|    Apr 25 Wed, 2018 2:50 am
FLASH NEWS

ജനം ചോദിക്കുന്നു; ഇതു നഗരസഭകളോ ‘നരക സഭകളോ’ ?

Published : 18th October 2015 | Posted By: swapna en

കെ സനൂപ്

പാലക്കാട്: മറ്റൊരു തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് കൂടി വിധിയെഴുതാന്‍ ജനങ്ങള്‍ ഒരുങ്ങുമ്പോള്‍ വോട്ടഭ്യര്‍ഥനയുമായി മുമ്പിലെത്തുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോട് ചോദ്യശരങ്ങളാണ് ഉയരുന്നത്. പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, ചിറ്റൂര്‍-തത്തമംഗലം, മണ്ണാര്‍ക്കാട്, പട്ടാമ്പി നഗരസഭകളിലാണ് പ്രാഥമികമായ സൗകര്യങ്ങള്‍ പോലും നഗരങ്ങളില്‍ പോലും ഒരുക്കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒത്തുകളിച്ച് കാലങ്ങളായി ജനങ്ങളെ വിഡ്ഢികളാക്കുന്നത്. പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ എന്നിവ നേരത്തെയുള്ള നഗരസഭകളാണെങ്കിലും നഗരത്തില്‍ അടിസ്ഥാനമായി വേണ്ട കാര്യങ്ങളില്‍ രാഷ്ട്രീയ കക്ഷി ഭേദമന്യേ യാതൊരു പുരോഗതിയുമുണ്ടാക്കാന്‍ ഒരാള്‍ക്കുമായിട്ടില്ല. പാലക്കാട്ട് കാല്‍നടയാത്രക്കാര്‍ക്ക് നടപ്പാതകളൊന്നുമില്ലെന്ന് മാത്രമല്ലാ,  നടപ്പാതകള്‍ വഴി വാണിഭക്കാരും സ്വകാര്യ വ്യവസായ സ്ഥാപനങ്ങളും കൊട്ടിയടച്ചും രാഷ്ട്രീയ പാര്‍ട്ടികള്‍ പരിസ്ഥിതിക്ക് തന്നെ ഭീഷണിയായ ഫഌക്‌സ് ബോര്‍ഡുകള്‍ വച്ചും തടസ്സപ്പെടുത്തുകയാണ്. നഗരത്തിലെ ഹോട്ടലുകളിലേയും സ്വകാര്യ ലാബുകളിലേയും വ്യവസായ സ്ഥാപനങ്ങളിലേയും ലോഡ്ജുകളിലേയും സഹകരണ ആശുപത്രി കാന്റീനുകളിലേയും എല്ലാ മാലിന്യങ്ങളും യഥേഷ്ടം അഴുക്കുചാലുകളിലേക്ക് ഒഴുക്കിവിടുന്നത് നടപ്പാതകളിലെ സ്ലാബുകളിലാണ്. ചട്ടങ്ങളൊന്നും തന്നെ പാലിക്കാതെ കെട്ടിട നിര്‍മാണങ്ങള്‍ യഥേഷ്ടം നടക്കുമ്പോഴും ഇത്തരത്തില്‍ നടപടികള്‍ പേരിലൊതുങ്ങുകയാണ്. റോഡില്‍ നിന്ന് നിശ്ചിത അകലം പാലിക്കാതെ നിര്‍മിച്ച കെട്ടിടങ്ങളില്‍ പാലക്കാട്ടെ വിവാദ വ്യവസായിയുടേതും പ്രമുഖ ഹോട്ടല്‍ വ്യാപാരിയുടേയും സ്ഥാപനങ്ങളും പെടും. നടപടികള്‍ക്കായി യോഗത്തില്‍ ബഹളം വെക്കുന്നവര്‍ പിന്നീട് ബന്ധപ്പെട്ടവരില്‍ നിന്ന് നല്ലൊരു പാരിതോഷികം വാങ്ങി വീതിച്ച് നല്‍കുന്നതോടെ നടപടികള്‍ പേരിനുമാത്രമാവുന്നു. പാലക്കാട് നഗരത്തിലെ നഗരസഭയ്ക്ക് കീഴിലുള്ള ബസ് സ്റ്റാന്റുകളുടേയും ടൗണ്‍ ഹാളിന്റേയും സ്ഥിതി കണ്ടാല്‍ ദീനത തോന്നും. കൊതുകില്ലാത്ത നഗരം സ്വപ്‌നമായി അവശേഷിക്കുകയാണ് ഈ നഗരസഭകളിലെല്ലാം. മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്കൊപ്പം നഗരവും ചീഞ്ഞുനാറുന്നത് അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. രണ്ട് ഓട്ടോ പ്രീ പെയ്ഡ് ബൂത്തുകളുണ്ടെങ്കിലും പ്രവര്‍ത്തനം നടത്താതെ ഓട്ടോക്കാരില്‍ നിന്ന് വിഹിതം കൈപ്പറ്റി പോലിസുകാരും ഭരണക്കാരും രാഷ്ടീയക്കാരും പ്രവര്‍ത്തിപ്പിക്കാത്ത സ്ഥിതിയാണ്. നവീകരണത്തിനായി പൊളിച്ച കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് പകരമുള്ള താല്‍ക്കാലിക ടെര്‍മിനലില്‍ മഴയും വെയിലും കൊള്ളാതെ നില്‍ക്കാന്‍പോലും യാത്രക്കാര്‍ പ്രയാസപ്പെടുമ്പോള്‍ ടെന്‍ഡര്‍ നടപടികള്‍ വൈകിപ്പിച്ച് സ്വകാര്യ ബസ്സുടമകള്‍ക്ക് വിടുവേല ചെയ്യുകയും കെഎസ്ആര്‍ടിസിയിലെ ഉന്നതരും രാഷ്ട്രീയക്കാരും ജനപ്രതിനിധികളുമെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാകും. പാര്‍ക്കിങ് ബോര്‍ഡുകള്‍ക്ക് മുമ്പിലാണ് സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്. പാലക്കാട്ടെ സ്ഥിതിയില്‍ നിന്നൊട്ടും വ്യത്യസ്തമല്ലാ ഒറ്റപ്പാലത്തേയും സ്ഥിതി. പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതയ്ക്കായി ബാക്കിയെല്ലായിടത്തും റോഡ് വീതി കൂട്ടിയപ്പോള്‍ വാണിയംകുളത്തും ഒറ്റപ്പാലം നഗരത്തിലും വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് പണം കൈപ്പറ്റി ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാര സ്ഥാപനങ്ങള്‍ പൊളിച്ച് റോഡ് വീതികുട്ടാനനുവദിക്കാതെ ജനങ്ങളെ വീണ്ടും കുരുക്കിലാക്കി. ഇതില്‍ നിന്നൊന്നൊട്ടും വ്യത്യസ്തമല്ലാ ഷൊര്‍ണൂര്‍ നഗരസഭയുടെ സ്ഥിതിയും. ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളിലൊന്നായ ഭാരതപ്പുഴയില്‍ സ്ഥിരം തടയണ എന്ന ആവശ്യം ഇന്നും പൂവണിയാതെ കിടക്കുകയാണ്. ബസ്സുകള്‍ നേരാംവണ്ണം തിരിക്കാന്‍പോലും വീതിയില്ലാത്ത എം ആര്‍ മുരളി ചെയര്‍മാനായിരുന്നപ്പോള്‍ നിര്‍മിച്ച ബസ് സ്റ്റാന്റ് ആര്‍ക്കും വേണ്ടാത്ത സ്ഥിതിയാണ്. കുളപ്പുള്ളിയില്‍ ഗവ. ഐടിസിക്ക് സമീപം പൊതുസ്ഥലം കൈയേറി നിര്‍മിച്ച കെട്ടിടം പൊളിച്ചു നീക്കാനും അധികൃതര്‍ തയ്യാറായില്ല.ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴും ജലമൂറ്റുന്ന കമ്പനികളും ഫാക്ടറികളും യഥേഷ്ടം പ്രവര്‍ത്തിച്ചുവരികയാണ്. പുതുതായി രൂപീകരിച്ച മണ്ണാര്‍ക്കാട്, പട്ടാമ്പി നഗരസഭകളുടേയും സ്ഥിതി മറിച്ചല്ല. ദേശീയപാതയായ പാലക്കാട്-കോഴിക്കോട് റൂട്ടിലെ പ്രധാന ഗരമായ മണ്ണാര്‍ക്കാട് നൊട്ടമല വളവിന് ശാസ്ത്രീയമായി ബദല്‍ പാത ഒരുക്കാമെന്നിരിക്കേ നൊട്ടമല വളവ് വീതികൂട്ടിയും ടൈല്‍സ് പതിച്ചും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്തത്. ദേശീയപാതയില്‍ കൈയേറ്റങ്ങള്‍ ഈയടുത്ത കാലത്തെ സര്‍വേയില്‍ കണ്ടെത്തിയെങ്കിലും ആ പൊതുസ്ഥലം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അമാന്തം തുടരുകയാണ്. പട്ടാമ്പിയിലെ സ്ഥിതിയും മറിച്ചല്ല. നഗരസഭയേ വരവേല്‍ക്കുന്നത് തന്നെ റോഡിലെ അഗാധ ഗര്‍ത്തങ്ങളാണ്. മഞ്ഞളുങ്ങല്‍ മുതല്‍ പട്ടാമ്പി പാലം വരെയും സ്ഥിതി മറിച്ചല്ല. വീതികുറഞ്ഞ റോഡുകളിലും അനാവശ്യ ട്രാഫിക് പരിഷ്‌ക്കാരങ്ങളും നടത്തുന്നതല്ലാതെ വ്യാപാര സ്ഥാപനങ്ങളുടെ കൈയേറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും. പുതിയ കെഎസ്ആര്‍ടിസി സ്റ്റാന്റിന്റെ ടെന്‍ഡര്‍ നടപടികളോ യാതൊന്നും തന്നേ പൂര്‍ത്തിയാവാതെ കിടക്കുമ്പോള്‍ പട്ടാമ്പിയില്‍ എംഎല്‍എ പ്രഖ്യാപിച്ച ഫയര്‍ സ്റ്റേഷനും കൊപ്പത്തെ പോലിസ് സ്‌റ്റേഷനും വിദൂര സ്വപ്‌നമായി ഇന്നും അവശേഷിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss