|    May 22 Tue, 2018 5:50 am

ജനപക്ഷ സിനിമയുടെ സംവിധായകന്‍

Published : 26th July 2016 | Posted By: mi.ptk

13

വിനോദ് എ പി

‘എന്റെ സിനിമ പറയുന്നത് രാഷ്ട്രീയമാണ്. എന്റെ രാഷ്ട്രീയം, അത് ജനപക്ഷ രാഷ്ട്രീയമാണ്’- മനോജ് കാന എന്ന യുവസംവിധായകന്റെ വാക്കുകളാണിത്. കമ്പോള സിനിമയും സമാന്തര സിനിമയും എന്ന വേര്‍തിരിവിനുമപ്പുറം സിനിമയെ ജനകീയമാക്കുകയാണ് ഈ യുവകലാകാരന്റെ ലക്ഷ്യം. അവാര്‍ഡിനു വേണ്ടി സിനിമയുണ്ടാക്കുകയല്ല, ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന സിനിമകളാണ് ഇദ്ദേഹത്തിന്റേത്. സിനിമയുടെ നിര്‍മാതാക്കളും ജനങ്ങള്‍ തന്നെയാണ്. നാടകം കളിച്ചും രശീതി പിരിവ് നടത്തിയും സ്വരുക്കൂട്ടിയ പണം കൊണ്ടാണ് മനോജ് തന്റെ രണ്ടു സിനിമയും നിര്‍മിച്ചത്.
രണ്ടു സിനിമകള്‍ മാത്രമേ സംവിധാനം ചെയ്തുള്ളൂവെങ്കിലും അവ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. 2015ലെ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സിനിമയായ ‘അമീബ’ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ആഴം ചിത്രീകരിക്കുമ്പോള്‍  ആദ്യ സിനിമ ‘ചായില്യം’ സ്ത്രീയുടെ പ്രതിരോധത്തിന്റെ കഥയാണ് പറയുന്നത്. ജനങ്ങളില്‍ നിന്നു പണം സ്വീകരിച്ചു നിര്‍മിച്ച ഈ രണ്ടു സിനിമയും മലയാളത്തിന് പുതിയ സന്ദേശമാണ് നല്‍കുന്നത്. തന്റെ സിനിമകള്‍ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ പുതിയ തിയേറ്റര്‍ സംവിധാനത്തിനു രൂപം നല്‍കുകയാണ് മനോജ്. തിയേറ്റര്‍ ഉടമകള്‍ ചെറിയ സിനിമകളെ അവഗണിക്കുന്ന കാലത്ത് സംവിധായകന്റെ ചുമതല ഭാരിച്ചതാണെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ഓരോ ഗ്രാമത്തിലും നഗരങ്ങളിലും 200 ആളുകള്‍ക്ക് ഇരിക്കാന്‍ പറ്റുന്ന സഞ്ചരിക്കുന്ന തിയേറ്റര്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഈ സംവിധായകന്‍.
സിനിമ ഒന്നോ രണ്ടോ ആഴ്ച പ്രദര്‍ശിപ്പിച്ച ശേഷം അടങ്ങിയിരിക്കുന്ന പ്രകൃതമല്ല മനോജിന്റേത്. സിനിമ ജനങ്ങളില്‍ എത്തിക്കാന്‍ നേരിട്ട് ഇറങ്ങുകയാണ് മനോജും നേര് സാംസ്‌കാരിക വേദിയും. ആദ്യ ചിത്രം ‘ചായില്യം’ 2012ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും നേടി. മികച്ച കഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരവും ഈ സിനിമ കരസ്ഥമാക്കിയിരുന്നു. ദേവകൂത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മിച്ച സിനിമ, സ്ത്രീപ്രതിരോധത്തിന്റെ രാഷ്ട്രീയത്തിന് പുതിയ പോര്‍മുഖം തുറന്നിടുകയാണ്. ആര്‍ത്തവം ഒരു ശക്തിയും കരുതലുമാണെന്ന് വെളിപ്പെടുത്തുകയാണ് സിനിമ.
14

‘അമീബ’ എന്ന രണ്ടാമത്തെ ചിത്രം എന്‍ഡോസള്‍ഫാന്‍ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നു. പ്രശ്‌നത്തെ ആഴത്തില്‍ സമീപിക്കുന്ന സംവിധായകന്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വിഷമം സമൂഹത്തിന്റേതാണെന്നു സ്ഥാപിക്കുകയാണ്. ഇരകളെ പ്രദര്‍ശനവസ്തുവാക്കി പുറംപൂച്ച് നടിക്കുകയല്ല. അവരുടെ ദുഃഖങ്ങള്‍ പ്രേക്ഷകര്‍ക്കു പകര്‍ന്നു നല്‍കുകയാണ്. ചലച്ചിത്രരംഗത്തുള്ള വര്‍ണാശ്രമങ്ങളെ പൊളിച്ചെഴുതാനും മനോജ് ശ്രമം നടത്തിയിട്ടുണ്ട്. സിനിമയില്‍ നായകനും നായികയ്ക്കും സംവിധായകനും നിര്‍മാതാവിനും പ്രത്യേകം ഭക്ഷണം ഒരുക്കുന്ന രീതി മനോജിന്റെ സെറ്റില്‍ കാണാനാവില്ല. എല്ലാവര്‍ക്കും ഒരേ ഭക്ഷണവും ഒരേ പരിഗണനയുമാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളായ ഡിഗ്രി വിദ്യാര്‍ഥി വൈശാഖും പത്താംതരം തുല്യതാ പരീക്ഷ എഴുതിയ സിന്ധുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെങ്കിലും അവര്‍ കഥാപാത്രങ്ങളായാണ് രംഗത്തുവരുന്നത്. ഇന്ദ്രന്‍സ്, അനുമോള്‍, ആത്മയ മേനോന്‍, അനൂപ് ചന്ദ്രന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍.

16

നാടകത്തിലൂടെ സിനിമയിലേക്ക്
നാടകത്തിലൂടെയാണ് മനോജ് സിനിമയിലെത്തുന്നത്. മലയാളത്തില്‍ ആദ്യമായി ഏകപാത്ര നാടകം അവതരിപ്പിച്ച് നിലവിലുള്ള നാടകസങ്കല്‍പങ്ങള്‍ക്കു മാറ്റം വരുത്തിയാണ് തുടക്കം. നൂറുകണക്കിന് വേദികളില്‍ അവതരിപ്പിച്ച ‘ഒന്നാംപ്രതി’യെന്ന ഏകപാത്രനാടകം അരാഷ്ട്രീയവാദിയായ ചെറുപ്പക്കാരന്റെ പരാജയത്തിന്റെ കഥയാണ്. എട്ടോളം അണിയറ പ്രവര്‍ത്തകര്‍ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ നാടകത്തിന്റെ പിന്നണിയിലുണ്ടായിരുന്നു. എല്ലാ അര്‍ഥത്തിലും ഇതൊരു സ്റ്റേജ്‌നാടകം തന്നെയായിരുന്നു. തെരുവ് നാടകത്തിലൂടെയും ജനങ്ങളുമായി സംവദിച്ച് മനോജ് തനിക്കും ഒരു ഇടമുണ്ടെന്ന് തെളിയിക്കുകയായിരുന്നു.
ഇതിനോടകം പതിനഞ്ചോളം നാടകങ്ങള്‍ സംവിധാനം ചെയ്ത മനോജ് താന്‍ നടത്തിയ രണ്ടു നാടകയാത്രയിലൂടെയാണ് സിനിമയ്ക്കുള്ള പണം സ്വരുക്കൂട്ടിയത്. ‘ഗോഡ്‌സെ സംസാരിക്കുന്നു’ വെന്ന പേരില്‍ ഹിന്ദി നാടകം ഇറങ്ങിയപ്പോള്‍ അതിന് ബദലായി ‘ഞങ്ങള്‍, ഇന്ത്യക്കാര്‍ സംസാരിക്കുന്നു’ എന്ന നാടകവുമായി സംസ്ഥാനത്തുടനീളം നാടകയാത്ര നടത്തി, കാവി രാഷ്ട്രീയത്തിനു  മറുപടി നല്‍കി.

‘ഊടക്ക് ബാ…’
വയനാട് മുത്തങ്ങയിലെ ആദിവാസി കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ കുട്ടികള്‍ ഇല്ലാത്തതിനാല്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ കുട്ടികളെ സ്‌കൂളില്‍ എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെ സംവിധാനം ചെയ്ത നാടകമാണ് ‘ഊടക്ക് ബാ…’. അഭിനേതാക്കളില്‍ ഭൂരിഭാഗവും പണിയ വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. ആ നാടകം താഴ് വീഴുമായിരുന്ന ഒരു സ്‌കൂളിനെ രക്ഷിച്ചു.
രണ്ടായിരത്തില്‍ ആദിവാസികള്‍ പട്ടിണി മരണം നേരിട്ടപ്പോള്‍ അത് പ്രമേയമായി അവതരിപ്പിച്ച നാടകവും കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഓരോ പ്രദേശത്തെയും ജനങ്ങളില്‍ നിന്നു പണം സ്വരൂപിച്ചാണ് നാടകം കളിച്ചത്. ആദിവാസി നാടകങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ‘ഉറാട്ടി’യാണ്. ആദിവാസികള്‍ക്കിടയില്‍ ആറ് വര്‍ഷം പ്രവര്‍ത്തിച്ച അനുഭവങ്ങളില്‍ നിന്നായിരുന്നു ഈ നാടകം രൂപപ്പെട്ടത്. 26 ആദിവാസികള്‍ ഈ നാടകത്തില്‍ അഭിനേതാക്കളായി. നാടകത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ആറ് അവാര്‍ഡും ലഭിച്ചു. ആദിവാസികളില്‍ നിന്നുള്ള നടിയായ അനിതയ്ക്കായിരുന്നു മികച്ച നടിക്കുള്ള അവാര്‍ഡ്. രണ്ട് നാടകയാത്രയിലും കൂടെ ആയിരക്കണക്കിന് വേദികളില്‍ ഈ നാടകം             അവതരിപ്പിച്ചു.
15

സിനിമയുടെ സാധ്യതകള്‍
നാടകത്തേക്കാള്‍ ജനങ്ങളുമായി ഇടപെടാന്‍ സിനിമയ്ക്ക് കൂടുതല്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് സിനിമാരംഗത്തേക്കു തിരിയുന്നത്. സിനിമ എന്ന ജനപ്രിയ കലയിലൂടെ മനോജ് രാഷ്ട്രീയം പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. എം എ റഹ്മാന്റെ ‘അരജീവിതങ്ങള്‍ക്ക് ഒരു സ്വര്‍ഗം’, കെ ആര്‍ മനോജിന്റെ ‘എ പെസ്റ്ററിങ് ജേര്‍ണി’ തുടങ്ങിയ ഡോക്യുമെന്ററികള്‍ മനോജിനെ വല്ലാതെ പ്രചോദിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഒരു സിനിമ ചെയ്യാനുള്ള പ്രേരണ അവിടെനിന്നാണ്. അംബികാസുതന്‍ മാങ്ങാടിന്റെ ‘എന്‍മകജെ’യും ഏറെ സ്വാധീനിച്ചിരുന്നു.
മനോജിന്റെ നാടായ കണ്ണൂരിലെ അരവഞ്ചാലില്‍ നിന്നു  നടന്നാല്‍ എത്താവുന്ന ദൂരമേയുള്ളൂ എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്ത ചീമേനിയിലേക്ക്. എങ്കിലും ഈ ദുരന്തത്തിന്റെ തീക്ഷ്ണത മനസ്സിലാക്കിയത് അംബികാസുതന്‍ മാങ്ങാടിന്റെ ‘എന്‍മകജെ’ വായിച്ചപ്പോഴാണെന്നു മനോജ് പറഞ്ഞു. അദ്ദേഹത്തോടൊപ്പം എന്‍മകജെ’യി ല്‍ പോയി പ്രശ്‌നങ്ങള്‍ നേരില്‍ പഠിക്കുകയും ചെയ്തു.
പ്ലാന്റേഷന്‍ കോര്‍പറേഷനിലെ തൊഴിലാളിയായ നാരായണനിലൂടെയാണ് കഥപറയുന്നത്. ഭര്‍ത്താവിനേക്കാള്‍ പ്രായം തോന്നിക്കുന്ന സ്വര്‍ഗയിലെ സ്ത്രീകളുടെ ജീവിതാനുഭവം മനസ്സില്‍ തട്ടി. ഭര്‍ത്താവിനേക്കാള്‍ പത്തും പതിനഞ്ചും വയസ്സ് കുറവാണെങ്കിലും ജീവിത പ്രാരബ്ധം അവരെ ജരാനര ബാധിച്ചവരാക്കുന്നു. ഇത്രയും ശാരീരിക പ്രത്യേകതകള്‍ ഉള്ളതുകൊണ്ടുതന്നെ നാരായണന്റെ ഭാര്യ കാര്‍ത്ത്യായനിയായി അഭിനയിക്കുന്ന നടിക്കുവേണ്ടി ഏറെ അലയേണ്ടിവന്നു. ഗ്രാമത്തിലെ നിഷ്‌കളങ്ക ജീവിതങ്ങള്‍ക്കു സമാനമായി നഗരത്തിലെ ഐടി വികസനവും സിനിമയില്‍ ചിത്രീകരിക്കപ്പെടുന്നുണ്ട്. നശിച്ചുപോവുന്ന ഗ്രാമത്തിന്റെ നന്മയും ചിത്രത്തിലുണ്ട്. ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിന്റെ പട്ടികയില്‍ ഇന്ദ്രന്‍സിന് ഇടം നല്‍കിയതും ഈ സിനിമയായിരുന്നു.
സിനിമകള്‍ മരിക്കുന്നില്ല എന്നു തെളിയിക്കുന്നതാണ് മനോജിനെ പോലുള്ള യുവസംവിധായകരുടെ സാന്നിധ്യം. ജനകീയ കൂട്ടായ്മയില്‍ സിനിമയെ ജനപ്രിയമാക്കാനാവുമെന്ന് ഈ കലാകാരന്‍ വിശ്വസിക്കുന്നു. ‘അമീബ’ എടുത്തതിന്റെ ബാധ്യത ഉള്ളതിനാല്‍ തല്‍ക്കാലം പുതിയ സിനിമ വേണ്ടെന്ന ആലോചനയിലാണ് മനോജും സുഹൃത്തുക്കളും. എങ്കിലും ഈ സിനിമ പ്രദര്‍ശിപ്പിച്ചു കിട്ടുന്ന പണം കൊണ്ട് നല്ല ഒരു സിനിമ എടുക്കാന്‍ മനോജ് ആഗ്രഹിക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss