|    Sep 23 Sun, 2018 2:01 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കി പെട്രോള്‍- ഡീസല്‍ വില കുതിക്കുന്നു

Published : 28th August 2018 | Posted By: kasim kzm

കൊച്ചി: പ്രളയക്കെടുതിയുടെ രൂക്ഷതയില്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ ആഘാതം ഏല്‍പ്പിച്ചുകൊണ്ട് പെട്രോള്‍-ഡീസല്‍ വില കുതിക്കുന്നു. ജൂലൈ 5 മുതല്‍ കഴിഞ്ഞ ദിവസം വരെ സംസ്ഥാനത്ത് പെട്രോളിന് ഏകദേശം 2.51 പൈസയും ഡീസലിന് 2.26 പൈസയും വര്‍ധിച്ചതായിട്ടാണ് പമ്പുടമകളും ഉപഭോക്താക്കളും പറയുന്നത്.
കേരളത്തെ തകര്‍ത്ത പ്രളയം ഉണ്ടായ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍പ്പോലും പെട്രോളിനും ഡീസലിനുമായി ഏകദേശം ഒരുരൂപയിലധികം വര്‍ധനയുണ്ടായി. ദിവസം പ്രതി 15 മുതല്‍ 20 പൈസ വരെ മാത്രം വര്‍ധിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ ഇതു കാര്യമായി ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കിടയില്‍ നിന്നു പ്രതിഷേധവും ഉയരാറില്ല. ഇത് എണ്ണക്കമ്പനികള്‍ക്ക് ഏറെ ഗുണകരമാണ്. കൊച്ചിയില്‍ ഇന്നലെ ഒരു ലിറ്റര്‍ പെട്രോളിന് 79.83 രൂപയും ഡീസലിന് 73.18 രൂപയുമായിരുന്നു വില.
കഴിഞ്ഞ ഒരാഴ്ചയായി 15 മുതല്‍ 20 പൈസ വരെ ദിനംപ്രതി വര്‍ധിപ്പിച്ചാണ് ഇന്നലെ ഈ വിലയില്‍ എത്തിയിരിക്കുന്നത്. വരുംദിവസങ്ങളിലും ഇതേ രീതിയില്‍ തന്നെ വര്‍ധന തുടരാനാണു സാധ്യതയെന്ന് പമ്പുടമകള്‍ പറയുന്നു. ദിനംപ്രതി ഉണ്ടായിക്കൊണ്ടിരുന്ന വിലവര്‍ധന ലോറിസമരം ആരംഭിച്ച സമയത്ത് ഇവര്‍ നിര്‍ത്തിവച്ചിരുന്നു. സമരം പിന്‍വലിച്ചതോടെ ദിനംപ്രതിയുള്ള വിലവര്‍ധന വീണ്ടും ആംരംഭിച്ചു.
രാജ്യാന്തര വിപണയിലെ ക്രൂഡ് ഓയിലിന്റെ വിലവര്‍ധന കാരണമാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുന്നതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്ന ന്യായം.
എന്നാല്‍, ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോള്‍ അതിനനുസൃതമായി വില കുറയ്ക്കാന്‍ ഇവര്‍ തയ്യാറാവാറുമില്ല. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഒരു ലിറ്റര്‍ ഡീസലിന് 15.33 രൂപയും പെട്രോളിന് 19.48 രൂപയുമാണ് എക്‌സൈസ് നികുതി ഈടാക്കുന്നതെന്ന് കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ഖജാഞ്ചി ഹംസ ഏരിക്കുന്നന്‍ തേജസിനോട് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss