|    Jun 18 Mon, 2018 5:54 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

ജനങ്ങളെ വലച്ച നോട്ട് രാഷ്ട്രീയം

Published : 11th November 2016 | Posted By: SMR

slug-madhyamargamപണ്ടൊക്കെ നട്ടപ്പാതിരയ്ക്ക് പ്രേതങ്ങളെയായിരുന്നു മനുഷ്യര്‍ക്കു പേടി ഉണ്ടായിരുന്നത്. പിന്നീടത് കള്ളന്മാരോടായി. ഇപ്പോള്‍ നമ്മുടെ പ്രധാനമന്ത്രിയെയാണു ജനങ്ങള്‍ക്ക് രാത്രിയില്‍ പേടി. എന്ത് തീരുമാനമാണ് പാതിരാത്രിയില്‍ അദ്ദേഹം പ്രഖ്യാപിക്കുക എന്നത് ആര്‍ക്കും മുന്‍കൂട്ടി പ്രവചിക്കാനാവില്ല. ഏത് പ്രഖ്യാപനമായാലും അത് ജനങ്ങളെ ദ്രോഹിക്കാന്‍ മാത്രമായിരിക്കുമെന്ന് അനുഭവങ്ങള്‍കൊണ്ട് ഉറപ്പിക്കാം. പെട്രോളിനും ഡീസലിനുമൊക്കെ വില വര്‍ധിപ്പിച്ച തീരുമാനം പുറംലോകം അറിഞ്ഞത് രാത്രിയിലാണ്. ഭരണ പരിഷ്‌കരണ തീരുമാനങ്ങള്‍ ഒക്കെ പുറത്തുവിടുന്നത് രാത്രിയിലാണ്. കേന്ദ്രമന്ത്രിസഭയ്ക്കാണെങ്കില്‍ ഒരുതരത്തിലുമുള്ള കൂട്ടുത്തരവാദിത്തമില്ല. എല്ലാം നടത്തുന്നത് പ്രധാനമന്ത്രി മാത്രം. മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ഭരണനടപടികളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് പ്രധാനമന്ത്രിയുടെ തീരുമാനങ്ങള്‍. രാജ്യത്തെ ജനങ്ങളെയാകെ കഷ്ടത്തിലാക്കിക്കൊണ്ടാണ് 500, 1000 രൂപയുടെ നോട്ടുകളുടെ നിരോധനം പുറപ്പെടുവിച്ചത്. ആവശ്യാനുസരണം 100 രൂപയുടെ നോട്ടുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചത്. കള്ളപ്പണം ഈ നോട്ടുകളിലാണത്രെ! ഒരു ജനാധിപത്യ ഭരണസംവിധാനത്തില്‍ ഒരു സമൂഹത്തെയാകെ അങ്കലാപ്പിലാക്കുന്ന നടപടികള്‍ ഏകപക്ഷീയമായി സ്വീകരിക്കാമോ? ഇതിന് ഉത്തരം പറയാന്‍ കേന്ദ്രഭരണകക്ഷികള്‍ ബാധ്യസ്ഥരാണ്. പുതിയ 2,000 രൂപയുടെ നോട്ടുകള്‍ സാങ്കേതികവിദ്യ വികാസം പ്രാപിച്ച ഇക്കാലത്ത് സുരക്ഷിതമാണെന്ന് എങ്ങനെ പറയും.
10,000 രൂപാ, 5,000 രൂപാ നോട്ടുകള്‍ പിന്‍വലിക്കേണ്ടിവന്നത് മറന്നോ? കള്ളനോട്ട് നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ക്ക് രാജവാഴ്ചക്കാലത്തോളം പഴക്കമുണ്ടെന്നു ചരിത്രം പഠിപ്പിക്കുന്നു. കള്ളനോട്ട് വ്യവസായം തകര്‍ക്കാന്‍ ഫലപ്രദവും ശാസ്ത്രീയവുമായ നടപടികള്‍ കൈക്കൊള്ളുന്നത് ആഹ്ലാദകരമാണ്. പക്ഷേ, ജനജീവിതം ആകെ സ്തംഭിപ്പിക്കുന്നവിധം ധൃതിപ്പെട്ട് ഇങ്ങനെയൊരു നിരോധനം മറ്റു ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് മനസ്സിലാക്കാന്‍ കുറച്ചുകൂടി കഴിയണം.
കുത്തക മുതലാളിമാരെയൊന്നും ഈ നിരോധനം യാതൊരു തരത്തിലും ബാധിക്കില്ല. അവരൊക്കെ നേരത്തേ തന്നെ ഈ നടപടികള്‍ അറിഞ്ഞിട്ടുണ്ടാവും. അല്ലെങ്കില്‍ അവര്‍ക്കൊക്കെ അതിനുള്ള ജീവിതസൗകര്യങ്ങള്‍ ഉണ്ട്. അന്നന്നത്തെ അത്താഴത്തിനു വഴികണ്ടെത്തുന്ന സാധാരണക്കാര്‍ മാത്രമാണ് വലഞ്ഞത്. അനുനിമിഷം പെരുകുന്ന ഒന്നാണ് കള്ളപ്പണം എന്നതില്‍ സംശയമില്ല. അതു തടയാന്‍ കുറ്റമറ്റ അഴിമതി-കള്ളപ്പണ നിര്‍മാര്‍ജന നിയമനിര്‍മാണം (ജനലോക്പാല്‍) മാത്രമാണ് പോംവഴി.
അഞ്ഞൂറോ ആയിരമോ എമ്പാടും കൈയിലില്ലാത്ത സാധാരണ ജനസമൂഹം കള്ളപ്പണക്കാരെ പൂട്ടും എന്നു കേള്‍ക്കുമ്പോള്‍ ആവേശഭരിതരാവും. അല്‍പം വര്‍ഗീയതകൂടി ഉള്ളിലുണ്ടെങ്കില്‍ തീവ്രവാദികളെ ഒതുക്കാന്‍ എന്നു പറഞ്ഞാല്‍ അവരൊക്കെ പുളകിതരാവും. നോട്ട് നിരോധനത്തിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങള്‍ ഉണ്ടെന്ന് അനുമാനിക്കണം.
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് രാജ്യഭരണം നടത്തുന്ന സര്‍ക്കാരിനു ഒരു നിയമം നിര്‍മിക്കണമെങ്കില്‍ പാര്‍ലമെന്റിലെ രണ്ട് സഭകളിലും അവര്‍ക്ക് അത് പാസാക്കാന്‍ കഴിയണം. ഇന്നത്തെ ബിജെപി സര്‍ക്കാരിന് അതിനു കഴിയില്ല. ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ അവര്‍ക്ക് 73 സീറ്റ് മാത്രമാണുള്ളത്. 172 സീറ്റും പ്രതിപക്ഷ പാര്‍ട്ടികളുടെ കൈവശത്തിലാണ്. രാജ്യസഭയില്‍ ഭൂരിപക്ഷം ഉണ്ടാക്കുക എന്നത് മോദി സര്‍ക്കാരിന്റെ നിലനില്‍പിന്റെ പ്രശ്‌നമാണ്. ആസന്നമായ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലൂടെ രാജ്യസഭയിലെ അംഗസംഖ്യ കൂട്ടാനാണ് അവര്‍ ശ്രമിക്കുന്നത്. യുപിയില്‍ നിന്ന് രാജ്യസഭയില്‍ 30 സീറ്റാണുള്ളത്. കള്ളപ്പണം ഒഴുക്കി തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന പതിവു പരിപാടി യുപിയില്‍ ഇത്തവണ നടക്കില്ല.
കോണ്‍ഗ്രസ്സിനും സമാജ്‌വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ് പാര്‍ട്ടിക്കും നിരോധനം തലവേദനയാവും. എന്നാല്‍, കേന്ദ്രഭരണം കൈവശമുള്ള ബിജെപിക്ക് ഇതൊന്നും പ്രശ്‌നമാവില്ല. റിസര്‍വ് ബാങ്ക്, ഇന്‍കംടാക്‌സ് തുടങ്ങിയ വലിയ കാര്‍ഡുകള്‍ അവരുടെ കൈവശത്തിലല്ലേ! ഏതുവിധേനയും യുപി പിടിക്കണം. അതുവഴി രാജ്യസഭയും പിടിക്കണം. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കണം. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണിത്. അല്ലാതെ നോട്ട് നിരോധിച്ചതുകൊണ്ട് സാധാരണക്കാരന്റെ ജീവിതനിലവാരം മെച്ചപ്പെടാന്‍ പോവുന്നില്ല. നിരോധനത്തിന്റെ പേരില്‍ കഷ്ടപ്പാടുകള്‍ സഹിച്ചത് മിച്ചം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss