|    Sep 25 Tue, 2018 12:24 pm
FLASH NEWS

‘ജനങ്ങളുടെ ഐക്യം തകര്‍ക്കാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കണം’

Published : 28th January 2017 | Posted By: fsq

 

ആലപ്പുഴ: ജനങ്ങളുടെ ഐക്യം ഛിന്നഭിന്നമാക്കാനുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും സദാജാകരൂകരായിരിക്കണമെന്നും ജലവിഭവ മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. അറുപത്തിയെട്ടാമത് റിപബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ആലപ്പുഴ റിക്രിയേഷന്‍ മൈതാനത്തു റിപബ്ലിക്ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വൈദേശിക ആധിപത്യത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ഒരൊറ്റ ജനതയായി ഒരുമിച്ച് നിന്ന് പ്രതിസന്ധികളെയും ഭീഷണികളെയും അതിജീവിച്ച് മുന്നേറിയ ചരിത്രമാണ് രാജ്യത്തിനുള്ളത്. ജനതയുടെ ഐക്യം ഛിന്നഭിന്നമാക്കാനുള്ള ബാഹ്യശക്തികളുടെ എല്ലാ നീക്കങ്ങളെയും പരിശ്രമങ്ങളെയും നാം ഒരുമിച്ചുനിന്ന് ചെറുത്തു തോല്‍പിച്ചു. മതത്തിന്റെയോ മറ്റേതെങ്കിലും ഘടകത്തിന്റെയോ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആഭ്യന്തരമായ എല്ലാ ശ്രമങ്ങളെയും ഒറ്റക്കെട്ടായി ചെറുക്കാന്‍ നാം ബാധ്യസ്ഥരാണ്. ഫാഷിസത്തിന്റെയോ വര്‍ഗീയതയുടെയോ പേരിലും മറ്റു രൂപത്തിലും ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടികള്‍ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും ഒരു രൂപത്തിലും ഭരണകൂടം അതിനുകൂട്ടുനില്‍ക്കുകയില്ലെന്ന് എല്ലാ ജനങ്ങളെയും ബോധ്യപ്പെടുത്തുന്ന രീതിയില്‍ ജനതയെ ഒന്നായി കണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്ന് പ്രതിജ്ഞ ചെയ്യാം. കൊടുംവരള്‍ച്ചയെ അഭിമുഖീകരിക്കുകയാണ് നാട്. ജലം ജീവനാണ്. വരും തലമുറയ്ക്കായി ജലവിഭവത്തെ കാത്തുസൂക്ഷിക്കണം. ഇതിനായി ജലം സൂക്ഷ്മമായി ഉപയോഗിക്കമണമെന്നും മന്ത്രി പറഞ്ഞു.പരേഡില്‍ മികച്ച പ്രകടനം കാഴ്ചവച്ച പ്ലാറ്റൂണുകള്‍ക്കുള്ള ഉപഹാരങ്ങള്‍ മന്ത്രി സമ്മാനിച്ചു. ദേശഭക്തിഗാന-ദേശീയഗാനാലാപന മത്സരത്തില്‍ വിജയികളായ ആലപ്പുഴ സെന്റ് ജോസഫ്‌സ് ജിഎച്ച്എസിലെയും സെന്റ് മേരീസ് റസിഡന്‍ഷ്യല്‍ സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. ലോക്കല്‍ പോലിസ്, സായുധ പോലിസ്, വനിതാ പോലിസ്, എക്‌സൈസ്, എന്‍സിസി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ് പോലിസ് കേഡറ്റ്‌സ്, ബുള്‍ബുള്‍, കബ്‌സ് എന്നീ വിഭാഗങ്ങളുടെ 25 പ്ലാറ്റൂണുകളും പോലിസിന്റെയും സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും ബാന്‍ഡ് സെറ്റുകളും പരേഡില്‍ അണിനിരന്നു. ദേശഭക്തി ഗാനാലാപനം, ബാന്‍ഡ് ഡിസ്‌പ്ലേ എന്നിവ നടന്നു. ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍, ജില്ലാ പോലിസ് മേധാവി വി എം മുഹമ്മദ് റഫീഖ്, നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, മുന്‍ എംഎല്‍എ എ എ ഷുക്കൂര്‍, നഗരസഭാംഗങ്ങള്‍ സന്നിഹിതരായിരുന്നു. ആയിരക്കണക്കിന് പേര്‍ പങ്കുചേര്‍ന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss