|    Oct 23 Tue, 2018 4:08 am
FLASH NEWS
Home   >  Editpage  >  Editorial  >  

ജനങ്ങളില്‍ നിന്ന് അകലുന്ന ഭരണകൂടം

Published : 5th December 2017 | Posted By: kasim kzm

ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ ദുരന്തം ഏറ്റുവാങ്ങിയ വിഴിഞ്ഞത്തെയും പൂന്തുറയിലെയും ജനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന ഭരണസംവിധാനത്തിനു നേരെ കടുത്ത അസംതൃപ്തി പരസ്യമായിത്തന്നെ പ്രകടിപ്പിക്കുകയുണ്ടായി. വിഴിഞ്ഞം സന്ദര്‍ശിച്ച മുഖ്യമന്ത്രിയെ ജനം കടുത്ത പ്രതിഷേധത്തോടെയാണ് നേരിട്ടത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ജെ മേഴ്‌സിക്കുട്ടിയമ്മയും അടക്കം സംസ്ഥാന സര്‍ക്കാരിന്റെ മറ്റു പ്രതിനിധികള്‍ക്കും മല്‍സ്യത്തൊഴിലാളികളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടിവന്നു. ദുരന്തം സംഭവിച്ച് നാലു ദിവസം കഴിഞ്ഞ ശേഷമാണ് മുഖ്യമന്ത്രി ദുരിതബാധിതരായ ജനങ്ങളെ കാണാനെത്തിയത് എന്നതില്‍ സംസ്ഥാനമൊട്ടുക്കും മല്‍സ്യത്തൊഴിലാളി മേഖലയില്‍ പ്രതിഷേധം അലയടിക്കുന്നുണ്ട്. വിഴിഞ്ഞത്തും പൂന്തുറയിലും മാത്രമല്ല, മറ്റു പ്രദേശങ്ങളിലും ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലാണ്. ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്നിരിക്കുന്ന കടുത്ത അസംതൃപ്തി അത്ര വേഗം കെട്ടടങ്ങുമെന്നു വിചാരിക്കാനാവില്ല. ചുഴലിക്കൊടുങ്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് എപ്പോഴാണു കിട്ടിയത് എന്ന വിവാദം കത്തിനില്‍ക്കുന്നതിനിടയിലാണ് ഈ പ്രതിഷേധ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നത്. കാലാവസ്ഥാ മുന്നറിയിപ്പു സംബന്ധിച്ച വളരെ ഫലപ്രദമായ സംവിധാനങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ഇത്തവണയും കൃത്യമായ മുന്നറിയിപ്പുകള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നു പുറപ്പെടുവിച്ചിട്ടുമുണ്ട്. സാധാരണ നിലയില്‍ വിവിധ സംസ്ഥാനങ്ങളിലെ ദുരന്തനിവാരണ ഏജന്‍സികളും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാറുമുണ്ട്. കേരളത്തില്‍ ദുരന്തം ആഞ്ഞടിക്കുന്നതുവരെ അതേക്കുറിച്ചു ഭരണകൂടം വലിയ ഉല്‍ക്കണ്ഠയൊന്നും പ്രകടിപ്പിച്ചില്ല എന്നത് വാസ്തവമാണ്. ഭരണസംവിധാനത്തിന്റെ കെടുകാര്യസ്ഥത ഇത്രമേല്‍ വെളിപ്പെടുത്തിയ മറ്റ് അധികം സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാട്ടാനില്ല. ഒരുപക്ഷേ, ഭാവിയില്‍ ഇത്തരം തെറ്റുകള്‍ വരാതിരിക്കാന്‍ ഇപ്പോഴത്തെ വിമര്‍ശനങ്ങള്‍ സഹായകമായെന്നും വരാം. പക്ഷേ, എന്തുകൊണ്ടാണ് ഭരണസംവിധാനത്തില്‍ ഇത്ര കടുത്ത പിഴവും കെടുകാര്യസ്ഥതയും സംഭവിച്ചത് എന്ന് ഭരണാധികാരികള്‍ ആഴത്തില്‍ വിലയിരുത്തേണ്ടതാണ്. ഭരണകൂടം ചലിക്കുന്നില്ല എന്ന വികാരം ജനങ്ങള്‍ക്കിടയില്‍ പ്രബലമാണ്. ഇത് റവന്യൂ വകുപ്പിനെ മാത്രം ബാധിക്കുന്ന വിഷയവുമല്ല. പോലിസ് സംവിധാനം അടക്കം ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന വകുപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചും പരാതികള്‍ നിരന്തരം ഉയര്‍ന്നുവരുകയാണ്. മന്ത്രിസഭയിലും മന്ത്രിസഭയെ നയിക്കുന്ന മുന്നണിയിലുമുള്ള പടലപ്പിണക്കങ്ങളും രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള പാരവയ്പുകളും ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയെ കാര്യമായി ബാധിച്ചതായി കണക്കാക്കണം. ചീഫ് സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം സംബന്ധിച്ചും പരാതി ഉയര്‍ന്നുവന്നിട്ടുണ്ട്. എന്തുകൊണ്ടാണ് അവര്‍ക്ക് ഫലപ്രദമായി തങ്ങളുടെ കടമകള്‍ നിറവേറ്റാന്‍ കഴിയാതെ പോയത്? ഭരണസംവിധാനത്തെ കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങളുടെയും കിടമല്‍സരങ്ങളുടെയും വേദിയാക്കി മാറ്റിയത് അതിനു കാരണമായിട്ടുണ്ടോ? റവന്യൂ വകുപ്പിലെ സെക്രട്ടറിയെ മാറ്റണമെന്ന് ബന്ധപ്പെട്ട മന്ത്രി തന്നെ ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാത്ത മുഖ്യമന്ത്രിയാണ് ഇതിനു മറുപടി നല്‍കേണ്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss