|    May 27 Sat, 2017 7:07 pm
FLASH NEWS

ജനകീയ ആവശ്യത്തിന് ആശ്വാസമായി അരൂര്‍ ഫയര്‍ സ്റ്റേഷന്‍ പ്രഖ്യാപനം

Published : 9th July 2016 | Posted By: SMR

അരൂര്‍: അരൂരിലെ ജനങ്ങളുടെ ചിരകാഭിലാഷമായ അരൂര്‍ ഫയര്‍ സ്റ്റേഷന്‍ സംസ്ഥാന ബജറ്റില്‍ ഇടംപിടിച്ചു.
മാറിമാറിവന്ന സര്‍ക്കാരുകള്‍ വാഗ്ദാനങ്ങള്‍ മാത്രം നല്‍കിപദ്ധതി വൈകിപ്പിക്കുകയായിരുന്നു. എന്നാല്‍ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ അരൂര്‍ ഫയര്‍ സ്റ്റേഷന് അംഗീകാരം നല്‍കിയത് അരൂര്‍ നിവാസികളെ ആഹ്ലാദത്തിലാക്കി.
കഴിഞ്ഞ വര്‍ഷം വ്യവസായ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നാണ് അരൂരില്‍ അഗ്നിശമന സേനാ യൂനിറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായത്. വ്യവസായകേന്ദ്രം ആരംഭിച്ച് അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഫയര്‍ സ്റ്റേഷന് ഇല്ലാത്തത് അരൂര്‍ വ്യവസായകേന്ദ്രത്തെ ഭീതിയുടെനിഴലിലാക്കിയിരുന്നു. എറണാകുളത്തു നിന്നോ ചേര്‍ത്തലയില്‍ നിന്നോ ഫയര്‍ യൂനിറ്റ് എത്തിയാണ് അരൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നത്. ഇത് അപകട വ്യാപ്തി വര്‍ധിക്കുന്നതിന് ഇടയാക്കും.
പല മുടന്തന്‍ ന്യായങ്ങളും തടസ്സങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നത് കഴിഞ്ഞ സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോയത്. 15ഓളം മല്‍സ്യസംസ്‌കരണ കമ്പനികളും 20ലധികം അനുബന്ധ സംസ്‌കരണ ശാലകളും അരൂരില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ജനങ്ങള്‍തിങ്ങിപ്പാര്‍ക്കുന്നപ്രദേശത്ത് വേണ്ടത്ര സുരക്ഷയില്ലാതെയാണ് ഭൂരിഭാഗം കമ്പനികളും പ്രവര്‍ത്തിക്കുന്നത്. കെഎസ്ഇബി സബ് സ്റ്റേഷനും അരൂരില്‍ പ്രവര്‍ത്തിക്കുന്നു.
അരൂരില്‍ ഫയര്‍‌സ്റ്റേഷന്‍ വേണമെന്ന ജനകീയ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ലാഎന്നത് ദുരന്തങ്ങളുടെ ആക്കംകുട്ടുന്നു.
വ്യവസായമേഖലയിലും സമീപത്തും അമോണിയം ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവകള്‍ക്ക് തീപിടിച്ചാല്‍ ഒരു പ്രദേശം തന്നെ കത്തിച്ചാമ്പലാവുന്ന ദുരന്തത്തിനാവും സാക്ഷ്യയാവുക. അഗ്നിശമനസേനാ യുനിറ്റിനായി വിവിധ സംഘടനകള്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി നേരത്തെ രംഗത്തുവന്നിരുന്നു. അരൂരിലെ വിവിധ റസിഡന്‍സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും അരൂരില്‍ ഹര്‍ത്താലുകളും നടത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day