|    Mar 17 Sat, 2018 9:49 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ജനക്ഷേമപരമായ ഭരണം കാഴ്ചവയ്ക്കണം

Published : 20th May 2016 | Posted By: SMR

പതിനാലാമത് കേരള നിയമസഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ എക്‌സിറ്റ്‌പോളുകള്‍ വിലയിരുത്തിയതുപോലെ ഇടതു ജനാധിപത്യമുന്നണിക്ക് അനുകുലമായാണ് ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. 140 അംഗ സഭയില്‍ 91 അംഗങ്ങളെ നേടിയതിനൊപ്പം വോട്ട് നിലയിലും വന്‍ ഭൂരിപക്ഷം ഇടതുമുന്നണി നേടിയിട്ടുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ നായകത്വത്തില്‍ നിരവധി ജനക്ഷേമ പരിപാടികളും വികസനപദ്ധതികളും നിരത്താനുണ്ടായിട്ടും കേരളീയസമൂഹം എന്തുകൊണ്ട് ഭരണമാറ്റം ആഗ്രഹിച്ചു എന്ന് യുഡിഎഫ് നേതൃത്വവും ഘടകകക്ഷികളും വിലയിരുത്തണം. മന്ത്രിമാരുടെ പരാജയവും സ്വന്തം കോട്ടകളില്‍ വോട്ടുകളിലുള്ള കുറവും യുഡിഎഫില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നു സൂചിപ്പിക്കുന്നു. പരസ്പരം എതിരിട്ട രണ്ടു മുന്നണികളിലും ഉള്‍പ്പെടാതെ, സ്വതന്ത്രനായി പൂഞ്ഞാറില്‍നിന്നു ജയിച്ചുകയറിയ പി സി ജോര്‍ജ് പുതിയ ചരിത്രമാണു കുറിച്ചത്. എന്തെല്ലാം കുറ്റങ്ങളും കുറവുകളും എടുത്തുപറയാനുണ്ടെങ്കിലും പല ഘട്ടങ്ങളിലും അഴിമതിക്കെതിരേ ജോര്‍ജ് സ്വീകരിച്ച ശക്തമായ നിലപാടിനുള്ള അംഗീകാരംകൂടിയായി ഈ വിജയം കണക്കാക്കാം. കേരള നിയമസഭയില്‍ ഇതാദ്യമായി ഹിന്ദുത്വ രാഷ്ട്രീയസംഘത്തിന്റെ പ്രതിനിധി എത്തുന്നു എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. മതേതരത്വ സംരക്ഷണത്തിന്റെ മൊത്തമായ കുത്തക ഏറ്റെടുത്ത രാഷ്ട്രീയകക്ഷികളുടെ പകിടകളിയിലാണ് താമര വിരിഞ്ഞതെന്നതാണു യാഥാര്‍ഥ്യം. അഞ്ചിലേറെ മണ്ഡലങ്ങളില്‍ എന്‍ഡിഎ രണ്ടാംസ്ഥാനത്താണെന്ന വസ്തുത സംസ്ഥാനത്തിന്റെ ഭാവിയെസംബന്ധിച്ചു നല്‍കുന്ന സൂചനകളും വിസ്മരിക്കാനാവില്ല.
ഏറെ പ്രതീക്ഷകളോടെയാണ് എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്ന മുദ്രാവാക്യം സാക്ഷാല്‍ക്കരിക്കുന്നതിന് കേരളീയസമൂഹം അവസരം നല്‍കിയിരിക്കുന്നത്. കേരളത്തില്‍ ഇരുമുന്നണി സര്‍ക്കാരുകളും സാമൂഹിക-സാമ്പത്തിക നയങ്ങളില്‍ വലിയ അന്തരമൊന്നും കാണിക്കാറില്ല. ഇരുകൂട്ടരും വ്യത്യസ്ത രൂപത്തില്‍ കൈയേറ്റക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും ക്വാറിമാഫിയക്കും മറ്റും അനുകൂലമായ നയങ്ങള്‍ നടപ്പാക്കുന്നു. അതേയവസരം സംസ്ഥാനം പല മേഖലകളിലും പിന്നോട്ടടിക്കുകയാണ്. കുറ്റകൃത്യങ്ങളും ആത്മഹത്യകളും കൂടുന്നു. ഗള്‍ഫ് മേഖലയില്‍നിന്നുള്ള വരവു നിന്നാല്‍ കേരള മോഡല്‍ പൊട്ടിത്തകരുമെന്നുറപ്പിക്കണം. അതൊക്കെ പരിഗണിച്ചു ജനോപകാരപ്രദമായ വികസനപദ്ധതികളാണ് ഇടതുമുന്നണിയില്‍നിന്നു വോട്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്.
പ്രതികാരത്തിനും പകവീട്ടലിനും അപ്പുറം ജനാധിപത്യബോധത്തോടെ, സഹിഷ്ണുതയോടെ കേരളത്തിന്റെ മഹല്‍ പൈതൃകം ശക്തിപ്പെടുത്താന്‍ പുതിയ സര്‍ക്കാര്‍ ഫലപ്രദമായി ശ്രമിക്കുമെന്നു പ്രതീക്ഷിക്കുക. അതല്ല, അധികാരം ലഭിച്ചതിന് പിറകെ ഗ്രൂപ്പ് പോരാട്ടത്തിന്റെ നാളുകളാണ് വരാനിരിക്കുന്നതെങ്കില്‍ അത് നാടിന്റെ പുരോഗതിക്കും വികസനത്തിനും ഉപകരിക്കില്ല. ജനവിധി നേടിയ എല്‍ഡിഎഫിന് ജനക്ഷേമകരമായ ഭരണം കാഴ്ചവയ്ക്കാന്‍ കഴിയട്ടെ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss