|    Jun 25 Mon, 2018 11:08 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജനജീവിതം സ്തംഭിക്കും: ബാങ്ക് ജീവനക്കാരുടെ സംഘടന

Published : 2nd December 2016 | Posted By: SMR

കൊച്ചി: ആവശ്യത്തിന് കറന്‍സിയുണ്ടെന്ന് റിസര്‍വ് ബാങ്ക് അധികൃതരും കേന്ദ്ര ധനവകുപ്പ് അധികൃതരും പ്രസ്താവനയിറക്കുന്നത് വസ്തുതാവിരുദ്ധവും ബാങ്ക് ജീവനക്കാരെ അനാവശ്യ സമ്മര്‍ദത്തിലാക്കുന്നതുമാണെന്ന് ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറഷേന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി ഡി ജോസണ്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സികള്‍ പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിയെത്തുടര്‍ന്ന് കറന്‍സി ദൗര്‍ലഭ്യം വളരെ വ്യാപകമാണെന്നും കറന്‍സി ലഭ്യമാക്കാന്‍ അടിയന്തര നടപടി വേണമെന്നും സി ഡി ജോസണ്‍ ആവശ്യപ്പെട്ടു.കറന്‍സിക്ഷാമം അനുദിനം രൂക്ഷമായിട്ടും ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന നടപടികളൊന്നും റിസര്‍വ് ബാങ്ക് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. ജനജീവിതംതന്നെ സ്തംഭിക്കുന്ന നാളുകള്‍ അകലെയല്ല. ജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ ബാങ്ക് ജീവനക്കാര്‍ വളരെയേറെ ശ്രമിച്ചുവരുന്നുണ്ട്. പ്രവൃത്തി ദിനമെന്നോ അവധി ദിനമെന്നോ വ്യത്യാസമില്ലാതെ ജോലിസമയം സംബന്ധിച്ച പരിധികളൊന്നും നോക്കാതെയുമാണ് നവംബര്‍ 18 മുതല്‍ ബാങ്ക് ജീവനക്കാര്‍ ജോലിചെയ്തുവരുന്നത്. എന്നാല്‍ ആവശ്യത്തിന് കറന്‍സി ലഭ്യമാവാത്ത സാഹചര്യത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ബാങ്ക് ജീവനക്കാരുടെ അര്‍പ്പണബോധം കൊണ്ടുമാത്രം കഴിയില്ല എന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. രാജ്യത്ത് പ്രചാരത്തിലിരുന്ന കറന്‍സിയുടെ 86 ശതമാനവും അസാധുവാക്കിയ സാഹചര്യത്തില്‍ ബാക്കി 14 ശതമാനം കറന്‍സികൊണ്ട് 130 കോടിജനങ്ങളുടെയും ആവശ്യങ്ങള്‍ നിര്‍വഹിക്കുക എന്ന അസാധ്യമായ ദൗത്യമാണ് ബാങ്ക് ജീവനക്കാര്‍ ഇന്ന് നേരിടുന്നത്. ഡിസംബര്‍ ആദ്യവാരം തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളം, പെന്‍ഷന്‍ എന്നിവ വിതരണം ചെയ്യേണ്ടതുണ്ട്. വിദേശ ഇന്ത്യക്കാര്‍ നാട്ടിലുള്ള കുടുംബത്തിന്റെ ആവശ്യത്തിനായി മാസംതോറും അയക്കുന്ന പണം മാറ്റിക്കൊടുക്കേണ്ട സമയവുമാണിത്. ഇതിനൊക്കെക്കൂടി 3,000 കോടിരൂപയെങ്കിലും അടിയന്തരമായി കേരളത്തിലെ ബാങ്കുകള്‍ക്ക് ആവശ്യമുണ്ട്. ഇതിന്റെ പത്തിലൊന്നുപോലും നല്‍കാന്‍ റിസര്‍വ്ബാങ്ക് ഇതുവരെ തയ്യാറായിട്ടില്ല. നവംബര്‍ 29 മുതല്‍ നിക്ഷേപിക്കപ്പെടുന്ന പുതിയ കറന്‍സിയിലുള്ള തുക പിന്‍വലിക്കാന്‍ പൊതുജനങ്ങളെ അനുവദിക്കണം എന്നൊരു നിര്‍ദേശം ഇതിനിടെ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുണ്ട്. സാധാരണ നിലയിലുള്ള 24,000 രൂപ പിന്‍വലിക്കുന്നതിനുതന്നെ ടോക്കണ്‍ എടുത്ത് ദിവസങ്ങളോളം കാത്തുനില്‍ക്കുന്ന ഇടപാടുകാരുള്ള സാഹചര്യത്തില്‍ ഇത്തരത്തിലുള്ള അപ്രായോഗിക നിര്‍ദേശങ്ങള്‍ പാലിക്കുവാന്‍ ബുദ്ധിമുട്ടുള്ളവയും ബാങ്ക് ജീവനക്കാരെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നവയുമാണ്. ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പര്യാപ്തമായ തോതില്‍ കറന്‍സി അടിയന്തരമായി എത്തിച്ച് ജനങ്ങളുടെ ദുരിതങ്ങള്‍ക്കും ബാങ്കുകളുടെ ബുദ്ധിമുട്ടുകള്‍ക്കും അറുതിവരുത്താന്‍ റിസര്‍വ് ബാങ്ക് അധികൃതര്‍ തയ്യാറാവണമെന്നും സി ഡി ജോസണ്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss