|    Apr 22 Sun, 2018 6:13 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജനകീയ പ്രശ്‌നങ്ങളില്‍ നീക്കുപോക്ക്

Published : 10th May 2016 | Posted By: mi.ptk

കണ്ണൂര്‍: ജനാധിപത്യത്തിന്റെ പരിമിതമോ പരിഹാസ്യമോ ആയ പ്രായോഗികതയാണ് പൊതു തിരഞ്ഞെടുപ്പുകളിലൂടെ വ്യക്തമാവുന്നത്. ആശയപരമായി ഭിന്നചേരികളില്‍ നില്‍ക്കുന്നവരുടെ മല്‍സരമാണ് നടക്കുന്നതെന്നു പറയുന്നെങ്കിലും അടിസ്ഥാനപരമായി ജനകീയപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഒരുതരം നീക്കുപോക്ക് നിലപാടുകളാണ് എല്ലാവരും സ്വീകരിക്കുന്നത്. 1957ലെ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ആദ്യ മന്ത്രിസഭ മുന്നോട്ടുവച്ച നയപരമായ തീരുമാനങ്ങള്‍ പരിശോധിച്ചാലറിയാം ഒരു മന്ത്രിസഭയുടെ പരിവര്‍ത്തനോന്മുഖമായ നടപടികളെന്താണെന്ന്. അത്രത്തോളം തീവ്രവും ചലനാത്മകവുമായ പൊതുപരിപാടികള്‍ പിന്നീട് വന്ന ഒരു മന്ത്രിസഭയ്ക്കും മുന്നോട്ടുവയ്ക്കാനായില്ല.വരാനിരിക്കുന്ന പുതിയ മന്ത്രിസഭ എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്നെല്ലാം ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് നിര്‍ദേശിക്കേണ്ടത്.     കൃഷിയും വ്യവസായവും വിദ്യാഭ്യാസവും വികസനത്തിന്റെ അടിസ്ഥാന ഘടകങ്ങളാണെന്ന് ഇനിയും ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. പക്ഷേ, കാര്യങ്ങള്‍ വേണ്ട വിധത്തിലാവുന്നില്ല. പഞ്ചായത്തു തലത്തില്‍ കൃഷി ഓഫിസുകളുണ്ടായാലും ജനങ്ങള്‍ 100 ശതമാനവും സാക്ഷരരായാലും ഐടി പാര്‍ക്കുകള്‍ ഏറെയുണ്ടായാലും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെന്ന് അനുഭവത്തിലൂടെ അറിഞ്ഞുകഴിഞ്ഞു. ജനപക്ഷത്തു നിന്ന് സമഗ്രവികസനത്തിനുള്ള പൊതുനയവും പരിപാടിയും ആവിഷ്‌കരിച്ചെങ്കിലേ എന്തെങ്കിലും നേട്ടമുണ്ടാക്കാനാവൂ. യാഥാസ്ഥിതികരായ നേതാക്കളും അതിനേക്കാളേറെ പാരമ്പര്യ വാദികളായ ഉദ്യോഗസ്ഥരും മാറ്റങ്ങള്‍ക്ക് മാര്‍ഗതടസ്സം ഉണ്ടാക്കുകയാണ്. ഭരണ കക്ഷി ഏതായാലും അവരുടെ പിന്‍നിര പടയണികളില്‍ ഏറ്റവും ശക്തമായ വിഭാഗം ഈ ഉദ്യോസ്ഥര്‍ തന്നെയാണെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. സംഘടിതരായ ഉദ്യോഗസ്ഥരും തൊഴിലാളികളും അസംഘടിതരായ സാധാരണക്കാരും തമ്മിലുള്ള താല്‍പര്യ സംഘര്‍ഷമാണ് കേരളത്തിലെ നിശ്ശബ്ദ പ്രശ്‌നങ്ങളിലൊന്ന്. സാമ്പത്തിക രംഗത്തെ അസന്തുലിതാവസ്ഥ ദീനവിലാപങ്ങളായി മാറാത്തത് കേരളത്തിലെത്തുന്ന പ്രവാസികളുടെ പണപ്രവാഹം മൂലമാണ്. ആ വരുമാനമില്ലാത്തവരുടെ മൗന നൊമ്പരങ്ങള്‍ ആരും ശ്രദ്ധിക്കാറുമില്ല. സ്ത്രീ സ്വാതന്ത്ര്യവും ശാക്തീകരണവുമൊക്കെ കേള്‍ക്കാന്‍ സുഖമുള്ള പ്രയോഗങ്ങളാണെങ്കിലും പകുതിയിലധികം സ്—ത്രീകളുള്ള ഒരു രാജ്യത്ത് നിയമനിര്‍മാണ സഭകളിലേക്കെത്തുന്ന സ്ത്രീകളുടെ എണ്ണച്ചുരുക്കം മതി വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം മനസ്സിലാക്കാന്‍. സ്വയം തീരുമാനമെടുത്ത് സ്ത്രീ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ വേണ്ട ആലോചനപോലും പല പാര്‍ട്ടികളിലുമുണ്ടായില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss