|    Jul 27 Thu, 2017 12:40 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജഡ്ജിമാരുടെ നിയമനം: സര്‍ക്കാര്‍ നിര്‍ദേശം തള്ളി ചീഫ് ജസ്റ്റിസ്

Published : 4th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച അപേക്ഷകള്‍ കൊളീജിയത്തിനയക്കുന്നതിനു മുമ്പ് പരിശോധിക്കാന്‍ വിരമിച്ച ജഡ്ജിമാരുടെ സമിതിയെ നിയമിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ തള്ളി. ജഡ്ജിമാരുടെ നിയമനത്തിനു പരിഷ്‌കരിച്ച നടപടിക്രമങ്ങളുടെ കരട് തയ്യാറാക്കുന്ന മന്ത്രിതല സമിതിയുടെ അധ്യക്ഷ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും നിയമമന്ത്രി ഡി പി സദാനന്ദ ഗൗഡയും ചീഫ് ജസ്റ്റിസിനെ വസതിയില്‍ സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചത്.
കൊളീജിയം സംവിധാനം എടുത്തുകളയുന്നതിന് പാര്‍ലമെന്റ് പാസാക്കിയ നാഷനല്‍ ജുഡീഷ്യല്‍ അപ്പോയന്റ്‌മെന്റ്‌സ് കമ്മീഷന്‍ സുപ്രിംകോടതി കഴിഞ്ഞ വര്‍ഷം റദ്ദാക്കിയിരുന്നു. കൊളീജിയം സംവിധാനം കൂടുതല്‍ സുതാര്യമാക്കാന്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് പുതിയ നടപടിക്രമങ്ങള്‍ തയ്യാറാക്കാന്‍ സുപ്രിംകോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു. സുപ്രിംകോടതിയിലേക്കും 24 ഹൈക്കോടതിയിലേക്കുമുള്ള ജഡ്ജിമാരുടെ നിയമനത്തിനു വേണ്ടിയാണ് നടപടിക്രമങ്ങള്‍ തയ്യാറാക്കുന്നത്.
സുപ്രിംകോടതിയിലേക്കും ഹൈക്കോടതിയിലേക്കുമുള്ള നിയമനങ്ങള്‍ക്ക് വെവ്വേറെ നടപടിക്രമങ്ങളാണുള്ളത്. കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച നടപടിക്രമങ്ങളിലെ വിവിധ വകുപ്പുകള്‍ സുപ്രിംകോടതി കൊളീജിയം തള്ളിയിരുന്നു. വിഷയത്തില്‍ സര്‍ക്കാരും കോടതിയും തമ്മിലുള്ള അഭിപ്രായഭിന്നത ലഘൂകരിക്കുന്നതിനു വേണ്ടിയാണ് മന്ത്രിമാര്‍ ചീഫ് ജസ്റ്റിസിനെ സന്ദര്‍ശിച്ചത്. ജഡ്ജിമാരെ നിയമിക്കുന്നതില്‍ കൊളീജിയം ശുപാര്‍ശ ചെയ്യുന്നതിനു മുമ്പ് ജഡ്ജിമാരുടെ പരിചയം പരിശോധിക്കുന്നതിനു വേണ്ടിയാണ് മന്ത്രിതല സമിതി നിര്‍ദേശിച്ചിരുന്നത്. ഈ നിര്‍ദേശം അസ്വീകാര്യമാണെന്ന് മന്ത്രിമാരെ അറിയിച്ചു.
അതേസമയം, ജഡ്ജിമാരുടെ നിയമനത്തില്‍ ഹൈക്കോടതി സെക്രട്ടേറിയറ്റിന്റെ പങ്കിനെ നിര്‍വചിക്കുന്ന കാര്യത്തില്‍ സമവായത്തിലെത്താന്‍ മന്ത്രിമാരുടെ സന്ദര്‍ശനത്തില്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക