|    Sep 19 Wed, 2018 11:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജനജീവിതം സാധാരണ നിലയിലേക്ക് റോഡ് ഗതാഗതം പുനസ്ഥാപിച്ചു

Published : 21st August 2018 | Posted By: kasim kzm

കൊച്ചി/തിരുവനന്തപുരം: മഴ മാറി മാനം തെളിഞ്ഞതോടെ സംസ്ഥാനത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നു. പ്രളയത്തെ തുടര്‍ന്ന് അവതാളത്തിലായ ട്രെയിന്‍ ഗതാഗതം സാധാരണ ഗതിയിലേക്ക് തിരിച്ചെത്തി. പാലക്കാട് കോയമ്പത്തൂര്‍ ചെന്നൈ റൂട്ടുകളില്‍ പൂര്‍ണമായും സര്‍വീസുകള്‍ തുടങ്ങി. തൃശൂര്‍-എറണാകുളം റൂട്ടില്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ ചിലത് റദ്ദാക്കിയതൊഴികെ ബാക്കിയെല്ലാം സാധാരണ നിലയിലായി.
മുംബൈ-കന്യാകുമാരി ജയന്തി ജനത ഒമ്പതു മണിക്കൂര്‍ വൈകി ഇന്നലെ ഉച്ചയ്ക്ക് 12.18ന് തൃശൂരില്‍ നിന്ന് ആരംഭിച്ചു. നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസ് ഒന്നരമണിക്കൂര്‍ വൈകി ഇന്നലെ രാവിലെ 11.20ന് തൃശൂരില്‍ നിന്ന് പുറപ്പെട്ടു. മംഗലാപുരത്ത് നിന്നു കോയമ്പത്തൂര്‍ വരെ പോവുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് കൃത്യസമയത്ത് തന്നെ പുറപ്പെട്ടു. 12602 ചെന്നൈ മെയില്‍, 12686 മംഗലാപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, 16603 മാവേലി എക്‌സ്പ്രസ്, 16630 മലബാര്‍ എക്‌സ്പ്രസ്, 56656 മംഗലാപുരം കണ്ണൂര്‍ പാസഞ്ചര്‍, 16687 മംഗലാപുരം മാതാ വൈഷ്‌ണോദേവി കത്ര നവ്യുഗ് എക്‌സ്പ്രസ്, 22638 മംഗലാപുരം ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് എന്നീ വണ്ടികള്‍ കൃത്യസമയത്ത് തന്നെ യാത്ര നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. യാത്ര റദ്ദാക്കിയ ട്രെയിനുകളെസംബന്ധിച്ച വിവരങ്ങള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് യഥാസമയം നല്‍കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
പ്രളയത്തില്‍ നിന്നു കരകയറി വരുന്ന കൊച്ചിയില്‍ നിന്ന് ആഭ്യന്തര വിമാന സര്‍വീസ് ആരംഭിച്ചു. പ്രളയത്തെ തുടര്‍ന്ന് വെള്ളംകയറി മുങ്ങിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം ഈ മാസം 26 വരെ അടച്ചിട്ടിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് ഇന്നലെ മുതല്‍ കൊച്ചിയിലെ നാവിക ആസ്ഥാനമായ ഐഎന്‍എസ് ഗരുഡയില്‍ നിന്നു ചെറു വിമാനങ്ങളുടെ സര്‍വീസ് ആരംഭിച്ചത്. കഴിഞ്ഞ 18 വര്‍ഷത്തിനു ശേഷം ആദ്യമായിട്ടാണ് നാവിക ആസ്ഥാനത്ത് നിന്നു യാതക്കാര്‍ക്കായി വിമാന സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യയുടെ സബ്‌സിഡിയറി കമ്പനിയായ അലയന്‍സ് എയറിന്റെ വിമാനമാണ് ഇന്നലെ സര്‍വീസ് നടത്തിയത്. രാവിലെ 7.20ഓടെയാണ് ബംഗളൂരുവില്‍ നിന്ന് ആദ്യ വിമാനമെത്തിയത്. 71 യാത്രക്കാരായിരുന്നു ഈ വിമാനത്തിലുണ്ടായിരുന്നത്. തുടര്‍ന്ന്, 8.20ഓടെ വിമാനം കൊച്ചിയില്‍ നിന്നു യാത്രക്കാരെയുമായി ബംഗളൂരുവിലേക്ക് പറന്നു. ഇതിനു പുറമേ കോയമ്പത്തൂരിലേക്കും വിമാന സര്‍വീസ് ഉണ്ടായിരുന്നു.
ഇന്നലെ രാവിലെ 10.30ഓടെ ഇന്‍ഡിഗോയുടെ ചെറു വിമാനവും ഇവിടെ പരീക്ഷണാര്‍ഥം ഇറങ്ങി. വരും ദിവസം കൂടുതല്‍ ആഭ്യന്തര സര്‍വീസ് നടത്തിയേക്കുമെന്നാണ് വിവരം. എല്ലാ വിധ ചെക്കിങ് സൗകര്യങ്ങളും നാവിക സേനാ വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തേ പ്രഖ്യാപിച്ചതനുസരിച്ച് 26ന് തന്നെ തുറക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. റണ്‍വേയിലും ഓപറേഷന്‍ ഏരിയയിലും ആഭ്യന്തര ടെര്‍മിനലിലും പൂര്‍ണമായും വെള്ളം കയറിയതോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചത്. വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ രണ്ടര കിലോമീറ്ററോളം വെള്ളത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്നു. വിമാനത്താവളത്തിലെ പരിശോധനാ സംവിധാനങ്ങള്‍ മുഴുവന്‍ തന്നെ നശിച്ചു. ലൈറ്റുകളും തകര്‍ന്നു. റണ്‍വേയിലും അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. ഇന്നലെ മുതല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും മറ്റും ആരംഭിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി 26നു തന്നെ പ്രവര്‍ത്തനം തുടങ്ങാനുള്ള തീവ്ര ശ്രമത്തിലാണ് വിമാനത്താവള അധികൃതര്‍. പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന എറണാകുളം-ഷൊര്‍ണൂര്‍-തൃശൂര്‍ സെക്ഷനില്‍ ഇന്നലെ മുതല്‍ ഭാഗികമായി തീവണ്ടി സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. തീവണ്ടി ഗതാഗതം സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
പ്രളയത്തെ തുടര്‍ന്ന് യാത്രമുടങ്ങിയവരുടെ സൗകര്യം മാനിച്ച് ജെറ്റ് എയര്‍വെയ്‌സ് കേരളത്തില്‍ ഞായറാഴ്ച മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു. 21, 22 തിയ്യതികളിലായി ആറ് അന്താരാഷ്ട്ര സര്‍വീസുകളും ഞായറാഴ്ച മുതല്‍ 26 വരെയുള്ള എല്ലാ ദിവസങ്ങളിലും നാല് വീതം ആഭ്യന്തര സര്‍വീസുകളുമാണ് നടത്തുക. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് എല്ലാ സര്‍വീസുകളും. 21ന് രാവിലെ 7.55 ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പുറപ്പെടുന്ന വിമാനം 10.35 ഓടെ അവിടെ എത്തും. തിരിച്ച് ദുബൈയില്‍ നിന്ന് ഉച്ചയ്ക്ക് 12.10 ന് പുറപ്പെടുന്ന വിമാനം തിരുവനന്തപുരത്ത് വൈകീട്ട് ആറോടെ എത്തും. 22നും ഇതേ സമയത്ത് ദുബായിലേക്കും അവിടെ നിന്നു തിരിച്ചും സര്‍വീസുണ്ട്. കൂടാതെ അന്ന് വൈകീട്ട് ഏഴിന് ദമാമിലേക്ക് ഒരു സര്‍വീസുണ്ട്. തിരിച്ച് 10 ന് ദമാമില്‍ നിന്നുള്ള വിമാനം തിരുവനന്തപുരത്ത് പുലര്‍ച്ച 5.30 ന് എത്തും. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് ആഭ്യന്തര റൂട്ടുകളില്‍ അധിക സര്‍വീസുകള്‍ നടത്തുന്നത്.
കെഎസ്ആര്‍ടിസി സര്‍വിസുകള്‍ പൂര്‍വസ്ഥിതിയിലായി. എംസി റോഡ് വഴിയും ദേശീയപാത വഴിയുമുള്ള സര്‍വീസുകള്‍ നടക്കുന്നു. വെള്ളം ഇറങ്ങാത്തതിനാല്‍ കുട്ടനാട്, ആലുവ-പറവൂര്‍ റൂട്ട്, കൊടുങ്ങല്ലൂര്‍- പറവൂര്‍ റൂട്ട് എന്നിവടങ്ങളിലെ സര്‍വീസുകള്‍ തടസ്സപ്പെട്ടു .മൂന്നാര്‍ ഡിപ്പോയിലെ സര്‍വീസുകളും തുടങ്ങിയിട്ടില്ല. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സ്‌പെഷ്യല്‍ ബസ്സുകള്‍ നാളെ മുതല്‍ സര്‍വ്വീസ് തുടങ്ങും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഇന്ന് 10 ആഭ്യന്തര സര്‍വീസുകളും 18 അന്താരാഷ്ട്ര സര്‍വീസുകള്‍ അധികമായുണ്ട്. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകളും സാധാരണനിലയിലായി. തിരുവനന്തപുരത്തു നിന്നുള്ള ദീര്‍ഘദൂര ബസ്സുകള്‍ ഓടിത്തുടങ്ങി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss