|    Jul 19 Thu, 2018 12:12 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജനപ്രതിനിധികളുടെആസ്തിയില്‍ വന്‍ വര്‍ധന; റിപ്പോര്‍ട്ട് ഇന്ന് കൈമാറും

Published : 12th September 2017 | Posted By: fsq

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ലോക്‌സഭ, നിയമസഭാ അംഗങ്ങളുടെ ആസ്തിയില്‍ വരുമാനത്തില്‍ക്കവിഞ്ഞ വര്‍ധന ഉണ്ടായിട്ടുണ്ടെന്നും അതേക്കുറിച്ചുള്ള അന്വേഷണം പുരോഗതിയിലാണെന്നും കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് (സിബിഡിടി) സുപ്രിംകോടതിയില്‍. ഏഴു ലോക്‌സഭാ അംഗങ്ങളുടെയും 98 എംഎല്‍എമാരുടെയും സമ്പത്തില്‍ ക്രമാതീതമായ തോതില്‍ വര്‍ധനയുണ്ടായിരിക്കുന്നുവെന്നാണ് സിബിഡിടി കോടതിയെ അറിയിച്ചത്. ഇവരുടെ സ്വത്ത് അഞ്ചിരട്ടി വരെ വര്‍ധിച്ചതായാണ് റിപോര്‍ട്ട്. ഇതുസംബന്ധിച്ച റിപോര്‍ട്ട് മുദ്രവച്ച കവറില്‍ സിബിഡിടി ഇന്ന് കോടതിക്കു കൈമാറും. വരുമാനത്തില്‍ ക്രമാതീതമായ തോതില്‍ വളര്‍ച്ചയുണ്ടായ എംപിമാരുടെയും എംഎല്‍എമാരുടെയും പേരുവിവരങ്ങളാണ് മുദ്രവച്ച കവറില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിക്കുക. വരുമാനത്തിലധികം സ്വത്തുക്കളുണ്ടെന്ന് കണ്ടെത്തിയ ജനപ്രതിനിധികള്‍ക്കെതിരായ അന്വേഷണം സിബിഡിടി ആരംഭിച്ചിട്ടുണ്ട്. ചില എംപിമാരുടെ വരുമാനത്തില്‍ വന്‍വര്‍ധനയുള്ളതായാണ് കേന്ദ്ര നികുതിമന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്. 20 എംപിമാരുടെയും 42 എംഎല്‍എമാരുടെയും സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ കോടതിയെ അറിയിച്ചു. 2015ല്‍ ലഖ്‌നോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ലോക് പ്രഹരിയുടെ പരാതിയെ തുടര്‍ന്നാണ് സിബിഡിടി ജനപ്രതിനിധികളുടെ വരുമാനം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. തിരഞ്ഞെടുപ്പിനായി നാമനിര്‍ദേശം ചെയ്തതിനുശേഷവും തുടര്‍ന്നും നടത്തിയ അന്വേഷണത്തില്‍ 37 എംപിമാരും 257 എംഎല്‍എമാരും വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുള്ളതായി ലോക് പ്രഹരി സിബിഡിടിക്കു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 37 എംപിമാരില്‍ 11 പേര്‍ രാജ്യസഭാംഗങ്ങളാണ്. എന്നാല്‍, ഇതുസംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നാണ് സിബിഡിടി കോടതിയെ അറിയിച്ചിരിക്കുന്നത്. നേരത്തേ കൈവശമുണ്ടായിരുന്ന സ്ഥാവരജംഗമ വസ്തുക്കളുടെ മതിപ്പുവിലയും തങ്ങളുടെ കച്ചവടത്തിലെ വളര്‍ച്ചയുമാണ് സ്വത്ത് ഇരട്ടിയായി വര്‍ധിക്കാന്‍ കാരണമെന്ന ജനപ്രതിനിധികളുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല. നിയമാനുസൃത മാര്‍ഗങ്ങളിലൂടെയാണോ സ്വത്ത് സമ്പാദിച്ചതെന്നതു സംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്ന് ജസ്റ്റിസുമാരായ ജെ ചെലമേശ്വറും എസ് അബ്ദുല്‍ നസീറും അടങ്ങുന്ന രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയാണെന്ന് ബെഞ്ച് വിമര്‍ശിച്ചു.ബിജെപി ദേശീയ അധ്യക്ഷനും ഗുജറാത്ത് എംഎല്‍എയും ഇപ്പോള്‍ രാജ്യസഭാംഗവുമായ അമിത് ഷായുടെ ആസ്തി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 300 ശതമാനത്തിലധികം വര്‍ധിച്ചതായി അദ്ദേഹം രാജ്യസഭാ തിരഞ്ഞെടുപ്പു സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss