|    Dec 17 Mon, 2018 10:14 am
FLASH NEWS
Home   >  Kerala   >  

ജഡ്ജി നിയമനം കുടുംബസ്വത്ത് വീതംവയ്ക്കലല്ല: ജ. കെമാല്‍പാഷ

Published : 25th May 2018 | Posted By: sruthi srt

കൊച്ചി: ജഡ്ജി നിയമനമെന്നാല്‍ ആരുടെയെങ്കിലും കുടുംബസ്വത്ത് വീതംവയ്ക്കലല്ലെന്ന് ജസ്റ്റിസ് കെമാല്‍പാഷ. ന്യായാധിപ പദവിയില്‍ നിന്നു വിരമിക്കുന്നതിന്റെ ഭാഗമായി ഫുള്‍കോര്‍ട്ട് റഫറന്‍സ് വഴി നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മതത്തിനും ജാതിക്കും ഉപജാതിക്കും വീതംവയ്‌ക്കേണ്ടതല്ല ജഡ്ജി പദവിയെന്ന് അദ്ദേഹം പറഞ്ഞു.
ചില അഭിഭാഷകരെ ജഡ്ജിമാരായി നിയമിക്കണമെന്ന് ശുപാര്‍ശ നല്‍കിയതായി മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. ഇതു ശരിയാണെങ്കില്‍ താന്‍ അടക്കമുള്ള ഭൂരിപക്ഷം ജഡ്ജിമാര്‍ക്കും അവരുടെ മുഖം കാണാന്‍ പോലും കഴിഞ്ഞിട്ടില്ല. ഇത് ജുഡീഷ്യറിക്ക് നല്ലതാണോയെന്ന് ചിന്തിക്കണം.

ജഡ്ജിയാവാന്‍ യോഗ്യരായ നിരവധി പേര്‍ അഭിഭാഷക സമൂഹത്തിലുണ്ട്. യാതൊരു യോഗ്യതയുമില്ലാത്ത അഭിഭാഷകരെ തിരഞ്ഞെടുക്കുന്നതും ശുപാര്‍ശ ചെയ്യുന്നതും സംവിധാനത്തി നെതിരേ വിരല്‍ ചൂണ്ടപ്പെടാന്‍ കാരണമാവും. നീതിയുടെ ക്ഷേത്രത്തിലെ മന്ത്രിയാണ് ഒരു ജഡ്ജി. നീതിപരിപാലനം ഒരു വിശുദ്ധ പ്രവൃത്തിയാണ്. ഇത്തരം പ്രവൃത്തിക്ക് തിരെഞ്ഞടുക്കപ്പെടുന്നവര്‍ക്ക് അതിനുള്ള ശേഷിയുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതിയില്‍ നടക്കുന്ന കേസുകളില്‍ ഭൂരിപക്ഷത്തിലും സര്‍ക്കാര്‍ കക്ഷിയായിരിക്കും. വിരമിച്ചതിനു ശേഷം എന്തെങ്കിലും പദവി പ്രതീക്ഷിക്കുന്ന ജഡ്ജി ഏറ്റവും ചുരുങ്ങിയത് സര്‍വീസിന്റെ അവസാന വര്‍ഷമെങ്കിലും സര്‍ക്കാരിന്റെ അപ്രീതി ക്ഷണിച്ചുവരുത്തില്ലെന്നത് സ്വാഭാവികമാണ്. ജഡ്ജിമാര്‍ ഇങ്ങനെ പെരുമാറുന്നു എന്നത് ഒരു പൊതുപരാതിയാണ്. വിരമിച്ചതിനു ശേഷം എന്തെങ്കിലും പദവി സ്വീകരിക്കുന്നുണ്ടെങ്കില്‍ അത് മൂന്നു വര്‍ഷത്തെ കൂളിങ് പിരീഡിനു ശേഷമായിരിക്കണമെന്നാണ് സുപ്രിംകോടതി ചീഫ്ജസ്റ്റിസുമാരായിരുന്ന എസ് എച്ച് കപാഡിയയും ടി എസ് ഠാക്കൂറും അഭിപ്രായപ്പെട്ടിട്ടുള്ളത്.
ജഡ്ജിമാരും അഭിഭാഷകരും കഠിനാധ്വാനം ചെയ്ത് കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഉണ്ടാക്കിയെടുത്ത പ്രതാപം അടുത്തിടെയുണ്ടായ ചില സംഭവങ്ങള്‍ മൂലം ഗണ്യമായി ക്ഷയിച്ചിരിക്കുകയാണെന്നും ജസ്റ്റിസ് കെമാല്‍പാഷ ചൂണ്ടിക്കാട്ടി. ഈ സംഭവങ്ങള്‍ കോടതിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയിരിക്കുകയാണ്. അഭിഭാഷകര്‍ക്കു മാത്രമല്ല, വിരമിച്ച ജഡ്ജിമാര്‍ക്കും സിറ്റിങ് ജഡ്ജിമാര്‍ക്കും ഈ അഭിപ്രായമുണ്ട്. കോടതിയെ സംബന്ധിച്ച മതിപ്പ് നല്ലവരായ പൊതുസമൂഹത്തിനു മുന്നില്‍ കുറയാന്‍ ഈ സംഭവവികാസങ്ങള്‍ കാരണമായി. ഇതുമൂലം ജഡ്ജിമാര്‍ക്കല്ല, അഭിഭാഷക സമൂഹത്തിനാണ് നഷ്ടമുണ്ടാവുക.
ഇത്തരം വിഷയങ്ങളില്‍ ഭാവിയില്‍ അഭിഭാഷകര്‍ പ്രതികരിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഇതു സംവിധാനത്തില്‍ ശുദ്ധീകരണത്തിന്റെ ഫലം ചെയ്യും. ചില ജഡ്ജിമാര്‍ അഴിമതി നടത്തുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മുംബൈയിലെ അഭിഭാഷകര്‍ ശക്തമായി ഇടപെട്ടപ്പോള്‍ ഫലമുണ്ടായെന്നും ജസ്റ്റിസ് കെമാല്‍പാഷ ചൂണ്ടിക്കാട്ടി. നീതി നടപ്പാക്കണമെങ്കില്‍ നിരവധി തടസ്സങ്ങള്‍ ചാടിക്കടക്കേണ്ടതുണ്ട്. പുറമേയുള്ള ശക്തികളും ചില സമയങ്ങളില്‍ അകത്തു നിന്നുള്ള ശക്തികളുമാണ് തടസ്സമുണ്ടാക്കുന്നത്.
രാജാവ് നഗ്‌നനാണെങ്കില്‍ ആരെങ്കിലും അതു വിളിച്ചുപറയണം. ഇത്രയും കാലത്തെ സേവനത്തില്‍ അഴിമതിയും കുറ്റകൃത്യങ്ങളും തുടച്ചുനീക്കാന്‍ ശ്രമിച്ചു. സമൂഹത്തിന്റെ നീതിക്കു വേണ്ടിയുള്ള ആവശ്യത്തോട് പ്രതികരിച്ചു. തല ഉയര്‍ത്തിപ്പിടിച്ചാണ് താന്‍ വിരമിക്കുന്നതെന്നും ജസ്റ്റിസ് കെമാല്‍പാഷ പറഞ്ഞു. ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആന്റണി ഡൊമിനിക്, അഡ്വ. ജനറല്‍ സി പി സുധാകര്‍ പ്രസാദ് സംസാരിച്ചു. കെമാല്‍പാഷയുടെ ഭാര്യ കസ്തൂരി, മക്കളും മറ്റു കുടുംബാംഗങ്ങളും അടക്കം നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.
1956ല്‍ കൊല്ലം അഞ്ചലില്‍ പി ബി ബാദുഷയുടെയും കെ സൈനബ ബീവിയുടെയും മകനായി ജനിച്ച കെമാല്‍പാഷ 1979ലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നത്. 1995ല്‍ എറണാകുളത്ത് അഡീഷനല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് ജഡ്ജിയായി നിയമിതനായി. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2012ല്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലായി. 2013ല്‍ ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിയായി നിയമിച്ചു. 2014ല്‍ സ്ഥിരം ജഡ്ജിയായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss