|    May 30 Tue, 2017 7:17 am
FLASH NEWS

ജനനീ ജന്‍മസുരക്ഷാ പദ്ധതി നിര്‍ത്തലാക്കില്ല

Published : 11th July 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനെത്തുന്ന സ്ത്രീകള്‍ക്കും ജനിക്കുന്ന കുട്ടികള്‍ക്കും സൗജന്യ ചികില്‍സയും ഭക്ഷണവും യാത്രയും ഉറപ്പാക്കുന്ന ജനനീ ജന്‍മസുരക്ഷാ പദ്ധതി നിര്‍ത്തലാക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പദ്ധതിക്ക് ലഭിച്ചിരുന്ന കേന്ദ്രഫണ്ടില്‍ കാലതാമസം വന്നിരുന്നു. എന്നാല്‍, പദ്ധതി നിര്‍ത്താന്‍ സര്‍ക്കാര്‍ യാതൊരു തീരുമാനവുമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പദ്ധതി നിര്‍ത്തുന്നു എന്ന തരത്തില്‍ വന്ന വാര്‍ത്ത ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച പിഴവായിരിക്കാമെന്നും ഫണ്ടിന്റെ കുറവുണ്ടെങ്കില്‍ അക്കാര്യത്തില്‍ ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും കെ കെ ശൈലജ പ്രതികരിച്ചു. ജനനീ ജന്‍മരക്ഷാ പദ്ധതി നിര്‍ത്താലാക്കുന്നുവെന്നും ഇതിന്റെ ഭാഗമായി സൗജന്യഭക്ഷണവും യാത്രയും നിര്‍ത്തലാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങിയെന്നും കഴിഞ്ഞദിവസം വാര്‍ത്ത വന്നിരുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ജനനീ ജന്‍മസുരക്ഷയ്ക്ക് ഇത്തവണ കേന്ദ്രം പണം നല്‍കാത്തതിനാല്‍ ഭക്ഷണവും യാത്രാബത്തയും നിര്‍ത്തലാക്കുന്നുവെന്നായിരുന്നു വാര്‍ത്ത.
ദേശീയ ഗ്രാമീണാരോഗ്യ ദൗത്യത്തിന് കീഴില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ പദ്ധതിയാണ് ജനനീ ജന്‍മ സുരക്ഷ. പദ്ധതി അനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനെത്തുന്നവരുടെയും കുട്ടിയുടെയും ചികില്‍സ പൂര്‍ണമായും സൗജന്യമാണ്. പ്രസവശേഷം വീട്ടിലേക്ക് പോവുമ്പോഴും പ്രസവിച്ച് 30 ദിവസത്തിനകം ചികില്‍സയ്ക്കായി ആശുപത്രികളിലെത്തുമ്പോഴുമെല്ലാം 500 രൂപ യാത്രാനുകൂല്യമായും കുട്ടിക്ക് അസുഖമുണ്ടെങ്കില്‍ ഒരുമാസംവരെ സൗജന്യചികില്‍സയും പദ്ധതിപ്രകാരം ലഭ്യമാക്കും.
മാതൃ – ശിശു മരണനിരക്ക് കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാധാരണ പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ കിടക്കുന്ന മൂന്നുദിവസവും സിസേറിയനാണെങ്കില്‍ ഏഴുദിവസവും ഭക്ഷണം സൗജന്യമായി നല്‍കുമായിരുന്നു. എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാം ഓഫിസര്‍മാര്‍ വഴി ആശുപത്രികള്‍ക്ക് നല്‍കിയിരുന്ന ഫണ്ടില്‍നിന്നാണ് ഈ തുക നല്‍കിയിരുന്നത്. ഈ വര്‍ഷത്തെ ഫണ്ടില്‍ കേന്ദ്രം അതിനുള്ള പണം അനുവദിച്ചിട്ടില്ലെന്ന് എന്‍ആര്‍എച്ച്എം അധികൃതര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, നിലവില്‍ പദ്ധതി നിര്‍ത്തലാക്കില്ലെന്ന് മന്ത്രിയുടെ ഉറപ്പ് സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമാകും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day