|    May 30 Tue, 2017 9:20 am
FLASH NEWS

ജനങ്ങളെയും വെല്ലുവിളിച്ച് കോടതി വളപ്പില്‍ തടസം സൃഷ്ടിച്ച് അഭിഭാഷകര്‍

Published : 28th July 2016 | Posted By: SMR

കൊല്ലം: നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സിവില്‍ സ്റ്റേഷനില്‍ അഭിഭാഷകര്‍ വഴി തടയുന്നവരായപ്പോള്‍ പോലിസും കാഴ്ചക്കാരാകേണ്ടി വന്നു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രത്തെ കറുത്ത കോട്ടിട്ടവര്‍ തടഞ്ഞ കാഴ്ചയാണ് കൊല്ലം സിവില്‍ സ്‌റ്റേഷനില്‍ കാണാനായത്. പോലിസ് ഡ്രൈവര്‍  മണിയന്‍പിള്ള വധക്കേസില്‍ വിധി പറയുന്ന ദിവസം മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ഒരുകൂട്ടം അഭിഭാഷകര്‍ രംഗത്തിറങ്ങിയതാണ് സാധാരണക്കാരെ വലച്ചത്.
സിവില്‍ സ്‌റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തിയവരെബുദ്ധിമുട്ടിലാക്കിയ സംഭവത്തില്‍ അഭിഭാഷകര്‍ക്കിടയില്‍ ഭിന്നത  ഉടലെടുത്തു. മണിയന്‍പിള്ള വധക്കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിക്ക്ശിക്ഷ വിധിക്കുന്ന ദിവസം വാര്‍ത്ത ജനങ്ങളിലെത്തിക്കാന്‍ രാവിലെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നു. എറണാകുളത്തും തിരുവനന്തപുരത്തും കോടതി വളപ്പിലുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ തടയുമെന്ന് ഒരു വിഭാഗംഅഭിഭാഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബുധനാഴ്ച രാവിലെ തന്നെ അഭിഭാഷകര്‍ പ്രധാന ഗേറ്റ് കൈയടക്കി. മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ പ്രവേശിക്കുന്നതിന് തടസമില്ലെന്നും എന്നാല്‍, ആരെങ്കിലും പ്രതിഷേധിച്ചാല്‍ തടയാനാവില്ലെന്നുമാണ് ബാര്‍ അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചത്. ജില്ലാ ജഡ്ജി അറിയിച്ചതനുസരിച്ച് വന്‍ പോലിസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.
കോടതി വളപ്പിലേക്ക് പ്രവേശിക്കേണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിച്ചെങ്കിലും അഭിഭാഷകസംഘം ഗേറ്റില്‍ നിലയിറപ്പിച്ചു.
ഇതോടെ സിവില്‍ സ്‌റ്റേഷനിലെ വിവിധ ഓഫിസുകളിലെത്തേണ്ടവര്‍ വട്ടം ചുറ്റി. പോലിസിന്റെ സഹായത്തോടെ പലരെയും അഭിഭാഷകര്‍ക്കിടയിലൂടെ കടത്തി വിടുകയായിരുന്നു. കറുത്ത കോട്ടിട്ടവര്‍ക്ക് സഞ്ചാരസ്വാതന്ത്യം തടയാനുള്ള
അധികാരവുമുണ്ടോയെന്ന് പലരും പ്രതികരിച്ചു. അഭിഭാഷകരില്‍ ചിലര്‍ മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കാനും ശ്രമിച്ചു. കാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ പലരും ശ്രമിച്ചു. മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ പോലിസ് ഇടപെട്ട് ഇത്തരക്കാരെ മാറ്റി. കോടതിയിലെ വനിതാ— ജീവനക്കാരെ മൊബൈല്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അഭിഭാഷകര്‍ നിയോഗിച്ചിരുന്നു. ഇതാരും പ്രശ്‌നമാക്കാതിരുന്നതോടെ മണിക്കൂറുകളോളം മൊബൈല്‍ കാമറ പിടിച്ചു വെറുതെ നില്‍ക്കേണ്ടി വന്നു. ഉച്ചയോടെ ചിലര്‍ സംഘര്‍ഷമുണ്ടാക്കാന്‍ നുഴഞ്ഞു കയറി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെന്ന് പറയുന്ന ചിലരെത്തി മാധ്യമപ്രവര്‍ത്തകരോട്
സൗഹൃദം പുതുക്കി കാമറകള്‍ക്ക് മുഖം കാണിച്ചശേഷം കോടതിക്കകത്തേക്ക് കയറി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു. പോര്‍വിളി ശക്തമായതോടെ പോലിസ് ഇടപെട്ട് ഇവരെ പുറത്തെത്തിച്ചു. മാധ്യമപ്രവര്‍ത്തകരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് എസിപി ഇവരോട് സ്ഥലത്തുനിന്ന് പോകാന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day