|    Dec 10 Mon, 2018 8:33 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ജനങ്ങളെ പരിഹസിക്കുന്ന നടപടികള്‍

Published : 1st June 2018 | Posted By: kasim kzm

ലോകത്തെ സാമ്പത്തിക കുത്തകകളും ഭരണകൂടങ്ങളും പരസ്പരം കൈകോര്‍ത്തുകൊണ്ട് ജനങ്ങള്‍ക്കു മേല്‍ തങ്ങളുടെ അധീശത്വം അടിച്ചേല്‍പ്പിക്കുന്ന പുതിയൊരു ലോകക്രമം രൂപപ്പെട്ടുവരുകയാണെന്ന് ലോകചലനങ്ങള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. ഓരോരോ രാജ്യങ്ങളില്‍ മേല്‍ക്കോയ്മയുള്ള ഭൂരിപക്ഷ മതവിഭാഗത്തിന്റെ താല്‍പര്യസംരക്ഷകരായാണ് ഈ സഖ്യം പ്രവര്‍ത്തിക്കുന്നത്. അതുണ്ടാക്കുന്ന വൈകാരിക നിര്‍വൃതിയില്‍ തങ്ങള്‍ക്കും തങ്ങളുടെ ജീവിതാവസ്ഥകള്‍ക്കും യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് എന്ത് എന്നു തിരിച്ചറിയാനോ പ്രതികരിക്കാനോ ജനങ്ങള്‍ അശക്തരായിത്തീരുകയാണ്.
ഈ അവിശുദ്ധനാടകത്തിന്റെ കളിയരങ്ങുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് നമ്മുടെ രാജ്യം. ഒരു ഭരണാധികാരിയുടെ മിഥ്യാബോധങ്ങളും ദിവാസ്വപ്‌നങ്ങളും അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ പാകപ്പെട്ട ഒരു അസംബന്ധ വ്യവഹാരമായി, നാം കൊട്ടിഘോഷിക്കുന്ന ജനാധിപത്യബോധം പോലും വഴിമാറിപ്പോയിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തികാടിത്തറ തകര്‍ത്ത നോട്ടുനിരോധനത്തോട് എത്ര ബാലിശമായാണ് ഇന്ത്യന്‍ ജനത പ്രതികരിച്ചതെന്ന് ലോകം അദ്ഭുതപ്പെട്ടിട്ടുണ്ട്. ബാങ്കിലിട്ട ചെറിയ തുകകള്‍ പോലും തിരിച്ചെടുക്കാന്‍ പൊരിവെയിലില്‍ വരി നിന്ന് തളരുമ്പോഴും അവര്‍ കള്ളപ്പണത്തിന്റെ തിരിച്ചുവരവും ഭീകരവാദത്തിന്റെ തളര്‍ച്ചയും ഉള്ളില്‍ താലോലിക്കുകയായിരുന്നുവെന്നത് നര്‍മോദാരമായൊരു കാഴ്ചയായി നമ്മുടെ മുമ്പിലുണ്ട്.
ഈ അവസ്ഥ രാജ്യത്തെ ഭരണകൂട കുത്തകസഖ്യത്തിന് വലിയ ആത്മവിശ്വാസമാണ് പകര്‍ന്നുനല്‍കുന്നത്. എത്ര പരിഹാസ്യമായ തീരുമാനങ്ങളും ഈ ജനതയെ മുന്‍നിര്‍ത്തി നടപ്പാക്കാനാവുമെന്ന വലിയ പ്രതീക്ഷയിലാണ് അവരിപ്പോള്‍. അതിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്നാണ് കഴിഞ്ഞദിവസം ഇന്ധനവിലയില്‍ ഒരു പൈസ ഇളവു ചെയ്തുകൊണ്ടുള്ള എണ്ണക്കമ്പനികളുടെ പ്രഖ്യാപനം. ഇത്തരമൊരു ഇളവ് പ്രഖ്യാപിക്കുന്നതിലൂടെ രാജ്യത്തെ ജനങ്ങളെ മൊത്തം പരിഹസിക്കുകയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ലക്ഷ്യമിടുന്നത്.
ഇത്തരം ഇളവുകൊണ്ട് ഒരു പൗരന് രാജ്യത്തു സാധ്യമാവുന്നതെന്താണെന്ന് അറിയാത്തവരല്ല ഈ കുത്തകകളും അവരുടെ തോളില്‍ കൈയിട്ടുനില്‍ക്കുന്ന ഭരണകര്‍ത്താക്കളും. പക്ഷേ, ജനമനസ്സുകളില്‍ തങ്ങള്‍ സ്വയമേവ അപഹാസ്യരാണെന്ന ബോധം ജനിപ്പിക്കുന്നത് അധീശശക്തികളുടെ മനശ്ശാസ്ത്രപരമായ പടനീക്കത്തിന്റെ ഭാഗമാണ്. തങ്ങളുടെ അധികാരത്തിനു കീഴിലും ശുഷ്‌കമായ ഔദാര്യത്തിലും തൃപ്തിപ്പെട്ടൊരു ജീവിതമാണ് നിങ്ങള്‍ക്കുള്ളതെന്ന് രാജ്യത്തെ ജനങ്ങളോട് അവര്‍ പറയാതെ പറയാന്‍ ശ്രമിക്കുകയാണ്. അധികാരമുള്ളവരോടൊപ്പം ചേര്‍ന്നുനിന്ന ഒരു സാംസ്‌കാരിക പാരമ്പര്യവും ചരിത്രപരമായി രാജ്യത്തിനുള്ളതിനാല്‍ ഈ അടിമജീവിതം നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണെന്ന് വേണമെങ്കില്‍ അവകാശപ്പെടാനും കഴിയും. ഇടവേളകളിലെ വിരസതയകറ്റാന്‍ രാമന്‍, പശു, പാകിസ്താന്‍ തുടങ്ങിയ കളിക്കോപ്പുകള്‍ ധാരാളമാണെന്ന് തെളിയിക്കപ്പെട്ടതുമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss