|    Mar 25 Sat, 2017 3:31 am
FLASH NEWS

ജഡ്ജിമാരുടെ നിയമനം: ജുഡീഷ്യറിയെ തകര്‍ക്കരുത്; സര്‍ക്കാരിനെതിരേ സുപ്രിംകോടതി

Published : 13th August 2016 | Posted By: SMR

supremecourt

കെ  എ  സലിം

ന്യൂഡല്‍ഹി: ഹൈക്കോടതികളിലേക്ക് ജഡ്ജിമാരെ നിയമിക്കുന്നതു സംബന്ധിച്ച് കൊളീജിയം നല്‍കിയ ശുപാര്‍ശ ഇതുവരെ നടപ്പാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനത്തെ ഘട്ടംഘട്ടമായി തകര്‍ക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ഇടപെടേണ്ടിവരുമെന്നും കൊളീജിയം സമര്‍പ്പിച്ച ഫയലുകള്‍ വിളിച്ചുവരുത്തേണ്ട സാഹചര്യമുണ്ടാവുമെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്ഥലംമാറ്റത്തിനും നിയമനത്തിനുമായി കൊളീജിയം 71 പേരുടെ പട്ടിക നല്‍കിയെങ്കിലും സര്‍ക്കാര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. എന്തുകൊണ്ടാണ് ഇതെന്നറിയില്ല. എവിടെയാണ് ഈ ഫയല്‍ കുടുങ്ങിക്കിടക്കുന്നതെന്ന് ഇതുസംബന്ധിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെ സുപ്രിംകോടതി ചോദിച്ചു. എവിടെയാണ് അവിശ്വാസമുള്ളത്. ഈ സാഹചര്യം അംഗീകരിക്കാനാവില്ല. ഹൈക്കോടതികളിലെ ഒഴിവ് 43 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നാലു ദശലക്ഷം കേസുകള്‍ ഹൈക്കോടതികളില്‍ കെട്ടിക്കിടക്കുന്നു. ഈ സംവിധാനംതന്നെ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
ഇക്കാര്യം ഉന്നതതലത്തില്‍ ചര്‍ച്ചചെയ്തു കാര്യങ്ങള്‍ അറിയിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി മറുപടിനല്‍കിയെങ്കിലും ബെഞ്ച് തൃപ്തരായില്ല. ഇങ്ങനെ പോയാല്‍ ജുഡീഷ്യറിക്ക് ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടേണ്ടിവരും. ഫയലുകള്‍ വിളിച്ചുവരുത്തേണ്ടി വരും. കൊളീജിയം നല്‍കിയ ശുപാര്‍ശയുടെ വലിയൊരു പട്ടികതന്നെ തങ്ങളുടെ മുന്നിലുണ്ടെന്നു കോടതി അറ്റോര്‍ണി ജനറലിനോട് പറഞ്ഞു. അതിന്റെ പകര്‍പ്പ് താങ്കള്‍ക്കു തരാം. ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ നിയമനത്തിനായുള്ള ശുപാര്‍ശയുമുണ്ട് അതില്‍. ഇത്രകാലമായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല- ചീഫ് ജസ്റ്റിസ് പറഞ്ഞു. ജഡ്ജിമാരുടെ കുറവുകാരണം വിചാരണ പൂര്‍ത്തിയാവാന്‍ ആളുകള്‍ 13 വര്‍ഷമൊക്കെ ജയിലില്‍ കഴിയേണ്ട സാഹചര്യമാണ്. അവര്‍ ജീവിതകാലം ജയിലില്‍ അനുഭവിച്ചുതീര്‍ക്കുംവരെ നിങ്ങള്‍ കാത്തിരിക്കുമോ-കോടതി ചോദിച്ചു.
ഇതുസംബന്ധിച്ച വിവരങ്ങളറിയിക്കാന്‍ തനിക്ക് അല്‍പം സാവകാശം വേണമെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ മറുപടി. അത് അനുവദിച്ച കോടതി ഇക്കാര്യത്തില്‍ നോട്ടീസൊന്നും പുറപ്പെടുവിച്ചില്ല. ആവശ്യത്തിന് ജഡ്ജിമാരില്ലാത്തതിനാല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്നും ആളുകള്‍ക്കു നീതികിട്ടാന്‍ വൈകുന്നുവെന്നും ചൂണ്ടിക്കാട്ടി മുന്‍ സൈനികനാണ് കോടതിയെ സമീപിച്ചത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 26ന് സുപ്രിംകോടതി ജഡ്ജിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും പങ്കെടുത്ത ചടങ്ങില്‍, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മുമ്പില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ വിങ്ങിപ്പൊട്ടിയിരുന്നു. ആവശ്യത്തിന് ജഡ്ജിമാര്‍ ഇല്ലാത്തതിനാല്‍ കേസുകള്‍ കുന്നുകൂടുന്നുവെന്നും എല്ലാ ഭാരവും ജുഡീഷ്യറിക്കുമേല്‍ അടിച്ചേല്‍പ്പിക്കരുതെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ അഭ്യര്‍ഥന. കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കണമെങ്കില്‍ 70,000 ജഡ്ജിമാരെക്കൂടി കണ്ടെത്തേണ്ടിവരുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

(Visited 127 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക