|    Dec 18 Mon, 2017 10:22 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജനങ്ങള്‍ക്കെതിരായ കാര്‍പറ്റ് ബോംബിങ്; നോട്ട് പ്രതിസന്ധിയില്‍ അടിയന്തര പരിഹാരം കാണണമെന്ന് സുപ്രിംകോടതി

Published : 16th November 2016 | Posted By: SMR

കെ  എ  സലിം

ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സര്‍ജിക്കല്‍ സ്‌ട്രൈക്കല്ല, ജനങ്ങള്‍ക്കെതിരായ കാര്‍പറ്റ് ബോംബിങ്ങാണെന്ന് സുപ്രിംകോടതി. ഇതുമൂലം സാധാരണക്കാര്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
നോട്ടുകള്‍ പിന്‍വലിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. ഈ നടപടിയില്‍ എന്തു ന്യായീകരണമാണുള്ളതെന്നും ജനങ്ങള്‍ക്ക് ആവശ്യമായ പണം ലഭ്യമാക്കാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും സുപ്രിംകോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. എന്നാല്‍, സര്‍ക്കാര്‍ നടപടി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഈ മാസം 25ന് കേസ് വീണ്ടും പരിഗണിക്കാമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച്, നോട്ടുകള്‍ റദ്ദാക്കിയ നടപടിയുടെ നിയമസാധുത പരിശോധിക്കുമെന്നും വ്യക്തമാക്കി.
ചെറിയൊരു തുകയ്ക്കുവേണ്ടി ജനങ്ങള്‍ മണിക്കൂറുകളോളം ബാങ്കുകള്‍ക്ക് മുന്നില്‍ വരി നില്‍ക്കേണ്ട സാഹചര്യമുണ്ടായിരിക്കുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മറ്റൊന്നും ചെയ്യാനാവാതെ വരി നില്‍ക്കേണ്ടിവരുന്നത് ക്ലേശകരമാണ്. ഓരോരുത്തര്‍ക്കും പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തുകയെങ്കിലും ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്നു കോടതി ചോദിച്ചു. സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് ഉദ്ദേശ്യമില്ല. കള്ളപ്പണക്കാര്‍ക്കെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്കായിരിക്കാം ഈ നടപടിയുടെ ലക്ഷ്യം. എന്നാല്‍  സാധാരണക്കാരെ പ്രയാസത്തിലാക്കാന്‍ പാടില്ലായിരുന്നു- കോടതി ചൂണ്ടിക്കാട്ടി.
ഇത് കള്ളപ്പണക്കാര്‍ക്കെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്കല്ല, സാധാരണക്കാര്‍ക്കെതിരായ കാര്‍പറ്റ് ബോംബിങ്ങാണെന്ന് ഹരജിക്കാരിലൊരാള്‍ക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു. ആശാരി, കല്‍പ്പണിക്കാരന്‍, ദിവസവേതനത്തിന് ജോലി ചെയ്യുന്നവര്‍, വീട്ടുജോലിക്കാര്‍ തുടങ്ങി നിരവധി പേര്‍ നോട്ടുകളെ ആശ്രയിച്ചല്ലേ ജീവിക്കുന്നതെന്ന് കോടതി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയോട് ചോദിച്ചു. എന്നിട്ടും സാധാരണക്കാരുടെ പ്രയാസം പരിഹരിക്കാന്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നത് അദ്ഭുതകരമാണെന്നും കോടതി പറഞ്ഞു.
നോട്ടുകള്‍ റദ്ദാക്കിയതോടെ കള്ളപ്പണം പൂഴ്ത്തിവച്ചവര്‍ക്ക് അത് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്ന് മുകുള്‍ റോഹത്ഗി പറഞ്ഞു. 3.25 ലക്ഷം കോടി രൂപ ബാങ്കുകളില്‍ ഈ മാസം 10ന് ശേഷം നിക്ഷേപിച്ചിട്ടുണ്ട്. 11 ലക്ഷം കോടി അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ എത്തും. ഓരോ ദിവസവും 10,000 കോടി വീതം എത്തിക്കുന്നുണ്ട്. പിന്‍വലിക്കല്‍ ഉണ്ടാക്കിയ പ്രയാസം മാത്രമാണ് എതിര്‍ക്കപ്പെടുന്നത്. രണ്ടുലക്ഷം എടിഎമ്മുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ പെട്ടെന്ന് കഴിയില്ലെന്നും റോഹത്ഗി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss