|    Apr 29 Sat, 2017 4:54 pm
FLASH NEWS

ജഡ്ജിമാരുടെ നിയമനം: കൊളീജിയം ശുപാര്‍ശ ചെയ്ത പേരുകളില്‍ പകുതിയില്‍ അധികവും തിരിച്ചയച്ചു

Published : 12th November 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തെ ഒഴിവുള്ള ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനായി സുപ്രിംകോടതിയുടെ കൊളീജിയം ശുപാര്‍ശ ചെയ്ത പട്ടികയില്‍ നിന്ന് 43 പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിയാണ് 77 പേരുകള്‍ നിര്‍ദേശിച്ചിരുന്നത്. ഇവയില്‍ 43 പേരുടെ നിയമനം പുനപ്പരിശോധിക്കണമെന്നാണ് കേന്ദ്ര നിയമമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. പേരുകള്‍ തിരിച്ചയച്ചതിന് കാരണം വ്യക്തമാക്കിയിട്ടില്ല. പകരം ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ കരട് റിപോര്‍ട്ട് കൊളീജിയത്തിന് നല്‍കിയിട്ടുണ്ട്.  കൊളീജിയം ശുപാര്‍ശ ചെയ്ത 77 പേരില്‍ 34 പേരുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി സുപ്രിംകോടതിയില്‍ അറിയിച്ചു. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഒരു ഫയല്‍പോലും തീരുമാനമാവാതെ കേന്ദ്ര സര്‍ക്കാരിന്റെ മുമ്പില്‍ ഇല്ലെന്നും റോഹത്ഗി പറഞ്ഞു. ഈ മാസം 15ന് കൊളീജിയം യോഗം ചേരുന്നുണ്ടെന്നും ഇതു സംബന്ധിച്ച ഹരജിയില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഈ മാസം 18ലേക്ക് മാറ്റുകയാണെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അറിയിച്ചു. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ കരട് (എംഒപി) ആഗസ്ത് മൂന്നിന് കേന്ദ്രസര്‍ക്കാര്‍, സുപ്രിംകോടതിയുടെ കൊളീജിയത്തിന് അയച്ചിട്ടുണ്ടെന്നും അതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും റോഹത്ഗി കോടതിയെ അറിയിച്ചു.രാജ്യത്തെ വിവിധ ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതില്‍ സുപ്രിംകോടതി സര്‍ക്കാരിനെ നേരത്തേ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജഡ്ജിമാരെ നിയമിക്കുന്നില്ലെങ്കില്‍ കോടതികള്‍ അടച്ചുപൂട്ടുന്നതാണ് നല്ലതെന്നും സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു. രാജ്യത്തെ 24 ഹൈക്കോടതികളിലായി 450 ജഡ്ജിമാരുടെ ഒഴിവുകളാണുള്ളത്. രാജ്യത്തെ വിവിധ കീഴ്‌ക്കോടതികളിലായി 5,111 ജഡ്ജിമാരുടെ കുറവുണ്ടെന്നാണ് നിയമ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്ക്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day