|    Apr 23 Mon, 2018 9:08 pm
FLASH NEWS

ജനം നെട്ടോട്ടത്തില്‍; വ്യാപാരമേഖല സ്തംഭിച്ചു

Published : 10th November 2016 | Posted By: SMR

കണ്ണൂര്‍: രാജ്യത്ത് 500, 1000 രൂപ കറന്‍സികള്‍ പിന്‍വലിച്ചെന്ന പ്രഖ്യാപനം വന്നതോടെ ജനം നെട്ടോട്ടത്തില്‍. വ്യാപാര മേഖലയെ സ്തംഭിപ്പിച്ച നടപടി ഗ്രാമ-നഗര വ്യത്യാസമില്ലാതെ അപ്രഖ്യാപിത ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചതെങ്കിലും അതിരാവിലെ മുതലാണ് വീട്ടമ്മമാര്‍ മുതല്‍ കുട്ടികള്‍ വരെ ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിട്ടത്. മല്‍സ്യ വില്‍പനക്കാര്‍ മുതല്‍ ബസ് കണ്ടക്്ടര്‍മാര്‍ വരെ 1000, 500 നോട്ടുകള്‍ മടക്കിയതോടെ, തങ്ങളുടെ കൈയ്യിലുള്ള പണം നഷ്ടപ്പെടുമെന്ന ആശങ്കയിലായി ജനങ്ങള്‍. കൈയ്യിലുള്ള കറന്‍സികള്‍ ബാങ്കുകളില്‍ ചെന്നു മാറ്റാന്‍ ഇനിയും സമയമുണ്ടെന്ന അറിയിപ്പ് പോലും വിശ്വാസത്തിലെടുക്കാതെ വ്യാപാരികളും ബസ്, ഹോട്ടല്‍ ജീവനക്കാരും പലരെയും മടക്കിയയച്ചു. ബസ് യാത്രയിലും ഹോട്ടലുകളിലും എന്നുവേണ്ട രണ്ടുപേര്‍ കൂടുന്നിടത്തൊക്കെ ചര്‍ച്ച കറന്‍സി തന്നെയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി തന്നെ പലയിടത്തെയും എടിഎമ്മുകളില്‍ നിന്നു 100ന്റെ നോട്ടുകള്‍ പലരും പിന്‍വലിച്ചിരുന്നു. പണം നഷ്ടപ്പെടില്ലെങ്കിലും രണ്ടു ദിവസത്തെ ചെലവ് എങ്ങനെ നടത്തുമെന്നായിരുന്നു പലരുടെയും ആശങ്ക. കടകളിലും ഹോട്ടലുകളിലുമെല്ലാം 1000, 500 നോട്ടുകള്‍ സ്വീകരിക്കില്ലെന്ന അറിയിപ്പ് കൂടി എഴുതിവച്ചതോടെ ഭക്ഷണം കഴിക്കാന്‍ പോലും പലരും പാടുപെട്ടു. തീവണ്ടിയില്‍ ദീര്‍ഘദൂര യാത്രക്കിറങ്ങിയവരാണ് ഏറെ വലഞ്ഞത്. ഭക്ഷണം പോലും കഴിക്കാന്‍ ചില്ലറയില്ലാതെ പലരും പാടുപെട്ടു. റെയില്‍വേ സ്റ്റേഷനിലും ബസ്സുകളിലുമെല്ലാം ചില്ലറയുള്ളവര്‍ക്കു മാത്രമാണു ടിക്കറ്റ് നല്‍കിയത്. പലരും ചില്ലറയില്ലാത്തതിനാല്‍ ടിക്കറ്റെടുക്കാതെയും യാത്ര ചെയ്തു. ചില ബസ്സുകളില്‍ 500 രൂപ നല്‍കിയ യാത്രക്കാരോട് ടിക്കറ്റില്ലാതെ സൗജന്യ യാത്ര അനുവദിച്ചതും കൗതുകമായി. വ്യാപാര സ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കുമാണ് കാര്യമായ തിരിച്ചടിയുണ്ടായത്. പച്ചക്കറി കടകളിലെല്ലാം തിരക്ക് കുറവായിരുന്നു. വരുംദിവസങ്ങളില്‍ ആശങ്ക മാറിയില്ലെങ്കില്‍ കുടുംബ ബജറ്റ് തന്നെ താളംതെറ്റുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും ഇലക്്‌ട്രോണിക് ബാങ്കിങ് വഴിയും ഇടപാട് നടത്താന്‍ തടസ്സമില്ലെന്ന് അറിയിച്ചിരുന്നെങ്കിലും ഗ്രാമീണ മേഖലകളിലടക്കമുള്ള കടകളില്‍ ഇതിനുള്ള സംവിധാനമൊന്നുമില്ല. ചെറുകിട കച്ചവടക്കാരെയും ഇടത്തരക്കാരെയുമാണ് തീരുമാനം ബാധിച്ചത്. പലയിടത്തും ചില്ലറയെ ചൊല്ലി തര്‍ക്കവുമുണ്ടായി. രാവിലെ തന്നെ പല ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും 500, 1000 നോട്ടുകള്‍ എടുക്കില്ലെന്ന് അറിയിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. പെട്രോള്‍ ബങ്കുകളിലും മെഡിക്കല്‍ ഷോപ്പുകളിലും 500, 1000 കറന്‍സികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, ചില്ലറയ്ക്കു വേണ്ടി മാത്രമായി പലരും ഇവിടങ്ങളിലെത്തിയതോടെ അവരും പ്രതിസന്ധിയിലായി. നാലുചക്ര വാഹനങ്ങളുള്ളവര്‍ 500, 1000 രൂപയ്ക്കു ഇന്ധനം നിറച്ച് സംതൃപ്തിയടഞ്ഞു. നഗരത്തിലെ ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ ചില്ലറ ക്ഷാമത്തെ തുടര്‍ന്ന് ഇന്നലെ ആളില്ലാത്ത അവസ്ഥയായിരുന്നു. ചില്ലറയുമായെത്തിവര്‍ക്ക് മാത്രം വില്‍പന നടത്തിയതിലൂടെ ലക്ഷക്കണക്കിനു രൂപയുടെ വില്‍പനയുടെ കുറവുണ്ടായി. സാധാരണയായി ബിവറേജ് കടകള്‍ക്കു മുന്നില്‍ വന്‍ ക്യൂ രൂപപ്പെടാറുണ്ട്. അതിനിടെ, വൈകീട്ടോടെ പലയിടത്തും വ്യാപാരികള്‍ നോട്ടുകള്‍ സ്വീകരിക്കാനും നിര്‍ബന്ധിതരായി. കച്ചവടം നന്നേ മോശമായതോടെയും ലഭിക്കുന്ന നോട്ടുകള്‍ ബാങ്കില്‍ കൊണ്ടുപോയി മാറ്റാമെന്നതുമാണ് ഇവരെ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss