|    Oct 19 Thu, 2017 11:07 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജനതാദള്‍(യു)വില്‍ അസ്വസ്ഥത മുതലെടുക്കാന്‍ ജനതാദള്‍ (എസ്) നീക്കം

Published : 15th August 2016 | Posted By: SMR

ടോമി മാത്യു

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ചുവട് പിടിച്ച് ജനതാദള്‍(യു)വില്‍ അസ്വസ്ഥത പുകയുന്നു. പാര്‍ട്ടിയിലെ അസ്വാരസ്യം മുതലെടുക്കാന്‍ ജനതാദള്‍ എസ് നീക്കം ആരംഭിച്ചു.
യുഡിഎഫിന്റെ ഭാഗമായി ജനതാദള്‍(യു) കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകളില്‍ മല്‍സരിച്ചുവെങ്കിലും സിറ്റിങ് സീറ്റുകളിലടക്കം പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു. ഇതില്‍ പലരും വലിയ ഭൂരിപക്ഷത്തിലാണ് തോല്‍വി ഏറ്റുവാങ്ങിയത്. ഒരാളെപ്പോലും വിജയിപ്പിക്കാന്‍ കഴിയാതെ പോയതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യം ആരംഭിച്ചത്. മട്ടന്നൂര്‍, അമ്പലപ്പുഴ, കല്‍പറ്റ, കൂത്തുപുറമ്പ്, നേമം, വടകര, ഏലത്തൂര്‍ എന്നീ സീറ്റുകളിലാണ് ജനതാദള്‍(യു) മല്‍സരിച്ചത്. ഇതില്‍ മുന്‍ മന്ത്രി കെ പി മോഹനന്‍ അടക്കമുള്ള സ്ഥാനാര്‍ഥികള്‍ വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന കമ്മിറ്റികളില്‍ എന്താണ് തോല്‍വിയുടെ യഥാര്‍ഥ കാരണമെന്ന് വിലയിരുത്തപ്പെട്ടിട്ടില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകരുടെ  ആരോപണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം വിഭാഗത്തിന്റെ വലിയ തോതിലുള്ള വോട്ടുകള്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇത് പല സ്ഥാനാര്‍ഥികളുടെയും വിജയത്തെ ബാധിച്ചു. ഇതിന്റെ യഥാര്‍ഥ കാരണം എന്താണെന്ന് ആരും കമ്മിറ്റിയില്‍ പറഞ്ഞില്ല. പാര്‍ട്ടി നേതൃത്വത്തെ ഭയന്നാണ് കാര്യങ്ങള്‍ തുറന്നുപറയാത്തതെന്നും ഇവര്‍ പറയുന്നു.
മുസ്‌ലിം സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള അമ്പലപ്പുഴയില്‍ മല്‍സരിച്ച ഷേഖ് പി ഹാരിസ് മുസ്‌ലിം സമുദായത്തില്‍പെട്ടയാളായിരുന്നിട്ടു പോലും വന്‍ തോല്‍വി ഏറ്റുവാങ്ങി.  സമാന അവസ്ഥ തന്നെയായിരുന്നു പാര്‍ട്ടി മല്‍സരിച്ച മറ്റു മണ്ഡലങ്ങളിലും . കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്ന മനയത്ത് ചന്ദ്രനെ തിരഞ്ഞെടുപ്പിന് ശേഷം തദ്സ്ഥാനത്ത് നിന്നും മാറ്റി പകരം വി കുഞ്ഞാലിക്ക് ചുമതല നല്‍കിയത് മുസ്‌ലിം വിഭാഗവുമായി കൂടുതല്‍ അടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ജെഡിയുവില്‍ നിന്നും പ്രവര്‍ത്തകര്‍ വന്‍ തോതില്‍  ജനതാദള്‍(എസ്)ലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണെന്നും ആരോപണമുണ്ട്.  ജെഡിയുവും യുഡിഎഫ് വിടണമെന്ന് ആവശ്യവും  ഉയരുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടി പിളരുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍, അധികാരത്തിന്റെ പിന്നാലെ പോകുന്നവരാണ് പാര്‍ട്ടിയില്‍ നിന്നും വിട്ടു പോകുന്നതെന്നും യഥാര്‍ഥ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജെഡി(യു)വില്‍ ഉറച്ചു നില്‍ക്കുന്നുണ്ടെന്നും സംസ്ഥാനത്ത സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ് തേജസിനോട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക