|    Dec 19 Wed, 2018 3:46 am
FLASH NEWS
Home   >  Editpage  >  Editorial  >  

ജനപങ്കാളിത്തത്തോടെ വേണം പുനരധിവാസം

Published : 22nd August 2018 | Posted By: kasim kzm

വെള്ളം ഇറങ്ങിത്തുടങ്ങി. പ്രളയക്കെടുതികള്‍ കുറഞ്ഞുവരുന്നു. എന്നാല്‍, ഇനിയാണ് കൂടുതല്‍ ഉത്തരവാദിത്തം. എല്ലാം പൂജ്യത്തില്‍ നിന്ന് തുടങ്ങേണ്ടതുണ്ട്. പ്രളയവേളയില്‍ തികഞ്ഞ ജാഗ്രതയോടെയും സേവനസന്നദ്ധതയോടെയുമാണ് മലയാളികള്‍ അതിനെ നേരിട്ടതെങ്കില്‍ ഇനി വേണ്ടത് സാമ്പത്തിക സുസ്ഥിതിയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നാടിനകത്തു നിന്നും പുറത്തു നിന്നും സഹായമെത്തുന്നുണ്ട്. അവ ഏകോപിപ്പിക്കുകയും ദുര്‍വിനിയോഗങ്ങളില്ലാതെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുകയും വേണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു ലഭിക്കുന്ന സംഭാവനയുടെ ഒഴുക്ക് ഇതേതോതില്‍, അല്‍പകാലത്തിനുശേഷം ഉണ്ടാവുകയില്ല. ഈ ഓളവും ഒഴുക്കും നിലച്ചതിനുശേഷവും കാര്യങ്ങള്‍ നേരെയാക്കാന്‍ വന്‍തുക ആവശ്യമാണ്. ഒരു കൊല്ലത്തെ പദ്ധതിവിഹിതത്തിന് ആവശ്യമായ തുക തന്നെ വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിനാല്‍ ഓരോ രൂപയും അതിപ്രധാനമാണ്. പാഴ്‌ച്ചെലവും കെടുകാര്യസ്ഥതയും കൂടാതെ കാര്യങ്ങള്‍ മുന്നോട്ടുനീങ്ങുക തന്നെ വേണം. ഇതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു കെല്‍പ്പുണ്ടോ എന്നത് ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണ്. പ്രളയകാലത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ഏറെ കഷ്ടപ്പെട്ടവരാണ് ജനങ്ങള്‍. സര്‍ക്കാരിന്റെ ഏര്‍പ്പാടുകള്‍ വേണ്ടരീതിയില്‍ മുന്നോട്ടുപോവാതിരുന്ന അവസ്ഥയിലും, സാധാരണക്കാരായ ആളുകളും സംഘടനകളും സുരക്ഷാപ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമായ രീതിയില്‍ പൂര്‍ത്തിയാക്കി. മല്‍സ്യത്തൊഴിലാളികള്‍ കൈമെയ് മറന്ന് അധ്വാനിച്ചത് ഒരു ഉദാഹരണമാണ്. അവരുടെ സേവനമില്ലായിരുന്നുവെങ്കില്‍ എന്തായേനെ സ്ഥിതി!അതിനാല്‍ തുടര്‍ന്നുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളിലും ഇതേ ജനപങ്കാളിത്തം ആവശ്യമാണ്. ബഹുജന കൂട്ടായ്മകളുടെ നിതാന്ത ജാഗ്രതയും വേണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തു നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മതിയായ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയാണ് അതിനുള്ള വഴി.ജനപ്രാതിനിധ്യമുള്ള സമിതികള്‍ രൂപീകരിച്ച് അവയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് കാമ്യം. അതില്‍ രാഷ്ട്രീയം കലരുകയും അരുത്. കുടുംബശ്രീ യൂനിറ്റുകള്‍, അയല്‍ക്കൂട്ടങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയൊക്കെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജനകീയ സമിതികള്‍ രൂപീകരിക്കുകയും കുറ്റമറ്റ രീതിയില്‍ നാടിന്റെ പുനര്‍നിര്‍മാണ ജോലികള്‍ മുന്നോട്ടുകൊണ്ടുപോവുകയും വേണം. എങ്കില്‍ മാത്രമേ നാം വിചാരിച്ച രീതിയില്‍ ലക്ഷ്യത്തിലെത്തുകയുള്ളൂ.ചില പാളിച്ചകള്‍ സര്‍ക്കാരിന് ഉണ്ടായിട്ടുണ്ട്. മുന്‍കരുതല്‍ എടുത്തുവെങ്കിലും മുന്‍ഗണനകള്‍ അല്‍പം പിഴച്ചു. ഇടുക്കിയുടെ കാര്യത്തിലുണ്ടായ ജാഗ്രത ശബരിഗിരിയില്‍ കാണിച്ചില്ല. കക്കി, പമ്പാ അണക്കെട്ടുകളില്‍ നിന്നുള്ള വെള്ളപ്പാച്ചില്‍ തടയാന്‍ കഴിയാതെ വന്നതും ചെങ്ങന്നൂരും പന്തളവുമൊക്കെ മുങ്ങിപ്പോയതും അതുമൂലമാണ്. തണ്ണീര്‍മുക്കത്തെ ബണ്ട് പൊളിച്ചുമാറ്റണമെന്ന ആവശ്യം നടപ്പില്‍വന്നിട്ടില്ല. കുട്ടനാട്ടിലെ ജലനിരപ്പുയരാന്‍ അതാണ് കാരണമെന്നു പറയുന്നു. ഇത്തരം ജാഗ്രതക്കുറവുകളൊന്നും ഇനി ഉണ്ടാവാതിരിക്കണമെങ്കില്‍ ജനപങ്കാളിത്തം തീര്‍ച്ചയായും വേണം. അതുതന്നെയായിരിക്കും ഔദ്യോഗിക പ്രവൃത്തികളിലുണ്ടാവേണ്ട ‘സോഷ്യല്‍ ഓഡിറ്റിങ്.’ ഒരു ദുരഭിമാനവും അതിനു തടയിടരുത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss