|    Jan 24 Tue, 2017 10:47 am
FLASH NEWS

ജനകീയ പ്രക്ഷോഭങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗം

Published : 17th September 2016 | Posted By: SMR

കോടതിവിധികള്‍ക്കെതിരേ പ്രതിഷേധിച്ച് തെരുവിലിറങ്ങാന്‍ പാടില്ലെന്ന് വ്യാഴാഴ്ച സുപ്രിംകോടതി പുറപ്പെടുവിച്ച വിധി വിശദമായ ചര്‍ച്ചകള്‍ക്കു വിധേയമാവേണ്ട ഒന്നാണ്. കാവേരി നദീജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കര്‍ണാടക നിശ്ചിത അളവ് വെള്ളം തമിഴ്‌നാടിന് 10 ദിവസത്തേക്കു വിട്ടുകൊടുക്കണമെന്ന് സുപ്രിംകോടതി ഏതാനും ദിവസം മുമ്പ് വിധിച്ചിരുന്നു.
ഈ വിധിക്കെതിരേ കര്‍ണാടകയില്‍ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത പ്രക്ഷോഭം അക്രമികളുടെ അഴിഞ്ഞാട്ടം മാത്രമായി. തമിഴ്‌നാട്ടുകാര്‍ക്കു നേരെയും അവരുടെ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെയും തീവയ്പും കവര്‍ച്ചയും നടന്നു. ഇതിനെതിരേ തമിഴ്‌നാട്ടില്‍ ആഹ്വാനം ചെയ്ത പ്രക്ഷോഭങ്ങളിലും വലിയ അക്രമങ്ങളുണ്ടായി.
ഇരുസംസ്ഥാനങ്ങളിലും ഉണ്ടായ അക്രമാസക്തമായ പ്രക്ഷോഭപരിപാടികളുടെ പശ്ചാത്തലത്തിലാണ്  ജസ്റ്റിസുമാരായ ദീപക് മിശ്ര, യു യു ലളിത് എന്നിവര്‍ കോടതിവിധികള്‍ക്കെതിരേ പ്രതിഷേധിച്ച് തെരുവിലിറങ്ങാന്‍ പാടില്ലെന്ന് ഉത്തരവിട്ടത്. ജനങ്ങള്‍ക്കും സ്വത്തിനും നഷ്ടം വരുത്തുന്ന പ്രക്ഷോഭങ്ങള്‍ തടയുന്നതിന് ഇരുസംസ്ഥാനത്തുമുള്ള സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കന്യാകുമാരിയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ പി ശിരുവകുമാറിന്റെ പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രിംകോടതിയുടെ വിധി.
കോടതിയുത്തരവുകളെക്കുറിച്ച് അഭിപ്രായവ്യത്യാസമുള്ളവര്‍ക്ക് നീതിന്യായവ്യവസ്ഥയില്‍ തന്നെ അതിനു പരിഹാരം തേടാമെന്നാണ് സുപ്രിംകോടതിയുടെ വിധി. പ്രക്ഷോഭങ്ങളും നശീകരണ പ്രവര്‍ത്തനങ്ങളും ഇല്ലെന്നു സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിക്കുന്നു.
ജനങ്ങള്‍ നിയമം കൈയിലെടുക്കുന്നതു ശരിയല്ലെന്നും അതിനാല്‍ കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ അത്തരം നടപടികള്‍ തടയുന്നതിനു ശക്തമായ നടപടി സ്വീകരിക്കണമെന്നുമുള്ള സുപ്രിംകോടതിയുടെ നിര്‍ദേശം തീര്‍ത്തും ശരിയാണ്. കോടതിവിധികള്‍ക്കെതിരായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും പൊതുസ്വത്തു നശീകരണത്തിലേക്കും കവര്‍ച്ചകളിലേക്കും വഴിമാറുന്നത് ഒട്ടും ശരിയല്ല. നിലവിലുള്ള നിയമസംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി അതു തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഭരണകൂടം ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
എന്നാല്‍, വിയോജിക്കാനും എതിര്‍പ്പ് രേഖപ്പെടുത്തുന്നതിനുമുള്ള പൗരന്റെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ്. ഭരണകൂടത്തിന്റേതായിരുന്നാലും കോടതിയുടേതായിരുന്നാലും തീരുമാനങ്ങളെയും വിധികളെയും ചോദ്യം ചെയ്യാനും ഭിന്നാഭിപ്രായം രേഖപ്പെടുത്താനുമുള്ള സ്വാതന്ത്ര്യത്തിനു നേരെ ഒരുതരത്തിലുള്ള വിലക്കും ജനാധിപത്യപരമല്ല. എതിര്‍പ്പുകളും ചോദ്യംചെയ്യലുകളും തീര്‍ത്തും ജനാധിപത്യപരമായിരിക്കണമെന്നു മാത്രം. അതാണ് ഊന്നിപ്പറയേണ്ടത്. അതിനു പകരം കോടതിവിധികള്‍ക്കു നേരെ തെരുവുകളില്‍ പ്രതിഷേധം പാടില്ലെന്നു വിധിക്കുന്നത് ഒട്ടും ശരിയല്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 97 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക