|    Jun 18 Mon, 2018 7:47 am
FLASH NEWS

ജനകീയ സമരം വിജയിച്ചു : മറ്റൂര്‍ ചെങ്ങല്‍ റോഡ് സബ്‌വേ നിര്‍മാണം തുടങ്ങി

Published : 9th August 2017 | Posted By: fsq

 

കാലടി: ശബരി റയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം നിര്‍മാണവുമായി ബന്ധപ്പെട്ട് മറ്റൂര്‍-ചെങ്ങല്‍ റോഡില്‍ സബ്‌വേ നിര്‍മിച്ച് ഗതാഗത സംവിധാനം ഒരുക്കണമെന്ന കാലടി ഗ്രാമപ്പഞ്ചായത്തിന്റെ ആവശ്യം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അംഗീകരിച്ചു. നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങുന്നത് അറിയിച്ചു കൊണ്ടുളള റെയില്‍വേ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ കത്ത് ഗ്രാമപ്പഞ്ചായത്തില്‍ ലഭിച്ചിട്ടുള്ളതായി പ്രസിഡന്റ് അഡ്വ. കെ തുളസി പറഞ്ഞു. ആഗസ്ത് 5 മുതല്‍ ചെങ്ങല്‍- മറ്റൂര്‍ റോഡ് റെയില്‍വേ നിര്‍മാണത്തിന്റെ ഭാഗമായി അടച്ചിടും എന്ന റെയില്‍വേയുടെ പത്രക്കുറിപ്പിനെത്തുടര്‍ന്ന് ആശങ്കാകുലരായ പരിസരവാസികളുടെ യോഗത്തിലാണ് പ്രസിഡന്റ് ഇക്കാര്യം അവതരിപ്പിച്ചത്. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ ബാലന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. റെയില്‍വേ പ്ലാറ്റ്‌ഫോം നിര്‍മാണത്തിന്റെ ഭാഗമായി സ്റ്റേഷന്‍ പരിസര ഭാഗത്തുകൂടി കടന്നുപോവുന്ന മറ്റൂര്‍- ചെങ്ങല്‍ റോഡ് അടച്ചു കെട്ടേണ്ടി വരുമെന്ന റെയില്‍വേ ഉദ്യോഗസ്ഥരുടെ നിലപാടിനെതുടര്‍ന്ന് 2015 മുതല്‍ പരിസരവാസികള്‍ നിരന്തരം സമരത്തിലായിരുന്നു. റോഡ് അടച്ചുകെട്ടുവാനുളള ശ്രമം നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് 2015 ഫെബ്രുവരിയില്‍ ഇന്നസെന്റ് എംപി, ജോസ് തെറ്റയില്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ രാജമാണിക്യം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് ജനങ്ങളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍  ശേഖരിച്ചിരുന്നു. കാലടിയിലെ ഗതാഗത കുരുക്കില്‍ വലിയ വാഹനങ്ങള്‍ കാഞ്ഞൂര്‍ പ്രദേശത്തേക്ക് പ്രവേശിക്കുന്നതിന് ഈ റോഡാണ് ഉപയോഗിക്കുന്നത്. അങ്കമാലി, ആലുവ നിയോജക മണ്ഡലങ്ങളെ റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പ്രധാനപാത നഷ്ടപ്പെട്ടുപോയാല്‍ ശബരിമല തീര്‍ത്ഥാടനം, മലയാറ്റൂര്‍ തീര്‍ത്ഥാടനം, തിരുവൈരാണിക്കുളം ക്ഷേത്രോല്‍സവം, കാഞ്ഞൂര്‍ പള്ളി തിരുന്നാള്‍ തുടങ്ങിയ ആഘോഷ അവസരങ്ങളില്‍ ഗതാഗത കുരുക്ക് സങ്കീര്‍ണമാവും. കാലടി മേഖലയുടെ ഗതാഗത വികസനത്തിന് പ്രസ്തുത റോഡ് നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ഗ്രാമപ്പഞ്ചായത്തിന്റെ ഈ നിലപാട് കഴിഞ്ഞ മെയ്് മാസത്തില്‍ കലക്ടര്‍,  ഇന്നസെന്റ് എംപി എന്നിവരുടെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ശക്തമായി അവതരിപ്പിക്കുവാന്‍ കഴിഞ്ഞതിന്റെ നേട്ടമാണിതെന്ന് പഞ്ചായത്തംഗം സിജോ ചൊവ്വരാന്‍ പറഞ്ഞു. 6 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന സബ്‌വേയിലൂടെ വലിയ വാഹനങ്ങള്‍ കടന്നു പോവുന്നതിന് ആവശ്യമായ ഉയരം ഉണ്ടാവണമെന്നും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് കാന നിര്‍മിക്കുകയും അതിനുമുകളില്‍ സ്ലാബുകള്‍ സ്ഥാപിച്ച് കാല്‍നട യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കണമെന്നും ആവശ്യമായ വെളിച്ച സംവിധാനങ്ങള്‍ ഉണ്ടാകണമെന്നും പരിസര വാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്തംഗങ്ങളായ ഉഷ ബാലന്‍, സിജോ ചൊവ്വരാന്‍, ജനകീയ സമര സമിതി നേതാക്കളായ ആന്റു പല്ലിശ്ശേരി, കെ പി സോജന്‍, കെ ടി ബേബി, കെ പി പോളി, ജോയ് ചൊവ്വരാന്‍, ഷിജി പൗലോസ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss