|    Apr 25 Tue, 2017 5:50 pm
FLASH NEWS

ജനനീ ജന്മരക്ഷാ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ട്: മന്ത്രി ബാലന്‍

Published : 20th October 2016 | Posted By: SMR

തിരുവനന്തപുരം: പട്ടികവര്‍ഗ വിഭാഗത്തിലെ അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി നടപ്പാക്കുന്ന ജനനീ ജന്മരക്ഷാ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ അറിയിച്ചു. 2013-14, 2014-15 വര്‍ഷങ്ങളില്‍ നടന്ന ക്രമക്കേട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷിച്ചു വരുകയാണ്. ഇതിന്റെ ഭാഗമായി വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തു. തുടര്‍നടപടികള്‍ അന്വേഷണ പുരോഗതിക്കനുസരിച്ച് കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
ഗര്‍ഭാവസ്ഥയുടെ മൂന്നാംമാസം മുതല്‍ തുടര്‍ച്ചയായി 18 മാസം 1000 രൂപ നിരക്കില്‍ അമ്മമാര്‍ക്ക് നല്‍കുന്നതാണ് പദ്ധതി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 4.57 കോടി രൂപയാണ് പദ്ധതിക്ക് കുടിശ്ശികയായി നല്‍കാനുണ്ടായിരുന്നത്. അഞ്ചുകോടി കൈമാറി കുടിശ്ശിക മുഴുവന്‍ തീര്‍ക്കുകയും നിലവില്‍ പദ്ധതി മുടങ്ങാതിരിക്കുകയും ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആദിവാസികളില്‍ പോഷകാഹാരക്കുറവു മൂലമുള്ള ശിശുമരണനിരക്ക് കുറവാണ്. മൂന്നുമാസത്തിനകം നാലു ശിശുക്കളാണ് മരണമടഞ്ഞത്. ഇതില്‍ രണ്ടുപേര്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ മരണപ്പെട്ടവരാണ്. ഇക്കാലയളവില്‍ ആദിവാസികള്‍ക്കിടയില്‍ 560 പ്രസവങ്ങള്‍ നടന്നതില്‍ 2 ശിശുമരമണം മാത്രമാണ് നടന്നത് എന്നതും ആശ്വാസത്തിനു വക നല്‍കുന്നുണ്ട്. ഈ അവസ്ഥ തുടര്‍ന്നു കൊണ്ടുപോവാന്‍ സര്‍ക്കാര്‍ ശ്രമിക്കും. നാലു മാസത്തിനുള്ളില്‍ ആദിവാസികള്‍ക്കുള്ള ചികില്‍സാ സഹായമായി 30.51 കോടി രൂപ അനുവദിച്ചു. ഇതില്‍ 16.89 കോടി രൂപ എസ്‌സി വിഭാഗക്കാര്‍ക്കും എസ്ടി വിഭാഗക്കാര്‍ക്കായി 9.38 ലക്ഷം രൂപയും അനുവദിച്ചു. സ്‌കൂളുകളില്‍ എത്തി ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന സ്‌ക്രീനിങ് കര്‍ശനമാക്കിയിട്ടുണ്ട്. ഇതുവഴി പോഷകാഹാരക്കുറവും മറ്റ് അനുബന്ധ രോഗങ്ങളുമുള്ളവരെ കണ്ടെത്താനാവുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day