിരിക്കും. വിദ്യാഭ്യാസ, ആരോഗ്യ സെസ്സ് നിലവിലുള്ള 3ല്‍ നിന്ന് 4 ശതമാനമാക്കി ഉയര്‍ത്തിയതോടെ പുതിയ ഇളവിന്റെ നേട്ടം ഭാഗികമായെങ്കിലും നഷ്ടമാവും. ഒരു ശതമാനം സെസ്സ് വര്‍ധനയിലൂടെ എത്രമാത്രം ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.
ഒരു വര്‍ഷത്തിനകം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കപ്പെട്ടൊരു ബജറ്റ് എന്ന നിലയില്‍ മുകളില്‍ സൂചിപ്പിച്ച നിര്‍ദേശങ്ങളും പ്രഖ്യാപനങ്ങളും പ്രതീക്ഷയ്ക്കനുസരിച്ചുള്ളവ തന്നെയാണ് എന്നതില്‍ തര്‍ക്കമില്ല. ഒരേസമയം ‘പോപുലിസ്റ്റ്’ എന്ന മൂടുപടമണിയുകയും കോര്‍പറേറ്റ് അനുകൂലമെന്ന പ്രതിച്ഛായ നിലനിര്‍ത്തുകയും ചെയ്യുന്നതിന്റെ ഫലമായി ഉണ്ടായിരിക്കുന്ന മോദി സര്‍ക്കാരിന്റെ ഈ വ്യഗ്രത നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. അതേയവസരത്തില്‍ തന്നെ ഇന്ത്യക്കകത്തും പുറത്തും ഒരുപോലെ വിവാദമുയര്‍ത്തിയ ഡിമോണിറ്റൈസേഷന്‍ നടപടിയും ജിഎസ്ടി പരിഷ്‌കാരവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കും ഇന്ത്യന്‍ ജനതയ്ക്കും വലിയ അനുഗ്രഹമായിരുന്നുവെന്ന് സ്ഥാപിച്ചെടുക്കുന്നതിന് ജെയ്റ്റ്‌ലി നടത്തിയ ശ്രമങ്ങള്‍ ബജറ്റ് നിര്‍ദേശങ്ങളില്‍ പ്രതിഫലിച്ചുകാണുന്നില്ലെന്നതാണ് വസ്തുത. കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിനാണ് നോട്ട് അസാധുവാക്കല്‍ നടപടിയെന്ന അവകാശവാദം ആരും അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ല. ബിജെപിയുടെ ഔദ്യോഗിക വക്താക്കള്‍ക്കുപോലും പലപ്പോഴും മാധ്യമ ചര്‍ച്ചകളില്‍ നിന്നു നിരവധി ഘട്ടങ്ങളില്‍ കൃത്യമായ പ്രതികരണം നടത്താനാവാതെ പിന്‍വാങ്ങേണ്ടിവന്നതായി കാണുന്നു.
നോട്ട് നിരോധനം ഏര്‍പ്പെടുത്തി ഒരു വര്‍ഷവും മൂന്നു മാസവും പിന്നിട്ടതിനുശേഷവും ഇതാണു സ്ഥിതിയെങ്കില്‍ ഏതുതരം വിപ്ലവമാണ് ‘മോദിജി’ ഇന്ത്യന്‍ ജനതയ്ക്ക് അനുഭവവേദ്യമാക്കിത്തീര്‍ത്തതെന്ന് ആര്‍ക്കും വ്യക്തമല്ല. ഡിജിറ്റൈസേഷനിലൂടെ മറ്റൊരു വിപ്ലവം കൂടി ഇന്ത്യയില്‍ നടപ്പാക്കുമെന്ന് വിദേശരാജ്യങ്ങളിലെ ജനതയെപ്പോലും തെറ്റിദ്ധരിപ്പിക്കാന്‍ പ്രധാനമന്ത്രി മോദി തന്നെ പരിശ്രമിക്കുന്നത് കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്ന ഏതൊരു സാധാരണ ഇന്ത്യക്കാരനും മൂക്കത്ത് വിരല്‍ വച്ചു നിന്നുപോകും. ഏതായാലും ഡിമോണിറ്റൈസേഷനായാലും ജിഎസ്ടി ആയാലും അതിലൂടെ ഉണ്ടായ ഗുണഫലങ്ങള്‍ പ്രതീക്ഷിച്ചതിന്റെയും അവകാശപ്പെട്ടതിന്റെയും നാലയലത്തുപോലും എത്തിയിട്ടില്ല എന്ന വസ്തുത സാമാന്യബുദ്ധിയുള്ളവര്‍ക്കറിയാം.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വരുംനാളുകളില്‍ നേരിടുമെന്ന് ഉറപ്പുള്ള പ്രധാന പ്രശ്‌നം, ഗുരുതരമായി മാറാനിടയുള്ള ധനക്കമ്മി തന്നെയാണ്. പുതുക്കിയ റവന്യൂ ചെലവിനത്തില്‍ ബജറ്റില്‍ വകയിരുത്തിയ ലക്ഷ്യം താളംതെറ്റിയിരിക്കുന്നു. എസ്റ്റിമേറ്റ് തുകയേക്കാള്‍ ഒരു ലക്ഷം കോടി അധികമാണിത്. ജിഎസ്ടി പരിഷ്‌കാരം വഴി നികുതിവരുമാനം വര്‍ധിച്ചിട്ടും ഡിസ് ഇന്‍വെസ്റ്റ്‌മെന്റ് ലക്ഷ്യം പ്രതീക്ഷിച്ചതിലും 35,000 കോടി രൂപയോളം അധികമായിരുന്നിട്ടും ഇതാണ് അനുഭവമെങ്കില്‍ വരുന്ന വര്‍ഷവും ഇതില്‍ മാറ്റമുണ്ടാവാനിടയില്ല. മൂലധനച്ചെലവാണെങ്കില്‍ കഴിഞ്ഞവര്‍ഷ ബജറ്റിലുള്ളതിലും കുറവാണ് പുതിയതില്‍ കാണുന്നത്. ഈ രണ്ടു പ്രവണതകളും സമ്പദ്‌വ്യവസ്ഥയുടെ തളര്‍ച്ചയുടെ ലക്ഷണങ്ങളായി കരുതേണ്ടിവരും.
കാര്‍ഷിക മേഖലയ്ക്കു നല്‍കപ്പെട്ടിരിക്കുന്ന ഊന്നല്‍ അത്ര ഗൗരവമുള്ളതായി കരുതേണ്ട കാര്യമില്ല. കൃഷിയില്‍ നിന്നുള്ള വരുമാനം ഇരട്ടിയാക്കാന്‍ കഴിയുമെന്ന അവകാശവാദത്തില്‍ കഴമ്പില്ല. മിനിമം താങ്ങുവില നിലവിലുള്ളതിന്റെ ഒന്നര ഇരട്ടി അധികമാക്കി നിജപ്പെടുത്തിയതു കൊണ്ട് മാത്രം കര്‍ഷകസമൂഹം ദുരന്തത്തില്‍ നിന്നു രക്ഷപ്പെടുമെന്ന് കരുതാന്‍ നിര്‍വാഹമില്ല. അത്രയേറെ ദുരിതമാണ് ഡിമോണിറ്റൈസേഷനും ജിഎസ്ടി പരിഷ്‌കാരവും കാര്‍ഷിക ഗ്രാമീണമേഖലയില്‍ വരുത്തിവച്ചിരിക്കുന്നത്. ഗ്രാമീണ വിപണിയുടെ ഒരു ശൃംഖല തന്നെ ഉണ്ടാക്കിയെടുക്കുമെന്ന് ജെയ്റ്റ്‌ലി തന്റെ ‘ക്ലസ്റ്റര്‍’ ആശയത്തിലൂടെ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും വിലനിര്‍ണയം, സ്റ്റോറേജ്, ഭക്ഷ്യസംസ്‌കരണം, വിപണനം, കയറ്റുമതി തുടങ്ങിയവ കോര്‍ത്തിണക്കിയുള്ള പദ്ധതി പൊതുമേഖലയ്ക്കു നേരിട്ടോ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയോ (പിപിപി) വിജയിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നത് മൗഢ്യമായിരിക്കും.
ജെയ്റ്റ്‌ലിയുടെ പുതിയ ബജറ്റ് തൊഴിലാളി പ്രസ്ഥാനങ്ങളുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ബിഎംഎസ് അടക്കമുള്ള തൊഴിലാളി സംഘടനകള്‍ തൊഴിലാളിവിരുദ്ധ സര്‍ക്കാര്‍ നിലപാടില്‍ പ്രത്യക്ഷസമരത്തിനു തയ്യാറെടുക്കുകയാണ്. അതുപോലെ തന്നെ പൊതുമേഖലാ ഓഹരി വില്‍പനയുടെ ലക്ഷ്യം 72,000 കോടിയില്‍ നിന്ന് 80,000 കോടിയിലേക്ക് ഉയര്‍ത്താനുള്ള ബജറ്റ് നിര്‍ദേശവും കിട്ടാക്കടം തിരികെ പിടിക്കാനുള്ള യാതൊരുവിധ മൂര്‍ത്തമായ നിര്‍ദേശവും ബജറ്റില്‍ ഇടംകണ്ടെത്തിയിട്ടില്ലെന്നതും ട്രേഡ് യൂനിയനുകളുടെ എതിര്‍പ്പിന് മൂര്‍ച്ച കൂട്ടിയിട്ടുണ്ട്. ഇത്തരം നടപടികള്‍ എല്ലാംതന്നെ ചെന്നെത്തുക കോര്‍പറേറ്റ്‌വല്‍ക്കരണത്തിന്റെ ത്വരിതപ്പെടുത്തലിലേക്കും ധനകാര്യ മൂലധനത്തിന്റെ നീരാളിപ്പിടിത്തത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കൊണ്ടെത്തിക്കുന്നതിലേക്കും ആയിരിക്കുമെന്നും സംഘടനകള്‍ ന്യായമായും ആശങ്കപ്പെടുന്നു. അതുപോലെ തന്നെ, നാലു പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ ലയിപ്പിക്കാനുള്ള നിര്‍ദേശത്തെയും ട്രേഡ് യൂനിയനുകള്‍ ഭയാശങ്കകളോടെയാണ് കാണുന്നത്. കാരണം, ഇത് വന്‍തോതില്‍ പിരിച്ചുവിടലിലേക്കായിരിക്കും നയിക്കുകയെന്ന് ബാങ്ക് ലയനപ്രക്രിയയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ കണക്കുകൂട്ടുന്നു.
ചുരുക്കത്തില്‍, എല്ലാ ജനവിഭാഗങ്ങളെയും വോട്ടുബാങ്കുകളാക്കി മാറ്റുന്നതിന്റെ തിടുക്കത്തില്‍, കോര്‍പറേറ്റുകളെ മാത്രം തൃപ്തിപ്പെടുത്തുന്നൊരു ധനകാര്യ രേഖയായി ജെയ്റ്റ്‌ലിയുടെ പുതിയ ബജറ്റ് ചുരുങ്ങിപ്പോയിരിക്കുന്നു.                             ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss