|    Mar 22 Thu, 2018 11:50 am

ജനകീയപ്രതിരോധത്തെ തുടര്‍ന്ന് തെളിവെടുപ്പ് നടത്താനായില്ല

Published : 6th August 2017 | Posted By: fsq

 

നീലേശ്വരം: കടലാടിപ്പാറയി ല്‍ ബോക്‌സൈറ്റ് ഖനനത്തിന് അനുമതി നല്‍കുന്നതിന് മുന്നോടിയായി തെളിവെടുപ്പിനെത്തിയ ജില്ലാ കലക്ടറടക്കമുള്ള സംഘം ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് തിരിച്ചുപോയി. കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് ഖനനത്തന് അനുമതി നല്‍കുന്നതിനു മുന്നോടിയായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്താനിരുന്ന തെളിവെടുപ്പാണ് ജനകീയ പ്രതിരോധത്തില്‍ പാളിയത്. പ്രദേശത്തെ ക്രമസമാധാനം തകര്‍ത്ത് തെളിവെടുപ്പ് നടത്താനാവില്ലെന്നും ജനകീയ പ്രക്ഷോഭം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു നിലപാടെടുത്തതോടെയാണ് തെളിവെടുപ്പ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കടലാറിപ്പാറ ബോക്‌സൈറ്റ് ഖനനത്തിനു മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശാപുര കമ്പനിക്കു പാട്ടത്തിനു കൈമാറിയിരുന്നു. 2007ല്‍ അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമാണ് ഖനനത്തിന് അനുമതി നല്‍കിയിരുന്നത്.  എന്നാല്‍ നാടിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനങ്ങള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന്‍ ഇടപെട്ട് ഖനനാനുമതി റദ്ദാക്കുകയായിരുന്നു. പീന്നീട് വന്ന യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തും ആശാപുര കമ്പനി ഖനനത്തിന് മുതിര്‍ന്നപ്പോള്‍ നാട്ടുകാര്‍ അനിശ്ചിത കാലസമരം തുടങ്ങി. 2015ല്‍ വ്യവസായ  മന്ത്രിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി ജനങ്ങള്‍ക്ക് ദ്രോഹമാകുന്ന ഖനനം നിര്‍ത്തി വെക്കണമെന്ന നിര്‍ദേശിക്കുകയായിരുന്നു. ഇതിനിടയില്‍ ആശാപുരി കമ്പനി കോടതിയില്‍ നിന്ന് നേടിയ ഒരു ഉത്തരവിന്റെ ബലത്തില്‍ വീണ്ടും ഖനനത്തിന് നീക്കം നടത്തുകയായിരുന്നു. ഇതിന്റെ മുന്നോടിയായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ കലക്ടറുടെ സാന്നിധ്യത്തില്‍ നടത്താനിരുന്ന തെളിവെടുപ്പാണ് ജനരോഷത്തെ തുടര്‍ന്ന് ഉപേക്ഷിച്ച്ത്. പുലര്‍ച്ചെ മുതല്‍ തന്നെ കിനാനൂര്‍-കരിന്തളത്തെയും പരിസര പഞ്ചായത്തുകളിലെയും സ്ത്രീകളടക്കമുള്ള നിരവധി പേര്‍ തെളിവെടുപ്പ് നടക്കുന്ന ഹാള്‍ ഉപരോധിക്കുകയായിരുന്നു. നിര്‍ദിഷ്ട ഖനന പ്രദേശത്തെ 82.65 ഏക്കര്‍ സ്ഥലം സോളാര്‍ പാര്‍ക്ക് നിര്‍മിക്കാന്‍ കെഎസ്ഇബിക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇക്കാര്യം ഹൈക്കോടതിയില്‍ നിന്നും മറച്ചുവച്ചാണ് ഇപ്പോള്‍ കമ്പനി തെളിവെടുപ്പിന് അനുമതി നേടിയെടുത്തതെന്നും സമരസമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു. ആയിരക്കണക്കിന് ജനങ്ങളാണ് തെളിവെടുപ്പ് നടത്തുന്നത് തടയുന്നതിനായി നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ തടിച്ചുകൂടിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്റെ നേതൃത്വത്തില്‍ ശക്തമായ പോലിസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss