|    Jan 17 Tue, 2017 12:47 am
FLASH NEWS

ജനകീയ കോടതിയല്ല നീതി നിശ്ചയിക്കേണ്ടത്

Published : 8th February 2016 | Posted By: SMR

തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ വധിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം നേതാവ് കാരായി രാജന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനം രാജിവച്ചൊഴിയേണ്ടിവന്നിരിക്കുന്നു. ഇതേ കേസിലെ മറ്റൊരു പ്രതിയായ കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭാ ചെയര്‍മാന്‍സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതനാവുമെന്നാണു കരുതപ്പെടുന്നത്. ഫസല്‍ വധഗൂഢാലോചനക്കേസിലാണ് കാരായിമാര്‍ ഇരുവരും പ്രതിചേര്‍ക്കപ്പെട്ടത്. ഏറെ പ്രമാദമായ ഒരു കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കിയതിനെതിരേ പല കോണുകളില്‍നിന്നും ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുെന്നങ്കിലും അതു ഗൗനിക്കാതെ കാരായിമാരുടെ കാര്യം ജനകീയ കോടതിയിലൂടെ തീരുമാനിക്കപ്പെടുമെന്ന വിചിത്രവാദമുയര്‍ത്തി സിപിഎം അവരുടെ സ്ഥാനാര്‍ഥിത്വത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. കൂടാതെ കൊല്ലപ്പെട്ട ഫസലിന്റെ സിപിഎം പ്രവര്‍ത്തകനായ ഒരടുത്ത ബന്ധുവിനെ വരെ അവര്‍ പ്രചാരണത്തിനിറക്കുകയും ചെയ്തു. തുടര്‍ന്ന് പാര്‍ട്ടി കോട്ടകളില്‍നിന്ന് വിജയിച്ചെത്തിയ അവരെ കണ്ണൂര്‍ ജില്ലയുടെയും തലശ്ശേരി നഗരസഭയുടെയും ഭരണസാരഥ്യം ഏല്‍പിച്ചതും പാര്‍ട്ടി.
രാജ്യത്തെ ഉത്തരവാദപ്പെട്ട ഒരു അന്വേഷണ ഏജന്‍സി അവരുടെ അന്വേഷണത്തിലൂടെ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാരായിമാര്‍ ഫസല്‍ വധഗൂഢാലോചനക്കേസില്‍ പ്രതികളാവുന്നത്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിന്ദ്യമായ ഒരു കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ നാട്ടിലെ നീതിന്യായവ്യവസ്ഥ അവരുടെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കുന്നതുവരെ പൊതുരംഗത്തുനിന്ന് മാറ്റിനിര്‍ത്തലാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്ന മാന്യതയും ധാര്‍മികതയും. എന്നാല്‍, സിപിഎം പോലുള്ള പാര്‍ട്ടികള്‍ ഇത്തരം ഘട്ടങ്ങളില്‍ തങ്ങളുടെ സംഘടനാപരമായ ഔദ്ധത്യം പുറത്തെടുക്കുന്നതാണു നാം കാണുന്നത്. പാര്‍ട്ടി ചെയ്യുന്നതും പാര്‍ട്ടിക്കു വേണ്ടി ചെയ്യുന്നതും എന്തും എപ്പോഴും ശരിയാണെന്നു മാത്രം വിശ്വസിക്കാന്‍ നിര്‍ബന്ധിതരാവുന്ന അണികളുടെ ദാസ്യവൃത്തിയെ ജനകീയ കോടതി എന്നു വിശേഷിപ്പിച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. കാരായിമാരുടെ കൈകള്‍ ശുദ്ധമാണെന്നു തെളിയിക്കുന്നതിന് ജനാധിപത്യവ്യവസ്ഥയില്‍ മറ്റു രീതികളാണുള്ളത്.
സംസ്ഥാനത്തിന്റെ ഭരണം നിരവധി തവണ കൈയാളിയ ഒരു പാര്‍ട്ടി രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്കു പകരം ‘ജനകീയ കോടതികളെ’ ചൂണ്ടിക്കാട്ടുന്നതിന്റെ അര്‍ഥമെന്താണ്? മറ്റുള്ളവര്‍ക്ക് അനുസരിക്കാനും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ലംഘിക്കാനുമുള്ളതാണ് നാട്ടിലെ നിയമങ്ങള്‍ എന്നാണോ സിപിഎം പറയാന്‍ ശ്രമിക്കുന്നത്.
അഖിലേന്ത്യാതലത്തില്‍ തങ്ങള്‍ എതിര്‍ക്കുന്ന യുഎപിഎ പോലുള്ള ഒരു കിരാതനിയമത്തെ അതിന്റെ മാനവികവിരുദ്ധതയുടെ പേരില്‍ തള്ളിപ്പറയുന്നതിനു പകരം അത് ആര്‍ക്കൊക്കെയോ വേണ്ടി കാത്തുവയ്‌ക്കേണ്ടതാണെന്നും തങ്ങള്‍ക്കെതിരേയാവുന്നതു മാത്രമാണ് തെറ്റെന്നും പ്രതികരിക്കാന്‍ പാര്‍ട്ടിയുടെ യാത്ര നടത്തുന്ന നേതാവ് ഈയിടെ തയ്യാറായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 150 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക