|    Aug 19 Sat, 2017 1:00 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജഡ്ജി നിയമനം: അന്തിമ തീരുമാനം ജുഡീഷ്യറിക്ക്‌

Published : 7th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഉന്നത നീതിപീഠങ്ങളിലേക്ക് ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള അവസാന വാക്ക് തങ്ങള്‍ തന്നെയെന്ന നിലപാടിലുറച്ച് കൊളീജിയം. ഇതുസംബന്ധിച്ച നിലപാട് പുനപ്പരിശോധിക്കണമെന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ അഞ്ചംഗ കൊളീജിയം തള്ളി. രാജ്യത്തെ ഹൈക്കോടതികളിലെയും സുപ്രിംകോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നതിന് അധികാരപ്പെട്ട കൊളീജിയം സംവിധാനം രൂപീകരിക്കാനുള്ള നടപടിക്രമങ്ങളുടെ മാര്‍ഗരേഖയുടെ (എംഒപി) കരട് തയ്യാറാക്കി കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുത്തിരുന്നു. ഈ കരടില്‍ യാതൊരു മാറ്റവും വരുത്തേണ്ടെന്ന് കഴിഞ്ഞദിവസം യോഗം ചേര്‍ന്ന കൊളീജിയം തീരുമാനിച്ചു. ഇക്കാര്യം സുപ്രിംകോടതി സെക്രട്ടറി ജനറല്‍ മുഖേന കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താനും യോഗം തീരുമാനിച്ചു.ജഡ്ജി നിയമനത്തിലുള്ള കൊളീജിയത്തിന്റെ നിലപാടില്‍ മാറ്റമില്ല. ഇതു നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെന്നു ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. ജഡ്ജിമാരുടെ നിയമനത്തില്‍ ആരുടെ വാക്കാണ് അന്തിമം എന്നതിനെ ചൊല്ലിയുള്ള സര്‍ക്കാര്‍-ജുഡീഷ്യറി ഭിന്നതയാണ് എംഒപി തയ്യാറാവുന്നത് വൈകാന്‍ കാരണം. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി നിയമിക്കാന്‍ ഉദ്ദേശിക്കുന്ന ജഡ്ജിയുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചെങ്കിലും ‘ദേശസുരക്ഷ’ ഒഴിച്ചുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഒഴിവാക്കിയ പേര് കൂട്ടിച്ചേര്‍ക്കാന്‍ കൊളീജിയത്തിന് അധികാരമുണ്ടെന്ന വകുപ്പ് കരടില്‍ ചേര്‍ക്കുകയായിരുന്നു. ഇപ്പോഴത്തെ നടപടിക്രമം അനുസരിച്ച് ജഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാരിന് എതിര്‍പ്പുണ്ടായാല്‍ പോലും അവസാന വാക്ക് കൊളീജിയത്തിന്റേതാണ്. നിലവിലെ എല്ലാ ജഡ്ജിമാരുടെയും നിയമനം കൊളീജിയം ശുപാര്‍ശപ്രകാരമുള്ളതാണ്. ജഡ്ജി നിയമനത്തിലുള്ള അഭിപ്രായവ്യത്യാസമാണ് കൊളീജിയം റദ്ദാക്കി ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ (എന്‍ജെഎസി) സംവിധാനം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കേന്ദ്ര നിയമമന്ത്രിയും ജുഡീഷ്യല്‍ പശ്ചാത്തലമുള്ള രണ്ടു പ്രമുഖരും അടങ്ങുന്നതായിരുന്നു എന്‍ജെഎസി. എന്നാല്‍, ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി 2015 ഒക്ടോബറില്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് എന്‍ജെഎസി റദ്ദാക്കി പകരം പഴയ കൊളീജിയം സംവിധാനം പുനസ്ഥാപിക്കുകയായിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കൊളീജിയം പരിഷ്‌കരിക്കുന്നതിന് എംഒപി തയ്യാറാക്കാന്‍ സര്‍ക്കാര്‍ കൊളീജിയത്തെ ചുമതലപ്പെടുത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക