|    Jan 23 Mon, 2017 4:05 pm

ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഒരുമിച്ചുനില്‍ക്കണം: മന്ത്രി

Published : 8th October 2016 | Posted By: Abbasali tf

പത്തനംതിട്ട: ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. പത്തനംതിട്ട ജില്ലയെ സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്ത ജില്ലയായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കാര്യങ്ങളില്‍ പതിനാലാം സ്ഥാനത്ത് നിന്ന പത്തനംതിട്ട ജില്ല ഒഡിഎഫ് പ്രഖ്യാപനത്തില്‍ അഞ്ചാം സ്ഥാനത്തെത്തിയത് രാഷ്ട്രീയ പ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ്. വികസന കാര്യത്തില്‍ ജില്ലയിലെ രാഷ്ട്രീയ പ്രതിനിധികള്‍ കക്ഷി ഭേദമന്യേ പ്രവര്‍ത്തിക്കുമെന്നതിന്റെ ഉദാഹരണം കൂടിയാണിത്. ജില്ലയെ വെളിയിട വിസര്‍ജന മുക്തമാക്കുന്നതില്‍ യാതൊരു വിഭാഗീയതയുമില്ലാതെ എല്ലാവരും പ്രവര്‍ത്തിച്ചു. പുളിക്കീഴ് ബ്ലോക്കിനെ ഒഡിഎഫ് ആയി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പ്രസിഡന്റിനെ പ്രതിപക്ഷ നേതാവ് പൊന്നാടയണിയിച്ച് ആദരിക്കുകയുമുണ്ടായി. ഇത് ഒ.ഡി.എഫ് പ്രഖ്യാപനമെന്നതിനു പുറമേ നമ്മുടെ ഐക്യം പ്രഖ്യാപിക്കുന്ന വേളകൂടിയാണ്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി, വൈദ്യുതീകരണ പദ്ധതി, ഹരിത കേരളാ മിഷന്‍, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹൈടെക് ആക്കുന്ന പദ്ധതി, ആശുപത്രികളെ സൗഹൃദ കേന്ദ്രങ്ങളാക്കുന്ന പദ്ധതി എന്നിവയിലെല്ലാം ഈ കൂട്ടായ്മ ഉണ്ടാവണം. പദ്ധതികള്‍ വിജയിപ്പിക്കുന്നതില്‍ ജനപങ്കാളിത്തവും പ്രധാനമാണ്. ഒഡിഎഫിന്റെ വിജയത്തില്‍ ജനങ്ങളുടെ നിര്‍ണായ ഇടപെടല്‍ ഉണ്ട്. പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയതിന് ജില്ലയിലെ ജനപ്രതിനിധികളെ മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീലും അഭിനന്ദിച്ചിട്ടുണ്ട്. ഒ.ഡി.എഫ് പദ്ധതി നടപ്പാക്കുന്നതിന് പഞ്ചായത്തുകള്‍ ചെലവഴിച്ച തുക വീഴ്ചകൂടാതെ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. വലിയൊരു ദൗത്യമാണ് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പൂര്‍ത്തിയായിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കക്കൂസില്ലെന്ന കാരണത്താല്‍ വിവാഹം മുടങ്ങിയ സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ടെന്നും ജില്ല ഒരുമിച്ച് നിന്നതിന്റെ ഫലമാണ് ഒ.ഡി.എഫ് വിജയമെന്നും രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. പലപ്പോഴും പിറകിലാകുന്ന ജില്ല മുന്നിലെത്തിയതിന്റെ സന്തോഷമുണ്ടെന്നും മന്ത്രി മാത്യു ടി തോമസിന്റെയും ജില്ലാ കലക്ടര്‍ ആര്‍ ഗിരിജയുടെയും ഇടപെടലുകള്‍ വിജയത്തിനു കാരണമായതായും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ജില്ലയില്‍ 10182 കുടുംബങ്ങള്‍ക്കാണ് കക്കൂസുകള്‍ നിര്‍മിച്ചു നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, സ്ഥിരം സമിതി അധ്യക്ഷ ലീലാ മോഹന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബി സത്യന്‍, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് മനോജ്, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സുധാകരന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക