|    Dec 14 Fri, 2018 8:18 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസ്; സര്‍ക്കാര്‍ നടപടിയില്‍ സുപ്രിംകോടതിക്ക് ആശങ്ക

Published : 31st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പാര്‍ലമെന്റ്, അസംബ്ലി അംഗങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന നടപടികളില്‍ സുപ്രിംകോടതിക്ക് അതൃപ്തി. രാജ്യത്തെ വിവിധ കോടതികളിലായി എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള തീരുമാനമാവാതെ കിടക്കുന്ന ക്രിമിനല്‍ കേസുകളുടെ കണക്ക് ആവശ്യപ്പെട്ടിട്ടും നല്‍കാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയിലാണ് പരമോന്നത കോടതി കടുത്ത ആശങ്ക അറിയിച്ചിത്.
ഇതു സംബന്ധിച്ച് കോടതി തുടര്‍ച്ചയായി നിര്‍ദേശം നല്‍കിയിട്ടും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ തങ്ങള്‍ ആഗ്രഹിക്കാത്ത ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളെ നിര്‍ബന്ധിക്കുകയാണ്.
രാജ്യത്തെ ഓരോ അതിവേഗ കോടതികളിലായി, എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള ക്രിമിനല്‍ കേസുകളുടെ കണക്കുകള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ഇതില്‍ കോടതി ആശങ്ക പ്രകടിപ്പിക്കുകയാണെന്നും ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, നവീന്‍ സിന്‍ഹ, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
എംപിമാരും എംഎല്‍എമാരും അടങ്ങുന്ന ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ കൈകാര്യംചെയ്യാനായി 12 അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് ഡിസംബറില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
സര്‍ക്കാരിതര സന്നദ്ധസംഘടനയില്‍ നിന്നു കിട്ടിയ വിവരമനുസരിച്ച് 1,581 പേര്‍ക്കെതിരെയാണ് കേസുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികകളില്‍ നല്‍കിയ വിവരമനുസരിച്ച് വിവിധ രാഷ്ട്രീയക്കാര്‍ക്കെതിരേ 1,581 കേസുകളാണ് നിലവിലുള്ളതെന്ന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആര്‍) കണക്കാണു കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
മരണം, രാജി ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കേസ് 1,571 ആയി കുറഞ്ഞുവെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. ഇതോടെ 2014നു ശേഷം എത്രപേര്‍ക്കെതിരേ കേസെടുത്തു, നിലവില്‍ രാഷ്ട്രീയക്കാര്‍ക്കെതിരായ കേസുകളുടെ തല്‍സ്ഥിതി, എത്രപേരെ ശിക്ഷിച്ചു, വെറുതെവിട്ടു എന്നതടക്കമുള്ള വിശദാംശങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss