|    May 21 Mon, 2018 12:57 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ജനങ്ങള്‍ തേടുന്നത് പുതിയ ബദല്‍

Published : 21st April 2017 | Posted By: fsq

തടയാന്‍ ആരുണ്ട്-2

ബി  ആര്‍ പി   ഭാസ്‌കര്‍

സ്വാതന്ത്ര്യത്തിന്റെ ആദ്യ ഘട്ടത്തില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങിയ ജയപ്രകാശ് നാരായണ്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് ഗുജറാത്തിലും ബിഹാറിലും വ്യത്യസ്ത രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തില്‍ യുവാക്കള്‍ പ്രത്യേകിച്ചും വിദ്യാര്‍ഥികള്‍ ആരംഭിച്ച അഴിമതിവിരുദ്ധ സമരങ്ങളെ ഏകോപിപ്പിച്ച് സമ്പൂര്‍ണ വിപ്ലവമെന്ന മുദ്രാവാക്യവുമായി ഒരു രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. അതേ സമയത്തുതന്നെ ഒരു കോടതിവിധി ഇന്ദിരാഗാന്ധിയുടെ പ്രധാനമന്ത്രിപദം അപകടത്തിലാക്കുകയും ചെയ്തു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടാണ് അവര്‍ ആ ഇരട്ട ഭീഷണിയെ നേരിട്ടത്. അതു രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്നുകൊണ്ട് ഒന്നിക്കാന്‍ പ്രതിപക്ഷ കക്ഷികളെ പ്രേരിപ്പിച്ചു. ഇന്ദിരാഗാന്ധി പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ജെപിയുടെ കാര്‍മികത്വത്തില്‍ കമ്മ്യൂണിസ്റ്റ് ഇതര പ്രതിപക്ഷ കക്ഷികളും കോണ്‍ഗ്രസ് വിമതരും ചേര്‍ന്നു രൂപീകരിച്ച ജനതാ പാര്‍ട്ടി അധികാരം പിടിച്ചെടുത്തു. എന്നാല്‍, ദീര്‍ഘകാലം അതിന് ഒറ്റകക്ഷിയായി നിലനില്‍ക്കാനായില്ല. മുന്‍ ജനസംഘത്തില്‍ പെട്ടവര്‍ ആര്‍എസ്എസ് ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അവര്‍ ജനതാ പാര്‍ട്ടിയില്‍ നിന്നു പിന്‍വാങ്ങി ബിജെപി എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങി. പഴയ ജനസംഘക്കാരെ കൂടാതെ സോഷ്യലിസ്റ്റ് നിരയില്‍ നിന്നു വന്ന ചിലരെ കൂടി ഒപ്പം കൂട്ടാന്‍ അവര്‍ക്കു കഴിഞ്ഞു. കോണ്‍ഗ്രസ് ക്ഷയിച്ചപ്പോള്‍ വ്യത്യസ്ത പാര്‍ട്ടികളാണ് വിവിധ പ്രദേശങ്ങളില്‍ പ്രാമുഖ്യം നേടിയത്. ദ്രാവിഡപ്രസ്ഥാനം തമിഴ്‌നാട് കൈയടക്കി. കേരളത്തിലും ബംഗാളിലും ആദ്യം ഇടതുപക്ഷം മുന്നേറി. പിന്നീട് കേരള രാഷ്ട്രീയം കോണ്‍ഗ്രസ്സും സിപിഎമ്മും നയിക്കുന്ന രണ്ടു മുന്നണികളിലായി തളച്ചിടപ്പെട്ടു. മൂന്നു പതിറ്റാണ്ടിലേറെ ബംഗാളില്‍ അധികാരം കൈയാളിയ ഇടതു മുന്നണിയെ നയിച്ച സിപിഎം ജനതാല്‍പര്യങ്ങള്‍ അവഗണിച്ചുകൊണ്ട് ആഗോളവല്‍ക്കരണവുമായി സമരസപ്പെട്ടപ്പോള്‍ ഏറക്കുറേ അതിന്റെ ആക്രമണോല്‍സുക സമീപനം സ്വീകരിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പ്രാദേശിക കക്ഷി അതിനെ പരാജയപ്പെടുത്തി. ചില ഹിന്ദി സംസ്ഥാനങ്ങളില്‍ ബിജെപിയും മറ്റു ചിലതില്‍ പിന്നാക്ക സമുദായങ്ങള്‍ക്കു മേല്‍ക്കൈയുള്ള കക്ഷികളും ശക്തിപ്പെട്ടു. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ള ഒരു കക്ഷി ഉയര്‍ന്നുവരാതിരുന്നതുകൊണ്ട് കൂട്ടുമന്ത്രിസഭകള്‍ ഉണ്ടാക്കേണ്ടിവന്നു. സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിതിന് ആ പ്രക്രിയയില്‍ നിര്‍ണായകമായ പങ്കു വഹിക്കാന്‍ കഴിഞ്ഞത് പാര്‍ട്ടിക്ക് ദേശീയതലത്തില്‍ അതിന്റെ ശക്തിയുടെ അടിസ്ഥാനത്തില്‍ അര്‍ഹിക്കുന്നതിലധികം പ്രാധാന്യം നേടിക്കൊടുത്തു. കോണ്‍ഗ്രസ്സിനെയും ബിജെപിയെയും ഒഴിവാക്കിക്കൊണ്ടുള്ള മന്ത്രിസഭകളാണ് അങ്ങനെ രൂപപ്പെട്ടത്. അധികം കഴിയുന്നതിനു മുമ്പ് ആ രണ്ടു കക്ഷികളെയും മാറ്റിനിര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനാവാത്ത സ്ഥിതിയുണ്ടായി. ആ ഘട്ടത്തില്‍ നിരവധി ചെറിയ കക്ഷികള്‍ ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറായി. പിന്നീട് ഇടതുപക്ഷ കക്ഷികളുടെ കൂടി പിന്തുണയോടെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പുതിയ കൂട്ടുമന്ത്രിസഭ ഉണ്ടായി. ആ സര്‍ക്കാര്‍ അമേരിക്കയുമായി ആണവ കരാര്‍ ഉണ്ടാക്കിയപ്പോള്‍ ഇടതു കക്ഷികള്‍ പിന്തുണ പിന്‍വലിച്ചു. പക്ഷേ, മറ്റു കക്ഷികളുടെ സഹായത്തോടെ സര്‍ക്കാരിനു പിടിച്ചുനില്‍ക്കാനും വീണ്ടും ജനവിധി നേടാനും കഴിഞ്ഞു. 10 വര്‍ഷം അധികാരത്തിലിരുന്ന മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ധാരാളം അഴിമതിയാരോപണങ്ങള്‍ നേരിട്ടു. അതിന്റെ 2014ലെ പരാജയം അപ്രതീക്ഷിതമായിരുന്നില്ല. എന്നാല്‍, ആര്‍എസ്എസ് നിര്‍ദേശപ്രകാരം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി വരിച്ച ഉജ്ജ്വല വിജയം എതിരാളികളുടെയും ഒരുപക്ഷേ അതിന്റെ തന്നെയും പ്രതീക്ഷയ്ക്കപ്പുറമുള്ളതായിരുന്നു. അതു സാധ്യമാക്കിയത് മോദി അഴിച്ചുവിട്ട പരസ്യപ്രചാരണം മാത്രമല്ല, താഴേത്തട്ടില്‍ ആര്‍എസ്എസ് നിയോഗിച്ച ലക്ഷത്തില്‍പരം കാഡറുകള്‍ ശബ്ദകോലാഹലം കൂടാതെ നടത്തിയ പ്രവര്‍ത്തനം കൂടിയാണ്. ഈ സമകാലിക രാഷ്ട്രീയ ചരിത്രത്തില്‍ മതനിരപേക്ഷ കക്ഷികള്‍ ഉള്‍ക്കൊള്ളേണ്ട ചില പാഠങ്ങളുണ്ട്: അതിലൊന്ന് ഹിന്ദുത്വത്തെ അതിന്റെ രീതികള്‍ അനുകരിച്ചുകൊണ്ട് തോല്‍പിക്കാനാവില്ല എന്നതാണ്. മറ്റൊന്ന് ഇന്നത്തെ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അവര്‍ക്കെല്ലാം പങ്കുണ്ടെന്നതാണ്. ചില കക്ഷികള്‍ വച്ചുപുലര്‍ത്തിയ അന്ധമായ കോണ്‍ഗ്രസ് വിരുദ്ധതയും താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി എടുത്ത നടപടികളും ബിജെപിയുടെയും മറ്റു വര്‍ഗീയ കക്ഷികളുടെയും വളര്‍ച്ചയ്ക്ക് സഹായകമായി. അതുകൊണ്ടുതന്നെ വര്‍ഗീയ വിപത്തില്‍ നിന്നു രാജ്യത്തെ രക്ഷിക്കുന്നതിന് അവര്‍ തിരുത്തല്‍ നടപടികള്‍ എടുക്കേണ്ടതുണ്ട്. ആര്‍ക്കും ഒറ്റയ്ക്ക് ദേശീയതലത്തില്‍ ബിജെപിയെ നേരിടാനുള്ള കഴിവില്ലെങ്കിലും പല കക്ഷികള്‍ക്കും അവരുടെ ശക്തികേന്ദ്രങ്ങളില്‍ ബിജെപിയെ തടയാനുള്ള കഴിവുണ്ട്. ഈ കഴിവ് എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്ന് അവര്‍ ആലോചിക്കണം. രണ്ടു ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വോട്ടുവിഹിതം കുറഞ്ഞ ശേഷമാണ് മോദി ബിജെപിയെ ഒറ്റയ്ക്ക് ജയിക്കാവുന്ന തലത്തിലേക്കു പിടിച്ചുയര്‍ത്തിയത്. എന്‍ഡിഎ എന്ന സഖ്യവുമായി മല്‍സരിച്ച ബിജെപിക്ക് വോട്ടര്‍മാര്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നല്‍കി. കഴിഞ്ഞ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളിലും യുപിയിലെ ജനങ്ങള്‍ രാഷ്ട്രീയരംഗത്തെ ശൈഥില്യം മറികടന്ന് ഒരു കക്ഷിക്ക് ഭൂരിപക്ഷം നല്‍കുകയുണ്ടായി. ആദ്യം ബഹുജന്‍ സമാജ് പാര്‍ട്ടിക്കും പിന്നീട് സമാജ്‌വാദി പാര്‍ട്ടിക്കും ഒടുവില്‍ ബിജെപിക്കുമാണ് അവസരം ലഭിച്ചത്. ജനങ്ങള്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് ഇതില്‍ നിന്നു വായിച്ചെടുക്കാവുന്നതാണ്. അതായത്, തങ്ങള്‍ക്ക് ഉറച്ച ഭരണം കാഴ്ചവയ്ക്കാനുള്ള കഴിവുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന കക്ഷിക്കോ സഖ്യത്തിനോ ആവും വിജയസാധ്യത. അതിനുള്ള കഴിവ് ആര്‍ക്കുണ്ട് എന്നതാണ് ഉത്തരം തേടുന്ന രാഷ്ട്രീയ ചോദ്യം.                    (അവസാനിച്ചു)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss