|    Sep 21 Fri, 2018 9:35 am
FLASH NEWS

ജനങ്ങളില്‍നിന്നും യാത്രയ്ക്ക് ടോള്‍ ഈടാക്കുന്നത് നീതികേട്: മന്ത്രി

Published : 8th January 2017 | Posted By: fsq

കൊച്ചി: നികുതിദായകരായ ജനങ്ങളില്‍നിന്നും റോഡ് യാത്രയ്ക്കായി ടോള്‍ ഈടാക്കുന്നത് നീതികേടാണെന്ന് മന്ത്രി ജി സുധാകരന്‍. നികുതിപ്പണംകൊണ്ടുള്ള ബജറ്റില്‍ ഉള്‍പെടുത്തി തയ്യാറാക്കുന്ന പാലത്തിലൂടെ യാത്ര ചെയ്യുന്നതിന് വീണ്ടും ചുങ്കം ചുമത്തുന്നതില്‍ അര്‍ത്ഥമില്ല. കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പിക്കുന്ന ചില കാര്യങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ നമ്മുടെ ആവശ്യങ്ങള്‍ അനുവദിക്കാതെ വരുമെന്നതുകൊണ്ടാണ് ചില തെറ്റുകള്‍ അറിഞ്ഞുകൊണ്ടുതന്നെ അംഗീകരിക്കാന്‍ നിര്‍ബന്ധിതമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. എരൂര്‍ മാത്തൂര്‍ റെയില്‍വേ മേല്‍പാലം ഗതാഗതത്തിന് തുറന്നുകൊടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാതയില്‍ നൂറു കോടി രൂപയില്‍ താഴെ ചെലവുള്ള ഭാഗങ്ങളില്‍ ടോള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തിന്റെ സമ്മര്‍ദ്ദഫലമായി കഴിഞ്ഞു. മൂന്ന് സംസ്ഥാന റോഡുകളിലും ടോള്‍ ഒഴിവാക്കി. ടോളിന്റെ പേരില്‍ കരാറുകാരും ഉദ്യോഗസ്ഥരും പറയുന്നത് കള്ളക്കണക്കാണ്. കരാറുകാര്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും പണം വീതിച്ചെടുക്കാനുള്ള ഏര്‍പാടാണ് ടോള്‍ പിരിവ്. ഇതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. ടാര്‍ ഉപയോഗത്തിലും വന്‍ അഴിമതിയാണ് നടമാടുന്നത്. കൊച്ചി റിഫൈനറിയില്‍നിന്നും പൊതുമരാമത്ത് വകുപ്പ് കരാറുകാര്‍ വാങ്ങുന്ന ടാര്‍ മറിച്ചുവില്‍ക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. തട്ടിപ്പുകാരായ കരാറുകാരെ ഈ രംഗത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. പൗരധര്‍മം പാലിക്കാത്തതാണ് നമ്മുടെ റോഡുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി നടക്കാന്‍ കഴിയുന്നതിനും പൗരധര്‍മം പാലിക്കണം. ഇതു സംബന്ധിച്ച അവബോധം ജനങ്ങളില്‍ വ്യാപിപ്പിക്കുന്നതിന് രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ ശ്രദ്ധിക്കണം. റോഡ് നിര്‍മാണത്തിന് ആധുനിക സാമഗ്രികള്‍ ഉപയോഗിക്കാന്‍ കഴിയുന്നവര്‍ക്കേ ഇനി വന്‍കിട പദ്ധതികളുടെ കരാര്‍ നല്‍കുകയുള്ളൂ. കഴിഞ്ഞ അഞ്ചു വര്‍ഷം റോഡ് നിര്‍മാണത്തിന് സര്‍ക്കാര്‍ നല്‍കിയ തുകയില്‍ 25,000 കോടി രൂപയെങ്കിലും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വീതിച്ചുകൊണ്ടുപോവുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. അഡ്വ. എം സ്വരാജ് എംഎല്‍എ അധ്യക്ഷതവഹിച്ചു. പ്രഫ. കെ വി തോമസ് എംപി, തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവി, വൈസ് ചെയര്‍പഴ്‌സണ്‍ ഒ വി സലിം, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ആശ തോമസ് സംസാരിച്ചു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss