|    Sep 21 Fri, 2018 5:22 pm
FLASH NEWS

ജനജീവിതത്തിന് ഭീഷണിയായി ഗുണ്ടാ സംഘം വിലസുന്നു

Published : 24th January 2017 | Posted By: fsq

 

ഉപ്പള: ഉപ്പളയിലും പരിസരങ്ങളിലും ഗുണ്ടാസംഘം ജനജീവിതത്തിന് ഭീഷണിയാകുന്നു. ദേശീയപാതയില്‍പോലും വാഹനങ്ങളില്‍ ആയുധങ്ങളുമായി ഗുണ്ടാസംഘം സഞ്ചരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രി വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിനടുത്ത് വച്ച് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് പടന്ന സ്വദേശി മരണപ്പെടുകയും രണ്ട് ഉപ്പള സ്വദേശികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ഗുണ്ടാസംഘം തലവന്‍ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. പിന്നീട് കാര്‍ പരിശോധിച്ചപ്പോഴാണ് കളിത്തോക്ക് കണ്ടെത്തിയത്. ഈ തോക്ക് ഉപയോഗിച്ച് ബന്തിയോട്ടെ ഒരു യുവാവിനെ ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുത്തതായാണ് ആരോപണം. ഉപ്പളയിലും പരിസരങ്ങളിലും ജനജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യണമെന്ന ജനങ്ങളുടെ ആവശ്യത്തിന് നേരെ അധികൃതര്‍ കണ്ണടക്കുകയാണ്. അന്തര്‍സംസ്ഥാന ബന്ധമുള്ള ക്വട്ടേഷന്‍ സംഘങ്ങളാണ് വന്‍ നഗരങ്ങളെപോലും വെല്ലുന്ന രീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. കഞ്ചാവ്, മദ്യമാഫിയകളാണ് ഇതിന് പിന്നില്‍. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍, മറ്റുള്ളവരോട്് ക്വട്ടേഷന്‍ വാങ്ങി അക്രമിക്കല്‍ തുടങ്ങിയവ ഇവിടെ പതിവാണ്. എന്നാല്‍ പലരും ഭീതിമൂലം പരാതി പറയുന്നില്ല. ഉപ്പള ആസ്ഥാനമായി പോലിസ് സ്‌റ്റേഷന്‍ അനുവദിക്കണമെന്ന ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. അക്രമങ്ങള്‍ നടത്തി ഊടുവഴികളിലൂടെ ഗുണ്ടാസംഘം കര്‍ണാടകയിലേക്ക് രക്ഷപ്പെടുകയാണ് പതിവ്. ദേശീയപാതയില്‍ രാത്രികാലത്ത് വാഹന പരിശോധന കുറയുന്നതും ഗുണ്ടാസംഘങ്ങള്‍ക്ക് വിലസാന്‍ കാരണമാകുന്നുണ്ട്. എസ്‌ഐയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലടക്കമുള്ള പ്രതികളാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ട കാറിലുണ്ടായിരുന്നതെന്നാണ് സൂചന. ഹൈവേ പോലിസ് നിഷ്‌ക്രിയമായതിനാല്‍ രാത്രികാലത്ത് ദേശീയപാതയിലൂടെയുള്ള യാത്രയും ഭീതിയിലാണ്. ഗുണ്ടാസംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss