|    Mar 28 Tue, 2017 9:34 pm
FLASH NEWS

ജനങ്ങളെ കബളിപ്പിച്ചുള്ള ടോള്‍ കമ്പനിയുടെ പാലം മിനുക്കിപ്പണി നല്‍കിയത് വീണ്ടും ഒരു ദുരന്തം

Published : 14th July 2016 | Posted By: SMR

പുതുക്കാട്: അധികാരികളുടെ കണ്ണില്‍ പൊടിയിട്ട് ടോള്‍ കമ്പനിയുടെ പാലം നിര്‍മാണം ഒരു ദരന്തം കൂടി നല്‍കി. ബലക്ഷയമുള്ള പാലത്തിന്റെ കൈവരികള്‍ മിനുക്കു പണി തീര്‍ത്തതാണ് ദുരന്തത്തിനു വഴിയൊരുക്കിയത്. 1972 ലാണ് ദേശീയപാതയില്‍ കുറുമാലി പുഴയ്ക്ക് കുറുകെ പാലം നിര്‍മിച്ചത്.
നാലര പതിറ്റാണ്ട് പഴക്കമുള്ള പാലം ബിഒടി കമ്പനി ഏറ്റെടുത്തുവെങ്കിലും ബലക്ഷയമുള്ള കൈവരികളും ഫുട്പാത്തും പുതുക്കി നിര്‍മിക്കാന്‍ കമ്പനി അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ദേശിയപാത നിര്‍മാണം ഏറ്റെടുത്ത കമ്പനി കാലപഴക്കം ചെന്ന പാലം തല്‍സ്ഥിതിയില്‍ നിര്‍ത്തി ടാര്‍ ചെയ്യുകയായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ പാലത്തിന്റെ കൈവരി തകര്‍ത്ത് ടിപ്പര്‍ ലോറി പുഴയിലേക്ക് മറിഞ്ഞ് െ്രെഡവറെ കാണാതായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ആമ്പല്ലൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കൈവരിയില്‍ ഇടിച്ച് പുഴയിലേക്ക് തൂങ്ങി കിടന്നിരുന്നു. അത്ഭുതകരമായാണ് അന്ന് കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്. കഴിഞ്ഞ സെപ്തംബറില്‍ കാര്‍ നിയന്ത്രണം വിട്ട് കൈവരിയിലിടിച്ച് പുഴയിലേക്ക് മറിഞ്ഞ് ഉണ്ടായ ദുരന്തത്തില്‍ രണ്ട് യുവാക്കള്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ടോള്‍ കമ്പനിക്കെതിരേ പ്രതിഷേധ സമരം നടത്തിയെങ്കിലും പോലിസ് ഇടപെട്ട് സമരം ഒത്തുതീര്‍പ്പില്‍ എത്തിക്കുകയായിരുന്നു.
ഒരു മാസത്തിനകം പാലത്തിന് പുതിയ കൈവരികള്‍ നിര്‍മിക്കുമെന്നും നടപ്പാതയുടെ ഉയരം കൂട്ടുമെന്നും കമ്പനി അധികൃതര്‍ പോലിസിനും നാട്ടുകാര്‍ക്കും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒരു മാസത്തിനു ശേഷം പാലത്തിന്റെ കൈവരികള്‍ കമ്പനി അധികൃതര്‍ നിര്‍മിച്ചത് നാട്ടുകാരെയും പോലിസിനെയും കബളിപ്പിച്ചുകൊണ്ടായിരുന്നു.
തകര്‍ന്നടിഞ്ഞും പൊട്ടിപൊളിഞ്ഞും ഏതു സമയത്തും നിലംപൊത്താറായ കൈവരികള്‍ സിമന്റ് തേച്ച് മിനുക്കി ചായം പൂശി നിര്‍മിക്കുകയായിരുന്നു കമ്പനി. കമ്പനി അധികൃതരുടെ കള്ളത്തരം പുറത്തു കൊണ്ടുവരാന്‍ മറ്റൊരു ദുരന്തം കാരണമായി.  ബീമുകള്‍ക്കിടയില്‍ തെര്‍മോകോള്‍ പാളികള്‍ വച്ചാണ് കൈവരികളുടെ ബലക്ഷയം ടോള്‍ കമ്പനി തീര്‍ത്തത്. നടപ്പാതയുടെ ഉയരം കൂട്ടിയിരുന്നുവെങ്കില്‍ ഇന്ന് പുലര്‍ച്ചെ ടിപ്പര്‍ ലോറി പുഴയിലേക്ക് മറിയില്ലായിരുന്നു.
ഇത്തരം അനധികൃത പ്രവര്‍ത്തികള്‍ നടത്തി  ദുരന്തങ്ങള്‍ വിളിച്ചു വരുത്തിയിട്ടും ടോള്‍ കമ്പനിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും പോലിസിനോ അധികാരി വര്‍ഗങ്ങള്‍ക്കോ കഴിയാത്തത് ദയനീയമായി കാണുകയാണ് നാട്ടുകാര്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day