|    Sep 25 Tue, 2018 2:25 am
FLASH NEWS

ജനം ക്യാംപുകളിലേക്ക്: ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു

Published : 19th August 2018 | Posted By: kasim kzm

കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് ജില്ലയിലുണ്ടായ പ്രളയദുരിതങ്ങള്‍ക്ക് അറുതിയില്ല. ദിവസങ്ങള്‍ കഴിയുന്തോറും കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിനാളുകളാണ് ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് കൂട്ടത്തോടെ പാലായനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ദുരിതാശ്വായ ക്യാംപുകളുടെ എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. വെള്ളിയാഴ്ച രാവിലെ ജില്ലയില്‍ 191 ക്യാംപുകളാണ് തുറന്നതെങ്കില്‍ രാത്രിയായപ്പോഴേയ്ക്കും ക്യാംപുകളുടെ എണ്ണം 302 ആയി വര്‍ധിച്ചു. കൈയില്‍ കിട്ടുന്ന സാധനങ്ങളുമായാണ് പലരും രക്ഷപ്പെടുന്നത്. വീടുകള്‍ വെള്ളത്തിലായതോടെ വീട്ടുപകരണങ്ങളും കുട്ടികളുടെ പുസ്തകങ്ങളും അവശ്യസര്‍ട്ടിഫിക്കറ്റുകളുമെല്ലാം നശിച്ചിരിക്കുകയാണ്. നാലുഭാഗവും വെള്ളം കയറിയതിനെത്തുടര്‍ന്ന് കുടുങ്ങിപ്പോയ നിരവധി പേരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ഹെലികോപ്റ്ററും രംഗത്തെത്തി രക്ഷപ്പെടുത്തി. ഇനിയും ചില സ്ഥലങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. ശക്തമായ മഴയ്ക്ക് ശമനമുണ്ടാവാത്തതാണ് ജില്ലയിലെ കെടുതികള്‍ക്ക് അയവുവരാത്തതിന് പ്രധാനം കാരണം. മിക്ക മേഖലകളും വെള്ളത്തിലായതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകള്‍ ഭൂരിഭാഗവും നിലച്ചിരിക്കുകയാണ്. കോട്ടയത്തുനിന്ന് ഏതാനും റൂട്ടുകളിലേക്കുള്ള സര്‍വീസുകള്‍ മാത്രമാണ് ഭാഗികമായെങ്കിലും നടക്കുന്നത്. വെള്ളം കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്ത സ്ഥലങ്ങളില്‍ സര്‍വീസ് നടത്തിയിരുന്ന ബസ്സുകളും പിന്‍വാങ്ങി. ഡീസല്‍ ക്ഷാമത്തെത്തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള സര്‍വീസുകള്‍ നിലച്ചത്. ബസ്സുകളില്‍ പൊതുവെ യാത്രക്കാര്‍ കുറവായതിനാല്‍ സര്‍വീസ് നടത്തുന്നത് നഷ്ടമാണെന്നാണ് ബസ്സുടമകള്‍ പറയുന്നത്. ജില്ലയിലെ ജനജീവിതം സ്തംഭിച്ച അവസ്ഥയാണ്.
ഗതാഗതസംവിധാനം താറുമാറായതോടെ നഗരങ്ങളിലേക്ക് ജനങ്ങളെത്തുന്നില്ല. റോഡുകളിലും വ്യാപാരസ്ഥാപനങ്ങളിലും തിരക്കൊഴിഞ്ഞു. വെള്ളിയാഴ്ച പകല്‍ മഴ അല്‍പം മാറിനിന്നെങ്കിലും വൈകീട്ടോടെ സ്ഥിതിഗതികള്‍ മാറി. വെള്ളിയാഴ്ച രാത്രിയും ഇന്നലെ രാവിലെയും ജില്ലയുടെ പല ഭാഗങ്ങളിലും വീണ്ടും മഴ കനത്തു. ഇന്നലെ ഉച്ചയോടെ അല്‍പം തെളിഞ്ഞ കാലാവസ്ഥയാണ്. എങ്കിലും ഇടവിട്ട് പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. മഴ നാലാം ദിവസത്തിലേക്ക് കടന്നതോടെ കോട്ടയം നഗരപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടുകഴിഞ്ഞു. നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ വെള്ളം നിറഞ്ഞുകിടക്കുകയാണ്. നാഗമ്പടം മൈതാനം, നെഹ്‌റു സ്‌റ്റേഡിയം, ശാസ്ത്രിറോഡിന്റെ താഴ്ന്ന ഭാഗവും വെള്ളത്തില്‍ മുങ്ങി. കോടിമത മുതല്‍ മണിപ്പുഴയെത്തുന്നതു വരെയുള്ള എംസി റോഡിലും വന്‍ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. മണര്‍കാടിന് സമീപം ഐരാറ്റുനട—യില്‍ റോഡിന്റെ വശമിടിഞ്ഞിട്ടുണ്ട്. ഇവിടെ വയല്‍ നിറഞ്ഞ് വെള്ളം റോഡിലേക്ക് കയറുന്ന നിലയിലാണ്. ഇന്നലെ രാവിലെ സര്‍വീസ് നടത്തിയ ബസ്സുകള്‍ ഉച്ചയ്ക്കുശേഷം നിര്‍ത്തിവച്ചു. റെയില്‍വേ ട്രാക്കില്‍ വെള്ളം കയറുകയും നീലിമംഗലം മേല്‍പ്പാലം ഭാഗത്തെ ജലനിരപ്പും കണക്കിലെടുത്ത് കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. കോട്ടയത്തുനിന്ന് എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് പ്രദേശങ്ങളിലേക്ക് പോവേണ്ടവര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ്. ആലപ്പുഴ വഴി ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും പലയിടത്തും വെള്ളം കയറിക്കിടക്കുന്നതിനാല്‍ കോട്ടയത്തുനിന്ന് എത്തിപ്പെടാന്‍ കഴിയുന്നുമില്ല. റോഡുമാര്‍ഗം വഴിയുള്ള ഗതാഗതം നിലച്ചതിനെത്തുടര്‍ന്ന് ആലപ്പുഴയ്ക്ക് പോവുന്നതിന് ബോട്ടുസര്‍വീസിനെയാണ് ജനം ആശ്രയിക്കുന്നത്. ഒരുദിവസമെങ്കിലും മഴ മാറിനിന്നെങ്കില്‍ മാത്രമേ ജലനിരപ്പ് താഴുകയുള്ളൂ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss