|    Dec 13 Thu, 2018 11:07 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജനകീയ ഹര്‍ത്താല്‍: സംസ്ഥാനത്തെ വിവിധ കേസുകളില്‍ പ്രധാന പ്രതികള്‍ ഉള്‍പ്പെടും

Published : 26th April 2018 | Posted By: kasim kzm

മഞ്ചേരി: സോഷ്യല്‍ മീഡിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യ പ്രതികളെ മറ്റു കേസുകളിലും പ്രതികളാക്കണമെന്നുന്നയിച്ച് പോലിസ് കോടതിയില്‍ റിപോര്‍ട്ടു നല്‍കി. ആര്‍എസ്എസ് ബന്ധമുള്ള സംഭവത്തിലെ പ്രധാനികളെയാണ് പോലിസ് മറ്റു കേസുകളിലും പങ്കുണ്ടെന്ന കണ്ടെത്തലോടെ നിയമത്തിനു മുന്നിലെത്തിക്കുന്നത്.
കഠ്‌വ പെണ്‍കുട്ടിയുടെ കൊലപാതകത്തിന്റെ മറവില്‍ സംസ്ഥാനത്ത് വര്‍ഗീയ കലാപം ഉണ്ടാക്കുകയായിരിന്നു ആര്‍എസ്എസുമായി ബന്ധമുള്ള പ്രധാന പ്രതികളുടെ ലക്ഷ്യമെന്ന് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തെളിഞ്ഞതാണ്. കേസില്‍ സംസ്ഥാന പോലിസ് സംഘം അറസ്റ്റു ചെയ്ത് ഇപ്പോള്‍ റിമാന്‍ഡിലുള്ള കൊല്ലം, തെന്മല ഉഴുക്കുന്ന് അമരാലയത്തില്‍ സ്വദേശി അമര്‍നാഥ് ബൈജു(20), ഗ്രൂപ്പ് അഡ്മിന്‍മാരായ കുന്നപ്പുഴ, നിറക്കകം, സിറില്‍ നിവാസിക് എം ജെ സിറില്‍(22), നെല്ലിവിള, വെണ്ണിയൂര്‍, പുത്തന്‍വീട് സുധീഷ്(22), നെയ്യാറ്റിന്‍ക്കര, വഴുതക്കല്‍, ഇലങ്ങംറോഡ് ഗോകുല്‍ശേഖര്‍(21), നെല്ലിവിള, വെണ്ണിയൂര്‍, കുന്നുവിള വീട്ടില്‍ അഖില്‍(23) എന്നിവര്‍ ഗൂഢാലോചന നടത്തിയതായും തെളിഞ്ഞിരുന്നു.
ഇവരുടെ ഗൂഢാലോചനയെ തുടര്‍ന്നാണ് കലാപാഹ്വാനം നടത്താനായി വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കെതിരേ ക്രിമിനല്‍ കേസുകളും ചുമത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രതികളെ വിട്ടു കിട്ടാന്‍ അന്വേഷണ സംഘം റിപോര്‍ട്ടു സമര്‍പ്പിച്ചിരിക്കുകയാണ്.
കലാപം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ഇവര്‍ വോയ്‌സ് ഓഫ് യൂത്ത് എന്ന ഗ്രൂപ്പുണ്ടാക്കിയത്. ഈ ഗ്രൂപ്പില്‍ നിന്ന് വന്ന സന്ദേശങ്ങളാണ് ജില്ലയിലുടനീളം പ്രചരിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇതേക്കുറിച്ച് പോലിസിന് വിവരം ലഭിച്ചത്. ഹര്‍ത്താലിന്‌ശേഷവും ഇവര്‍ കലാപം നടത്തണമെന്ന ലക്ഷ്യത്തോടെ ഓഡിയോ സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കലാപം, കലാപത്തിന് ആഹ്വാനം ചെയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍, ആക്രമം നടത്തല്‍, അനുമതിയില്ലാതെ പ്രകടനം നടത്തല്‍, പെണ്‍കുട്ടിയെ അപമാനിക്കല്‍, പോസ്‌കോ വകുപ്പ് തുടങ്ങിയവ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഹര്‍ത്താലിന്റെ മറിവില്‍ സംസ്ഥാനത്തെ പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളിലും ഇവരും പ്രതികളാവും.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ കീഴില്‍ രൂപീകരിച്ച രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഹര്‍ത്താലിനു സാഹചര്യം സൃഷ്ടിച്ചവരെ നിയമത്തിനു മുന്നില്‍ കാണ്ടുവന്നത്. ഇവര്‍ക്കുള്ള സംഘപരിവാര ബന്ധംകൂടി പുറത്തുവന്നതോടെ മുസ്‌ലിം സംഘടനകളില്‍ ഹര്‍ത്താലിന്റെ ഉത്തരവാദിത്തം കെട്ടിവയ്ക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ ലക്ഷ്യത്തിലെത്താതെ അവസാനിച്ചു.
പോലിസിന്റെ ആദ്യഘട്ട അന്വേഷണത്തില്‍ ഹര്‍ത്താല്‍ അക്രമാസക്തമാവുന്നതിനു കാരണക്കാരായവരെ മാത്രമാണു പിടികൂടിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. പ്രതികള്‍ക്കുണ്ടായിരുന്ന സംഘപരിവാര ബന്ധം വെളിച്ചത്തായതോടെയാണിതെന്നും വിലയിരുത്തലുകളുണ്ട്. രണ്ടാം ഘട്ടത്തില്‍ കേസന്വേഷണം ഏറ്റെടുക്കുന്ന ക്രൈം ബ്രാഞ്ചിന്റെ പ്രധാന അന്വേഷണ വിഷയം ബോധപൂര്‍വമായി കലാപമുണ്ടാക്കാന്‍ നടത്തിയ ഹര്‍ത്താലിന്റെ ലക്ഷ്യമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss