|    Jun 22 Fri, 2018 8:57 pm
FLASH NEWS

ജനങ്ങള്‍ കുടിവെള്ളവും ജലസേചന സൗകര്യവുമില്ലാതെ കഷ്ടപ്പെടുന്നു

Published : 17th January 2017 | Posted By: fsq

 

കാലടി: മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തിലെ നീലീശ്വരം നമ്പര്‍ 1 ലിസ്റ്റ് ഇറിഗേഷന്‍ സ്‌കീം പ്രവര്‍ത്തനക്ഷമമല്ലാത്തതുമൂലം പഞ്ചായത്തിലെ 1, 2, 3, 12, 13, 16, 17 വാര്‍ഡുകളിലെ ജനങ്ങള്‍ കുടിവെള്ളമില്ലാതെയും ജലസേചന സൗകര്യമില്ലാതെയും കഷ്ടപ്പെടുകയാണ്. തെങ്ങ്, ജാതി, വാഴ, പച്ചക്കറി മുതലായ കാര്‍ഷിക വിളകളെല്ലാം ഉണങ്ങി നശിക്കുകയും ചെയ്യുന്നുവെന്ന് മലയാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനിമോള്‍ ബേബി പറഞ്ഞു. നീലീശ്വരം നമ്പര്‍ 1 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ലീഡിങ് ചാനലില്‍ വെള്ളമെത്തുന്നതുമൂലമാണ് പമ്പ് ഹൗസ് പ്രവര്‍ത്തിക്കുന്നത്. ലീഡിങ് ചാനലില്‍ വെള്ളമുണ്ടാവണമെങ്കില്‍ നീലീശ്വരം കൊവേന്തപ്പള്ളിക്ക് സമീപത്തുള്ള തടയണ അടിയന്തരമായി മെയിന്റനന്‍സ് നടത്തണം. അതിനായി കഴിഞ്ഞ മാസം 14ന് പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തംഗം കെ ജെ പോള്‍ മാസ്റ്ററും അങ്കമാലി എംഎല്‍എയുടെ നിര്‍ദേശാനുസരണം റവന്യു മന്ത്രിയേയും ജലസേചനവകുപ്പ് മന്ത്രിയേയും നേരില്‍കണ്ട് ഈ കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഡിസംബര്‍ 19ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, എറണാകുളം ജില്ലാ കലക്ടര്‍ക്ക് ഇതുസംബന്ധിച്ച് വിശദമായ കത്ത് നല്‍കുകയുണ്ടായി. പിന്നീട് എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കലക്ടറെ നേരില്‍കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം ശ്രദ്ധയില്‍പെടുത്തുകയും അടിയന്തര നടപടികള്‍ക്ക് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മുന്‍വര്‍ഷങ്ങളില്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍നിന്നും ചെലവഴിച്ച തുകയുടെ സേവിങ്‌സ് ആയി രണ്ടുകോടിയോളം രൂപ റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ ലഭ്യമാണ്. എന്നാല്‍ ആ തുക ചെലവഴിക്കുന്നതിന് സംസ്ഥാനത്ത് ഇപ്പോള്‍ റിവര്‍ മാനേജ്‌മെന്റ് കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ല. അതിനാലാണ് തുകയുണ്ടായിട്ടും അത് ചെലവഴിക്കാന്‍ കലക്ടര്‍ക്ക് കഴിയാതെപോവുന്നത്. റവന്യൂവകുപ്പ് മന്ത്രിയോ ജലസേചനവകുപ്പ് മന്ത്രിയോ നേരിട്ട് ഇടപെട്ടാലല്ലാതെ ഈ കാര്യത്തില്‍ കലക്ടര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല. സംസ്ഥാന ഭരണത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യവും ഈ പ്രശ്‌നം പരിഹരിക്കുന്നതിന് താമസമാവുന്നുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് പഞ്ചായത്തിലെ എല്‍ഡിഎഫ് അംഗങ്ങള്‍ ഉപരോധപ്രഹസനവും ശ്രമദാന നാടകവുമായി രംഗത്ത് എത്തിയിരിക്കുന്നു. ജനങ്ങളെ പറ്റിക്കുന്ന ഏര്‍പാട് ഒഴിവാക്കി കുടിവെള്ള പ്രശ്‌നത്തില്‍ രാഷ്ട്രീയം കാണാതെ സംസ്ഥാനത്ത് ഭരണസ്തംഭനം പരിഹരിച്ച് എത്രയുംവേഗം തടയണ മെയിന്റനന്‍സ് നടത്തുന്നതിന് ഭരണതലത്തില്‍ സ്വാധീനം ചെലുത്താനുള്ള ഇച്ഛാശക്തിയാണ് എല്‍ഡിഎഫ് അംഗങ്ങളും നേതൃത്വവും കാട്ടേണ്ടതെന്നും പ്രസിഡന്റ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss