|    Jan 20 Fri, 2017 7:24 am
FLASH NEWS

ജഡ്ജിമാരുടെ നിയമനം: കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് ചീഫ് ജസ്റ്റിസ്

Published : 17th August 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തിനെതിരേ ആഞ്ഞടിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം നിരാശാജനകമാണെന്ന് സുപ്രിംകോടതി പരിസരത്ത് സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പരിപാടിയില്‍ ചീഫ് ജസ്റ്റിസ് പരസ്യമായി തുറന്നടിച്ചു.
‘ജനകീയനും ദേശീയവാദി’യുമായ പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നീതിയെയും ജഡ്ജിമാരുടെ ഒഴിവു നികത്തുന്നതിനെയും കുറിച്ച് നിശ്ശബ്ദത പാലിച്ചുവെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
നമ്മുടെ വളരെ ജനകീയനും ദേശപ്രിയനുമായ പ്രധാനമന്ത്രിയുടെ ഒന്നരമണിക്കൂര്‍ നീണ്ട പ്രസംഗം നിങ്ങള്‍ കേട്ടുകാണും. കേന്ദ്ര നിയമമന്ത്രിയുടെ പ്രസംഗവും നാം കേട്ടു. ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്നതു സംബന്ധിച്ച് എന്തെങ്കിലും ഈ പ്രസംഗത്തില്‍ ഉണ്ടാവുമെന്ന് ഞാനും പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതുണ്ടായില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് സന്നിഹിതനായ സദസ്സിലാണ് ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിക്കും നിയമമന്ത്രിക്കുമെതിരേ തുറന്നടിച്ചത്.
രാജ്യത്തെ പൗരന്‍മാര്‍ക്ക് നീതി ലഭ്യമാക്കുന്നതിനെ കുറിച്ച്  കേന്ദ്ര സര്‍ക്കാര്‍ ചിന്തിക്കണമെന്ന ഒറ്റകാര്യം മാത്രമാണ് ഈ സാഹചര്യത്തില്‍ തനിക്ക് സര്‍ക്കാരിനോടു പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ സ്‌കൂളും ആശുപത്രികളും റോഡുകളും നിര്‍മിച്ചോളു, പക്ഷേ, നീതി കാത്തിരിക്കുന്ന ജനങ്ങളെക്കുറിച്ചും എന്തെങ്കിലും പറയണം.
എന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ ഞാന്‍ എത്തിയിരിക്കുന്നു. ഇനി ഇവിടെ നിന്ന് എവിടേക്കും പോവാനില്ലെന്നു തനിക്കറിയാം. അതുകൊണ്ട് എന്തെങ്കിലും പറയാന്‍ തനിക്ക് ഒരു മടിയുമില്ലെന്നും അതിനാലാണ് താന്‍ ഇപ്പോള്‍ കോടതിക്ക് അകത്തും പുറത്തും മയമില്ലാതെ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി 400 ജഡ്ജിമാരുടെ ഒഴിവുകളാണുള്ളത്. കഴിഞ്ഞ മെയ്മാസത്തില്‍ 75 ജഡ്ജിമാരുടെ പേരുകള്‍ നിയമനത്തിനായി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഇതുവരെയും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് സ്വതന്ത്ര്യദിനത്തില്‍ തന്നെ സര്‍ക്കാരിനെതിരേ ചീഫ് ജസ്റ്റിസ് പരസ്യമായി രംഗത്തെത്തിയത്.
ഇതിനിടെ, ചീഫ് ജസ്റ്റിസിന്റെ ആത്മധൈര്യവും ദൃഢവിശ്വാസവും നീതി സംബന്ധിച്ച ഉല്‍ക്കണ്ഠയും അഭിനന്ദനാര്‍ഹമാണെന്നും പ്രധാനമന്ത്രിയുടെ പ്രസംഗം നിരാശപ്പെടുത്തിയെന്നു തുറന്നുപറയാനുള്ള ധൈര്യം അദ്ദേഹം കാണിച്ചുവെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക