|    Apr 20 Fri, 2018 4:28 pm
FLASH NEWS

ജനങ്ങളുടെ സൈ്വര ജീവിതം തകര്‍ത്ത് മോഷ്ടാക്കള്‍ വിഹരിക്കുന്നു

Published : 10th October 2016 | Posted By: SMR

അടൂര്‍: ജില്ലയില്‍ ഭവനഭേദനവും മോഷണവും വര്‍ധിക്കുന്നതായി പരാതി. വീടുകള്‍, ആരാധനാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് അടുത്തകാലത്തു നടന്ന മോഷണങ്ങളില്‍ പ്രതികളെ പിടികൂടാനായത് ഒന്നോ, രണ്ടോ സംഘത്തെ മാത്രം. ജില്ലയിലെ മൂന്നു കവര്‍ച്ചാ കേസുകള്‍ ഉള്‍പ്പടെ ഒട്ടേറെ കേസുകളില്‍ പ്രതികളും കമിതാക്കളുമായ വടശ്ശേരിക്കര മുള്ളമ്പാറ വീട്ടില്‍ അനീഷ് പി നായര്‍(33), മന്ദമരുതി പാലനില്‍ക്കുന്നതില്‍ സുമ എന്നു വിളിക്കുന്ന ലത(43)യെയുമാണ് ആറന്മുള പോലിസ് അറസ്റ്റ് ചെയ്തത്.
നാരങ്ങാനത്തെ ആള്‍ താമസമില്ലാത്ത വീട്ടില്‍ കവര്‍ച്ച നടത്തുന്നതിനുള്ള ശ്രമം പോലിസ് പട്രോളിങിനിടെ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിനിടയിലാണ് പ്രതികള്‍ പോലിസ് വലയിലാവുന്നത്. മറ്റൊരു കേസില്‍ കടമ്പനാട് വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാര്‍ കടത്തികൊണ്ടുപോയ സംഭവത്തില്‍ ശൂരനാട് ഇരവിച്ചിറ കിഴക്ക് കാത്താണി കോളനി കൊപ്പാറ കിഴക്കേതില്‍ സിബി(27)നെയും എനാത്ത് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങളില്‍ സംഘമായാണ് ജില്ലയില്‍ നടന്ന കവര്‍ച്ചകളില്‍ അധികവും മോഷ്ടാക്കളെത്തിയിട്ടുള്ളതെന്നാണ് പോലിസ് പറയുന്നത്.
പകല്‍ സമയങ്ങളില്‍ വീടുകളെപറ്റിയുള്ള വിവരങ്ങള്‍ നാട്ടിലെത്തി ശേഖരിച്ചശേഷമാണ് രാത്രിയില്‍ മോഷണം നടത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് ഡസനിലധികം മോഷണങ്ങളാണ് ഇത്തരത്തില്‍ ജില്ലയില്‍ നടന്നത്. സമാന സ്വഭാവമുള്ള സംഭവങ്ങളാണെങ്കിലും പ്രതികളെ കണ്ടെത്താനാകാത്ത സ്ഥിതിയിലാണ് പോലിസ്. കുരിശടികള്‍ക്കും കാണിക്കവഞ്ചികള്‍ക്കുംസമീപം നിരീക്ഷണ കാമറകള്‍ ഉണ്ടാകണമെന്നും അതാത് ദിവസം പണംമാറ്റിക്കൊള്ളണമെന്നും പോലിസ് നിര്‍ദേശം നല്‍കിയതു വെറുതെയല്ലെന്നു മോഷ്ടാക്കള്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായ മോഷണങ്ങളാണ് ഇത്തരം സ്ഥലങ്ങളില്‍ നടക്കുന്നത്.
കഴിഞ്ഞദിവസം കണ്ണമ്പള്ളി ഉണ്ണിമിശിഹാ കുരിശടിയില്‍ മോഷണ ശ്രമമുണ്ടായി. കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിക്കുകയായിരുന്നു ലക്ഷ്യം. ഉള്ളിലെ പൂട്ട് തകര്‍ക്കാന്‍ കഴിയാതിരുന്നതിനാല്‍ മോഷണശ്രമം പരാജയപ്പെട്ടു. ഇടമുറി ക്ഷേത്രത്തിലും മോഷണം നടന്നു. കോഴഞ്ചേരി-ചെറുകോല്‍പ്പുഴ-തീയാടിക്കല്‍ റോഡരികിലെ രണ്ട് കുരിശടികള്‍ ഒരു രാത്രി കുത്തിത്തുറന്ന് പണം അപഹരിച്ചത് കഴിഞ്ഞയാഴ്ചയാണ്. അയിരൂര്‍ സെന്റ് പാട്രിക് മലങ്കര കത്തോലിക്കാ പള്ളിയുടെയും അയിരൂര്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്‌സ് പഴയപള്ളിയുടെയും കുരിശടികളാണ് കുത്തിത്തുറന്നത്.
തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കുരിശടികള്‍ വാഹനത്തിരക്ക് കുറവുള്ള റോഡരികിലുമാണ്. പോലിസ് നിര്‍ദേശം വന്നതിനുശേഷം കുരിശടികളില്‍ പണം അധിക ദിവസങ്ങള്‍ വയ്ക്കാറില്ലെന്ന് പറയുന്നു. തൊട്ടടുത്ത ദിവസം കീക്കൊഴൂര്‍ ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തി ല്‍ മോഷണം നടന്നു. രണ്ടു കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് ഇവിടെനിന്നു പണം അപഹരിച്ചു. നാലമ്പലത്തിന്റെ മേല്‍ക്കൂരയിലൂടെയാണ് മോഷ്ടാവ് അകത്തു കടന്നത്. നാലമ്പലത്തിന്റെ ഒരു കതക് തുറന്നു കിടക്കുന്നതു കണ്ട് കഴകക്കാരന്‍ ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിക്കുകയും അവര്‍ നടത്തിയ പരിശോധനയില്‍ ബലിക്കല്‍പ്പുരയില്‍ വച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തി. വീടുകള്‍ കേന്ദ്രീകരിച്ച സംഘം ചേര്‍ന്നാണ് പലപ്പോഴും മോഷണം  നടക്കുന്നത്. തദ്ദേശവാസികളായ മോഷ്ടാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് സൂചന.
ഇവര്‍ കൂട്ടാളികള്‍ക്ക് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാഹനങ്ങളിലെത്തിയാണ് മോഷണം  നടത്തുന്നത്. അടച്ചിട്ടതും സ്ത്രീകള്‍ ഒറ്റയ്ക്കും വയോധികര്‍ മാത്രമായുംതാമസിക്കുന്ന നിരവധി  വീടുകളാണുള്ളത്. ഇത്തരം വീടുകള്‍ മുന്‍കൂട്ടി കണ്ടെത്തി മോഷണം നടത്തുന്ന പ്രവണത അടുത്ത കാലത്ത് വര്‍ധിച്ചുവരുന്നു. റാന്നി മേഖലയില്‍ കഴിഞ്ഞദിവസം അടുത്തടുത്ത വീടുകളിലാണ് മോഷണം നടന്നത്. ഐത്തല, ചെറുകുളഞ്ഞി, കിടങ്ങുമൂഴി എന്നിവിടങ്ങളിലായി രണ്ടു വീടുകളില്‍ മോഷണവും അഞ്ചു വീടുകളില്‍ മോഷണശ്രമവുമുണ്ടായത് ഒരു രാത്രിയിലാണ്. തൊട്ടടുത്ത വീടുകളില്‍ മോഷണം നടത്തുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. രാത്രികാലങ്ങളില്‍ വിളിച്ചുകൂവിയാല്‍ പോലും സമീപവാസികള്‍ പുറത്തിറങ്ങാന്‍ മടിക്കുമെന്നും മോഷ്ടാക്കള്‍ മനസിലാക്കിയിരിക്കുന്നു. ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മമാരായ ഐത്തല പുന്നവേലില്‍ തുണ്ടിയില്‍ പെണ്ണമ്മ കുര്യാക്കോസ്, കിടങ്ങുമൂഴി ചെറിയവാളിക്കല്‍ ഇന്ദിരാദേവി എന്നിവരുടെ മാലകള്‍ മോഷ്ടാക്കള്‍ അപഹരിക്കുകയും ചെയ്തു.
ഐത്തല പാലത്തിങ്കല്‍ ബേബി, പുളിനില്‍ക്കുംപറമ്പില്‍ സജു ജോസഫ്, ചെറുകുളഞ്ഞി ഇടവൂര്‍ ഇ.എസ്. രാധാകൃഷ്ണപിള്ള, തൊടുകയില്‍ ഗോപിനാഥന്‍ നായര്‍, തോരണത്തില്‍ ഏലിക്കുട്ടി എന്നിവരുടെ വീടുകളിലാണ് മോഷണശ്രമമുണ്ടായത്. തൊട്ടടുത്ത വീടുകളിലാണ് മോഷണശ്രമങ്ങളേറെയുണ്ടായത്. കതക് തുറക്കാനുള്ള ശ്രമത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ പലയിടത്തുനിന്നും മോഷ്ടാവ് രക്ഷപെടുകയായിരുന്നു.
കൈലിയുടുത്ത് മുഖവും തലയും മറച്ച് ഒരാള്‍ ചില വീടുകള്‍ക്കു മുമ്പില്‍ നിന്ന് ഓടിപ്പോവുന്നതു കണ്ടവരുണ്ട്. പുലര്‍ച്ചെയോടെ പുന്നവേലില്‍ പെണ്ണമ്മ കുര്യാക്കോസിന്റെ വീട്ടില്‍ മോഷ്ടാക്കള്‍എത്തിയത്. ശബ്ദം കേട്ട് പെണ്ണമ്മ ഉണര്‍ന്നപ്പോള്‍ അടുക്കളവാതിലിലൂടെ ഒരാള്‍ പുറത്തേക്കിറങ്ങന്നത് കണ്ടു. അടുക്കളയുടെ കതക് അടച്ചശേഷം പെണ്ണമ്മ ബഹളം വച്ചു. അരമണിക്കൂറോളം ബഹളം വച്ചെങ്കിലും സഹായത്തിന് ആരും എത്തിയില്ല. തുടര്‍ന്ന് വീടിനുമുമ്പിലെ കതക് തുറന്ന് പുറത്തിറങ്ങി വിളിച്ചു കൂവാന്‍ ശ്രമിക്കുന്നതിനിടെമുറ്റത്തു നിന്നിരുന്ന രണ്ടുപേര്‍ വീടിനുള്ളിലേക്ക് കടന്ന് പെണ്ണമ്മയുടെ കഴുത്തില്‍ കിടന്ന രണ്ടുപവന്‍ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നുവെന്ന് പറയുന്നു.
പിടിവലിയ്ക്കിടെ പെണ്ണമ്മയ്ക്കു പരിക്കേറ്റു. അടുക്കള ഭാഗത്തെ കതക് കുത്തിത്തുറന്നാണ് ഇന്ദിരാദേവിയുടെ വീടിനകത്തും മോഷ്ടാക്കള്‍ കടന്നത്. രണ്ടര പവന്റെ മാലയാണ് ഇന്ദിരാദേവിക്കും നഷ്ടമായത്. കോന്നിയില്‍ നിന്നു പത്തനംതിട്ടയിലേക്കുള്ള യാത്രാ മധ്യേ ബസ്സില്‍ വച്ച് യുവതിയുടെ ഒരു ലക്ഷം നഷ്ടമായതും രണ്ടാഴ്ചക്ക് മുമ്പാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss