|    Dec 13 Thu, 2018 4:39 am
FLASH NEWS

ജനകീയതയുടെ പേരില്‍ ഹര്‍ത്താല്‍ മുതലെടുപ്പ് ; മുഖം രക്ഷിക്കാനാവാതെ ഹിന്ദുത്വ തീവ്ര രാഷ്ട്രീയ ശക്തികള്‍

Published : 22nd April 2018 | Posted By: kasim kzm

മഞ്ചേരി: ജമ്മു കശ്മീരില്‍ എട്ടു വയസുകാരി വംശീയാക്രമണത്താല്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്ത സംഭവത്തില്‍ മനുഷ്യത്വപരമായി പ്രതിഷേധ രംഗത്തെത്തിയവര്‍ക്ക് തിരിച്ചടിയായി ഹിന്ദുത്വ തീവ്ര ശക്തികളുടെ ബാഹ്യ ഇടപെടല്‍. കഠ്‌വ സംഭവത്തില്‍ വിഭാഗീയതകള്‍ക്കിട നല്‍കാതെയുള്ള പോരാട്ടത്തിനാണ് ജില്ലയില്‍ കളമൊരുങ്ങിയിരുന്നത്. ഇതില്‍ വ്യക്തമായ ലക്ഷ്യത്തോടെ ബാഹ്യ ശക്തികള്‍ അക്രമത്തിനു വഴിവെച്ചതിന്റെ തെളിവാണ് പോലിസ് അന്വേഷണത്തില്‍ പുറത്തായത്.
കൊല്ലത്തെ സജീവ സംഘപരിവാര പ്രവര്‍ത്തകര്‍ സംഘടന വിട്ടെന്ന വെളിപ്പെടുത്തലോടെ നടത്തിയ നീക്കത്തില്‍ വംശീയ അതിക്രമമമായിരുന്നു ഉന്നമെന്ന് വ്യക്തമാണ്. സംസ്ഥാന വ്യാപകമായി കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ കഠ്‌വ കൊലപാതകത്തിന്റെ മറവില്‍ വാട്്‌സാപ്പിലൂടെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ഇതിനായി ഇപ്പോള്‍ അറസ്റ്റിലായ കൊല്ലം സ്വദേശി അമര്‍നാഥാണ് ആദ്യസന്ദേശം അയച്ചതെന്ന് പോലി സ് കണ്ടെത്തി. ഇയാളുടെ സ്വന്തം ഫോണുകളില്‍ നിന്ന് വോയ്‌സ് ഓഫ് യൂത്ത്, വോയ്‌സ് ഓഫ് സിസ്റ്റേഴ്‌സ് എന്നീ പേരിലുള്ള രണ്ടു വാട്‌സാപ് ഗ്രൂപ്പുകള്‍ രൂപീകരിച്ചായിരിന്നു— ഇത്. ഈ ഫോണുകള്‍ ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലാണ്.
ആര്‍എസ്എസ് സജീവ പ്രവര്‍ത്തകനായിരുന്ന അമര്‍നാഥാണ് ജനകീയ ഹര്‍ത്താലെന്ന ആശയത്തിനു വിത്തു പാകിയതെന്ന് പോലിസ് വ്യക്തമാക്കി. ഇയാളുടെ പിതാവ് ബൈജുവും ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. ഇരുവരേയും പ്രദേശിക നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന് ആര്‍എസ്എസില്‍ നിന്നും മൂന്നു മാസം മുമ്പ് പുറത്താക്കിയതാണെന്നും തുടര്‍ന്ന് അമര്‍നാഥ് വാട്‌സാപ്പ് അടക്കമുള്ള ഇലക്ട്രോണിക്ക് മാധ്യമങ്ങളില്‍ ആര്‍എസ്എസിനെതിരെ ശക്തമായ പ്രചരണങ്ങള്‍ നടത്തുന്നത് പതിവായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജമ്മു കാശ്മീരില്‍ ബാലികയുടെ ക്രൂരമായ കൊലപാതകം ഇത്തരത്തില്‍ പ്രചരിപ്പിച്ചത് അമര്‍നാഥായിരുന്നു. ഇതിന് വലിയ സ്വീകാര്യത ലഭിച്ചതോടെയായിരുന്നു പുതിയ ഗ്രൂപ്പുകള്‍ രൂപീകരിച്ചത്.
അമര്‍നാഥും അഖിലും ഹര്‍ത്താലിന്‌ശേഷവും കലാപം നടത്താനായി ആഹ്വാനം ചെയുന്ന ശബ്ദ സന്ദേശങ്ങളും പൊലിസിന് ലഭിച്ചു. മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് മാതൃകയില്‍ കൂടുതല്‍ യുവാക്കളെ ഉള്‍പെടുത്തി പ്രതിഷേധം ശക്തമാക്കണമെന്നും ഇതിനായി മറ്റു ജില്ലകളില്‍ കൃത്യമായ ഏകോപനം വെണമെന്നുമായിരുന്നു ഹര്‍ത്താലിന്റെ തുടര്‍ ദിവസങ്ങളില്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ മാത്രം ഉള്‍പെട്ട സൂപ്പര്‍ അഡ്മിന്‍ ഗ്രൂപ്പിലെ ചര്‍ച്ചകള്‍. 14 ജില്ലാ ഗ്രൂപ്പുകളുമായി അമര്‍നാഥിന് നേരിട്ട് ബന്ധമുണ്ട്. ഇതിന് കീഴിലായി ഓരോ പ്രദേശത്തും നൂറുക്കണക്കിന് ഗ്രൂപ്പുകള്‍ രൂപീരിച്ചതായും തെളിഞ്ഞു.
ഹര്‍ത്താല്‍ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നിരപരാധികളെ പോലിസ് അകാരണമായി ദ്രോഹിക്കുന്നെന്ന പരാതി വിവിധ രാഷ്ട്രീയ പാര്‍ടികളില്‍ നിന്നുതന്നെ ശക്തമാവുന്ന വേളയിലാണ് സംഭവത്തിന്റെ ഗതി മാറ്റി അന്വേഷണം പുതു ദിശകള്‍ തേടുന്നത്. എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് സംഘടനകളെ പ്രതിസ്ഥാനത്ത് അവരോധിക്കാനുള്ള ഗൂഢ നീക്കവും ഇതോടെ പൊളിയുകയാണ്. മുസ് ലിം ലീഗടക്കമുള്ള പാര്‍ടികളിലെ നേതാക്കളടക്കം ഇക്കഴിഞ്ഞ ഹര്‍ത്താല്‍ അതിക്രമത്തിന്റെ പേരില്‍ അറസ്റ്റിലായിരുന്നു. മുസ് ലിം സംഘടനകളാണ് ഹര്‍ത്താലിന്റെ പേരില്‍ അതിക്രമങ്ങള്‍ നടത്തിയതെന്നാരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ പ്രകടനവും നടത്തിയിരുന്നു.
എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് സംഘടനകളില്‍ ഹര്‍ത്താലിന്റെ പിതൃത്വം അവരോധിക്കാനുള്ള ഇടപെടലായിരുന്നു സംഘപരിവാര പ്രവര്‍ത്തകരില്‍ നിന്നുണ്ടായത്. ഹര്‍ത്താലിന് പിന്നില്‍ സംഘപരിവാര സംഘടനകളാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. വര്‍ഗീയ സംഘര്‍ഷവും കലാപവുമായിരുന്നു ഹര്‍ത്താലിന്റെ ലക്ഷ്യവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എതിര്‍വിഭാഗം ഹര്‍ത്താല്‍ ഏറ്റെടുക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത്തരമൊരു ആഹ്വാനം നല്‍കിയത്. മലബാറില്‍ കലാപമുണ്ടാക്കാനും വര്‍ഗീയ വികാരം ആളിക്കത്തിക്കാനുമായിരുന്നു ഇവരുടെ ശ്രമമെന്നും ഇന്റലിജന്‍സ് പോലിസ് മേധാവിക്ക് നല്‍കിയ റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss