|    Jul 28 Fri, 2017 12:29 am
FLASH NEWS

ജനകീയ കൃഷി ഓഫിസറെ തേടി വീണ്ടും അംഗീകാരം

Published : 15th October 2016 | Posted By: Abbasali tf

മാനന്തവാടി: വെള്ളമുണ്ട കൃഷിഭവനിലെത്തുന്ന കര്‍ഷകര്‍ക്ക് കൃഷി ഓഫിസര്‍ കെ മമ്മൂട്ടി വെറും സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല. കൃഷിയെയും കര്‍ഷകരെയും സ്‌നേഹിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന സുഹൃത്താണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൃഷി സംബന്ധിച്ച പഠനക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിവരുന്ന ഇദ്ദേഹത്തെ വിളിച്ച് കൃഷി സംബന്ധിച്ച സംശയങ്ങള്‍ തീര്‍ക്കുന്നവര്‍ നിരവധി. അതുകൊണ്ടു തന്നെ ഇദ്ദേഹത്തെ തേടിയെത്തുന്ന അംഗീകാരങ്ങളും നിരവധിയാണ്. സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ക്കു പുറമെ കഴിഞ്ഞ മൂന്നു വര്‍ഷമായി സര്‍ക്കാരിന്റെ അംഗീകാരവും ഇദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. 2013-14 വര്‍ഷം ജില്ലയിലെ മികച്ച കൃഷി വികസന ഉദ്യോഗസ്ഥനായും 2014-15ല്‍ ജില്ലയിലെ മികച്ച പച്ചക്കറി വികസന പദ്ധതി നടത്തിപ്പ് ഉദ്യോഗസ്ഥനായും മമ്മൂട്ടിയെ കൃഷിവകുപ്പ് തിരഞ്ഞെടുത്തിരുന്നു. ഏറ്റവുമൊടുവില്‍ 2015-16 വര്‍ഷത്തെ പച്ചക്കറി വികസന പദ്ധതിയുടെ നടത്തിപ്പില്‍ സംസ്ഥാനത്ത് രണ്ടാമത്തെ മികച്ച കൃഷി ഓഫിസറായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം കൃഷിമന്ത്രി പ്രഖ്യാപനം നടത്തിയത്. പഞ്ചായത്തില്‍ വിവിധ സ്‌കീമുകള്‍ പ്രകാരം 47,53,083 രൂപയുടെ പച്ചക്കറി കൃഷി വ്യാപന പദ്ധതികളാണ് ഇക്കാലയളവില്‍ നടപ്പാക്കിയത്. 12,470 ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഇതില്‍ 1,804 ആദിവാസികളും 6,801 വനിതകളും ഉള്‍പ്പെടുന്നു. പുഞ്ചകൃഷിയിറക്കാത്ത നെല്‍വയലുകളില്‍ വ്യാപകമായി പയര്‍ കൃഷിക്ക് പ്രോല്‍സാഹനം നല്‍കിയതും കര്‍ഷകരുടെ പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക്് വിപണി കണ്ടെത്തുന്നതിനായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതും കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇരുപതോളം മഴക്കൂടുകളാണ് പഞ്ചായത്തില്‍ പച്ചക്കറി കര്‍ഷകര്‍ക്കായി കൃഷിഭവന്‍ മുഖേന നല്‍കിയത്. 1,90,000 രൂപയുടെ പച്ചക്കറി വിത്തുകള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളിലൂടെയും 10,000 രൂപയുടെ വിത്തുകള്‍ സന്നദ്ധ സംഘടനകള്‍ മുഖേനയും അടുക്കളത്തോട്ട നിര്‍മാണത്തിനായി വിതരണം ചെയ്തു. പോളിഹൗസുകള്‍, നെറ്റ് ഹൗസുകള്‍, മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍, ക്ലസ്റ്ററുകള്‍ക്കുള്ള പ്രോല്‍സാഹനങ്ങള്‍, യന്ത്രവല്‍ക്കരണം, സ്‌കൂളുകളിലെ പച്ചക്കറിത്തോട്ട വിപുലീകരണം തുടങ്ങി നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കാലഘട്ടങ്ങളില്‍ വെള്ളമുണ്ടയില്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടത്തിയത്. സര്‍ക്കാരിന്റെ വിവിധ പച്ചക്കറി പ്രോല്‍സാഹന ഫണ്ടുകള്‍ക്കു പുറമെ ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളുടെയും ഫണ്ടുകള്‍ നഷ്ടപ്പെടുത്താതെ കര്‍ഷകര്‍ക്ക് പ്രയോജനകരമാവും വിധം വിനിയോഗിച്ചതാണ് വെള്ളമുണ്ടയിലെ ജനകീയ കൃഷി ഓഫിസറെ അംഗീകാരത്തിന് അര്‍ഹനാക്കിയത്. വാരാമ്പറ്റ സ്വദേശിയായ മമ്മൂട്ടി 2011 മുതല്‍ വെള്ളമുണ്ടയിലാണ് ജോലി ചെയ്തുവരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക