|    Feb 25 Sun, 2018 1:30 am
Home   >  National   >  

ജഡ്ജിമാരുടെ ഒഴിവ്: സുപ്രിംകോടതിയുടെ കാര്യക്ഷമതയെ ബാധിച്ചു

Published : 12th January 2017 | Posted By: mi.ptk

js-khehar

ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ ആവശ്യത്തിന്  ജഡ്ജിമാരെ നിയമിക്കാത്തതിനെതിരേ ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹാര്‍. ജഡ്ജിമാരുടെ ഒഴിവുകള്‍ കോടതിയുടെ കാര്യക്ഷമതയെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസില്‍ വാദംകേള്‍ക്കുന്നതിനിടെയാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. 31 ജഡ്ജിമാര്‍ വേണ്ടിടത്ത് 23 പേര്‍ മാത്രമാണ് ഇപ്പോള്‍ സുപ്രിംകോടതിയില്‍ ഉള്ളത്. എട്ടു ജഡ്ജിമാരുടെ ഒഴിവാണ് കോടതിയില്‍ നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജഡ്ജിമാരുടെ ഒഴിവ് കോടതിയുടെ കാര്യക്ഷമതയെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈയിടെ സ്ഥാനം ഒഴിഞ്ഞ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറും ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു. കഴിഞ്ഞ സ്വാതന്ത്ര്യദിന പരിപാടിയില്‍ അഭിഭാഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ജഡ്ജിമാരെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന വിമുഖതക്കെതിരേ ശക്തമായ ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പങ്കെടുത്ത വേദിയില്‍ ആയിരുന്നു ഠാക്കൂര്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയത്. ജനകീയനായ പ്രധാനമന്ത്രിയുടെ ഒന്നര മണിക്കൂര്‍ നീണ്ട സ്വാതന്ത്ര്യദിന പ്രഭാഷണം താന്‍ കേട്ടു. അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ ജഡ്ജിമാരുടെ നിയമനത്തെക്കുറിച്ച് എന്തെങ്കിലും പറയുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതുണ്ടായില്ലെന്നായിരുന്നു ഠാക്കൂര്‍ തന്റെ പ്രഭാഷണത്തില്‍ പറഞ്ഞിരുന്നത്.  മതിയായ അടിസ്ഥാന സൗകര്യം നല്‍കാനോ ഒഴിവുകള്‍ നികത്താനോയുള്ള യാതൊരു താല്‍പര്യവും കേന്ദ്ര സര്‍ക്കാരിനില്ലെന്നും ഹൈക്കോടതികളില്‍ 500 ജഡ്ജിമാരുടെ ഒഴിവുകളാണ് നികത്താതെ കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss