|    Mar 24 Fri, 2017 5:44 pm
FLASH NEWS

ജനങ്ങളുടെ കാവലാളായി നിലകൊള്ളും: വിഎസ്

Published : 22nd May 2016 | Posted By: SMR

തിരുവനന്തപുരം: ജനകീയ വിഷയങ്ങളും ഇടതുപക്ഷ നിലപാടും ഉയര്‍ത്തിപ്പിടിച്ച് തുടര്‍ന്നുള്ള ദിവസങ്ങളിലും കേരളത്തിലെ ജനങ്ങളുടെ കാവലാളായി നിലകൊള്ളുമെന്ന് വി എസ് അച്യുതാനന്ദന്‍. പ്രതിപക്ഷനേതാവ് പദവിയിലെ തന്റെ അവസാന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനമാനങ്ങള്‍ ചര്‍ച്ചാവിഷയമല്ല. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കുന്ന ആളല്ല താന്‍. എന്നെ അറിയാവുന്നവര്‍ക്ക് ഇക്കാര്യം ബോധ്യമുള്ളതാണ്.
പ്രതിപക്ഷനേതാവിന്റെ ചുമതല ഒഴിയുകയാണ്. അതിനു നന്ദിപറയുന്ന അവസരത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല. തിരുവനന്തപുരത്തുതന്നെ ഉണ്ടാവുമെന്നും തന്നെ കാണാന്‍ ആലപ്പുഴയിലേക്കു വരേണ്ടിവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദ ചോദ്യങ്ങള്‍ക്ക് എതിര്‍പ്പോ അതൃപ്തിയോ പ്രകടിപ്പിക്കാതെ നിയന്ത്രണത്തോടെയാണ് വിഎസ് മറുപടി നല്‍കിയത്. എല്‍ഡിഎഫിന് അഭിമാനാര്‍ഹമായ ജയം സമ്മാനിച്ച വോട്ടര്‍മാരെ അഭിനന്ദിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ലഭിച്ച ആവേശകരമായ സ്വീകരണങ്ങളും ജനങ്ങള്‍ പങ്കുവച്ച പ്രശ്‌നങ്ങളും പ്രതീക്ഷകളും അങ്ങേയറ്റം വിലമതിക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം ഭരിച്ച സര്‍ക്കാര്‍ നമ്മെ എവിടെയാണ് എത്തിച്ചതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവാനിടയില്ല. സ്ത്രീപീഡനത്തിന്റെയും സര്‍ക്കാര്‍ഭൂമി പതിച്ചുനല്‍കലിന്റെയും ബാര്‍കോഴയുടെയും സോളാര്‍ കുംഭകോണത്തിന്റെയുമെല്ലാം കഥകള്‍ കൊച്ചുകുട്ടികള്‍ക്കുപോലുമറിയാം. എന്നാല്‍, തെളിവില്ലെന്നും തനിക്കെതിരേ കേസില്ലെന്നും പറഞ്ഞ് നടപടിയെടുക്കാന്‍ ബാധ്യതപ്പെട്ട മുഖ്യമന്ത്രിതന്നെ തീര്‍പ്പുകല്‍പ്പിക്കുന്നതാണു നാം കണ്ടത്. മുന്‍ സര്‍ക്കാരിന്റെ കാലത്തു നടത്തിയ വന്‍കിട കുംഭകോണങ്ങള്‍ പുറത്തുകൊണ്ടുവരികയും കുറ്റവാളികളെ നിയമത്തിന്റെ മുന്നിലെത്തിക്കുകയും ചെയ്യേണ്ടത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്.
സോളാര്‍ കുംഭകോണമായാലും ജിഷ വധക്കേസായാലും പാറ്റൂര്‍ ഉള്‍പ്പെടെയുള്ള ഭൂമി ഇടപാടുകളായാലും കൈയേറ്റങ്ങളായാലും ബാര്‍കോഴയായാലും ജനങ്ങളോടു ചെയ്ത വന്‍ അപരാധങ്ങളാണ്. ഇവയിലെല്ലാം സുതാര്യവും സത്യസന്ധവുമായ അന്വേഷണങ്ങള്‍ നടക്കണമെന്നു ജനം ആഗ്രഹിക്കുന്നു.
ജിഷയുടെ ഘാതകരെ തുറുങ്കിലടയ്ക്കുന്ന നാളുകള്‍ വിദൂരമല്ല. കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും സ്മാര്‍ട്ട്‌സിറ്റിയും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജനം പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത് എല്‍ഡിഎഫിലാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. ഏറെ സന്തോഷത്തോടെ ചിരിച്ച്, മൂന്നുതവണ മാധ്യമപ്രവര്‍ത്തകരോട് ഗുഡ്‌ബൈ പറഞ്ഞാണ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.

(Visited 39 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക